വീട്ടില്‍ കയറിയ കള്ളന്‍മാരെ വിദേശത്തിരുന്ന് കണ്ടു; കുടുക്കി!

വിദേശത്ത് ജോലിക്കാരനായ കോണാക്കില്‍ മുഹമ്മദ് അലിയാസിന്റെ, കോഴിക്കോട് കരുവന്‍തിരുത്തിയില്‍ പൊട്ടിച്ചിരി ബസ് സ്റ്റോപ്പിനു സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ മോഷണത്തിനിടെ തമിഴ്‌നാട് സ്വദേശി തിരുനെല്‍വേലി അച്ചംവെട്ടി നോര്‍ത്ത് സ്ട്രീറ്റില്‍ കാര്‍ത്തിക്(മുരുകന്‍29) അറസ്റ്റിലായി.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ രാത്രിയില്‍ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറികളിലെ അലമാരകള്‍ തുറന്നു സാധനങ്ങള്‍ വാരിവലിച്ചിട്ടു. 2 സിസിടിവി ക്യാമറകള്‍ തകര്‍ത്ത കള്ളന്‍മാര്‍ വീടിനു ചുറ്റുമുള്ള ലൈറ്റുകള്‍ അടിച്ചു പൊട്ടിച്ചു. വീട്ടിലെ സിസിടിവി ക്യാമറ വിദേശത്തുള്ള മുഹമ്മദ് അലിയാസിന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നു.
കള്ളന്‍മാര്‍ രാത്രിയില്‍ അകത്തു കയറിയ ദൃശ്യം അലിയാസിന്റെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ അയല്‍ക്കാരെയും നാട്ടിലെ സഹോദരന്മാരെയും അറിയിച്ചു. സഹോദരന്മാരും നാട്ടുകാരും എത്തി തിരച്ചില്‍ നടത്തുന്നതിനിടെ മോഷ്ടാക്കള്‍ ഇറങ്ങി ഓടി. പൊലീസ് എത്തി നടത്തിയ തിരച്ചിലിനിടെയാണ് മുരുകനെ പിടികൂടിയത്.
കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. വിരലടയാള വിദഗ്ധ എ.വി.ശ്രീജയ എത്തി തെളിവുകള്‍ ശേഖരിച്ചു. ഹെല്‍മറ്റ് ധരിച്ചു മുഖം മറച്ച് ബൈക്കിലാണ് മോഷ്ടാക്കള്‍ എത്തിയത്. മുഹമ്മദ് അലിയാസിന്റെ സഹോദരന്‍ കെ.അബ്ദുല്‍ റഷീദിന്റെ പരാതിയില്‍ കേസെടുത്തു.
https://www.facebook.com/Malayalivartha

























