പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്; കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതവകുപ്പ് മന്ത്രി എം.എം.മണി

മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ?ചോദ്യം വൈദ്യുതവകുപ്പ് മന്ത്രി എം.എം.മണിയുടേതാണ്. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.എം.മണി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും സംയുക്തമായി സമരം ചെയ്തതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് മണി രംഗത്തെത്തിയിരിക്കുന്നത്. 'പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്'എന്ന തലക്കെട്ടിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;
#പുര കത്തുമ്പോള്‍ #മുല്ലപ്പള്ളിയുടെ വാഴവെട്ട്!
ഇന്ത്യയുടെ മത നിരപേക്ഷത തകര്‍ക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും ലക്ഷ്യം വച്ച് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ LDFഉം UDFഉം സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംഘടിപ്പിച്ച സമരം ദേശീയതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിഭേദമെന്യ എല്ലാവരില്‍ നിന്നും അംഗീകാരം നേടിയതുമായിരുന്നു. ഡല്‍ഹിയില്‍ സി.പി.എം. നേതാവ് സ:സീതാറാം യെച്ചൂരിയും, കോണ്‍ഗ്രസ് നേതാവ് ശ്രീമതി സോണിയാ ഗാന്ധിയും ഉള്‍പ്പെടെ വിവിധ കക്ഷിനേതാക്കളും ഒരുമിച്ച് സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ യോജിച്ചുള്ള സമരത്തെ സോണിയാ ഗാന്ധി ഉള്‍പ്പെടെ ദേശീയ തലത്തിലും, കേരളത്തിലും കോണ്‍ഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കന്‍മാരും അനുകൂലിക്കുകയാണ്. സ്വാഭാവികമായും ബി ജെപി നേതാക്കള്‍ എതിര്‍ക്കുയും ചെയ്യുന്നു.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപിയുടെ വഴിയേ ഇത്തരം സമരത്തെ എതിര്‍ക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ശബരിമല വിഷയത്തില്‍ ഇതേ മുല്ലപ്പള്ളി തന്നെയാണ് RSS മായി കൈകോര്‍ത്ത് സമരം ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്തതെന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ഇതെല്ലാം കാണുന്ന ജനങ്ങള്‍ ചോദിക്കുന്നുണ്ട്; മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ? എന്നും മുല്ലപ്പള്ളി ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിനെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തുറന്നെതിർത്ത് വിഡി സതീശൻ എംഎൽഎയും രംഗത്തെത്തി. ഡൽഹിയിൽ സോണിയാ ഗാന്ധിക്കും യെച്ചൂരിക്കും ഒരുമിച്ച് ഇരിക്കാമെങ്കിൽ കേരളത്തിലെ നേതാക്കൾക്കും അങ്ങനെയാകാമെന്ന് അദ്ദേഹം പറഞ്ഞു. സങ്കുചിത നിലപാടാണ് മുല്ലപ്പള്ളിയുടേതെന്ന് ആരോപിച്ച് സിപിഐഎമ്മും രംഗത്തെത്തി.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് സമരം ചെയ്തതിൽ തെറ്റില്ലെന്ന വി.ഡി സതീശന്റെ വാക്കുകൾ മുല്ലപ്പള്ളിക്കുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മറുപടിയായി. ഒന്നിച്ച് നിൽക്കേണ്ടി വന്നാൽ ഇനിയും നിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംയുക്ത സമരത്തിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും മുസ്ലീം ലീഗും എടുത്ത നിലപാടുകൾ ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, സിപിഐഎം മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയത്. ഇത്രയും ഗൗരവമായ സാഹചര്യത്തിലും മുല്ലപ്പള്ളി, സിപിഐഎം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിപ്പിക്കുകയാണെന്ന് സംസ്ഥാന സമിതി വാർത്താക്കുറിപ്പിൽ ആരോപിച്ചു. ശബരിമല പ്രശ്നത്തിൽ സുപ്രിംകോടതി വിധിക്കെതിരെ ആർഎസ്എസുമായി യോജിച്ച് കർമ സമിതിയിൽ പ്രവർത്തിക്കാൻ മുല്ലപ്പള്ളിക്ക് മടിയുണ്ടായിരുന്നില്ല. ഇന്ത്യയെ നിലനിർത്താനുള്ള വിശാല പോരാട്ടത്തിന് സിപിഐഎമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നു പറയുന്നത് എത്രമാത്രം സങ്കുചിതമാണെന്നും സംസ്ഥാന സമിതി വിലയിരുത്തി.
അടുത്തമാസം 26ന് നടക്കുന്ന മനുഷ്യചങ്ങലയിൽ യുഡിഎഫിന്റെ സഹകരണവും പ്രതീക്ഷിക്കുന്നതായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. സംയുക്ത സമരത്തിന്റെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസിന് നിലപാട് തിരുത്തേണ്ടിവരുമെന്ന് മന്ത്രി ഇ പി ജയരാജനും പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























