ശബരിമല യാത്രക്കിടെ പര്‍ദയിട്ട ഉമ്മയുടെ മടിയിലുറങ്ങുന്ന ബാലിക; സോഷ്യൽ മീഡിയയിൽ തരംഗമായി ഫോട്ടോ

പര്‍ദയിട്ട ഒരു വനിതയും അവരുടെ മടിയില്‍ ഉറങ്ങുന്ന ശബരിമല തീര്‍ഥാടകയായ ഒരു ബാലികയുമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. പരശുറാം എക്‌സ്പ്രസില്‍ നിന്ന് ഒരു യാത്രക്കാരന്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത ഈ ചിത്രം ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തു. ഈ ട്രെയിന്‍ യാത്രയിലാണ് ശബരിമല തീര്‍ഥാടകയായ വേദ എന്ന കുഞ്ഞിനെ മടിയിലുറക്കിയത്. പിതാവ് സന്ദീപാണ് ചിത്രം മൊബൈലില്‍ പകര്‍ത്തിയത്. വേഷം പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേര്‍ത്തുവെക്കുന്നു എന്ന അടിക്കുറിപ്പോടെ സന്ദീപ് ഗോവിന്ദ് ഫെയ്‌സ്ബുക്കിലുമിട്ടു. ഈ ചിത്രം വാട്‌സ്‌ആപ് ഗ്രൂപ്പുകളിലും വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു. വിടി ബല്‍റാം എംഎല്‍എയും നിരവധി സെലിബ്രിറ്റികളും ഇത് പങ്കുവെച്ചു.
ദുബൈയില്‍ താമസിക്കുന്ന ചെമ്മനാട് സ്വദേശിനി തബ്ഷി ആയിരുന്നു ആ പര്‍ദക്കാരി ഉമ്മ . എന്നാല്‍ ഫോട്ടോ പകര്‍ത്തിയത് തബ്‌സി അറിഞ്ഞിരുന്നില്ല. ഫെയ്‌സ്ബുക്കില്‍ ഫോട്ടോ തിരിച്ചറിഞ്ഞ് വിളിക്കുമ്ബോഴായിരുന്നു സംഭവം തബ്‌സിയും കുടുംബാംഗങ്ങളുമെല്ലാം അറിയുന്നത്.
ആ ചിത്രം നല്‍കുന്ന സന്ദേശവും അതു പകരുന്ന പ്രതീക്ഷയും വിവരണങ്ങള്‍ക്കതീതമാണ്. ജാതിയും മതവും ദേശവും തിരക്കാതെ ഒരേ പാത്രത്തില്‍ ഉണ്ണുകയും സന്തോഷവും സങ്കടവും പങ്കുവെക്കുകയും ചെയ്യുന്ന നമുക്ക് ഇതൊരു പുതുമയോ പ്രത്യേകതയോ അല്ല. പക്ഷേ, വേഷത്തിന്റെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഈ ചിത്രം ഒരുപാട് മുറിവുകളുണക്കാന്‍ പ്രാപ്തമാകുമെന്നാണ് തബ്‌സിയുടെയും കുടുംബത്തിന്റെയും നിലപാട്. എസ്‌ജെ ലൂയിസ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സില്‍ സീനിയര്‍ എന്‍ജിനീയറായ തബ്ഷി മകന്‍ അബാനെയും കൂട്ടി കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് പോയത്. കോട്ടയം മാന്നാനത്ത് പഠിക്കുന്ന മക്കളുടെ അടുത്തേക്ക് പോകുകയായിരുന്നു തബ്ഷി.
https://www.facebook.com/Malayalivartha

























