പ്രായപൂര്‍ത്തി ആകാത്ത മകനെ ലഹരിമരുന്നിന് അടിമയാക്കി യവരെ പിടികൂടണമെന്ന പിതാവിന്റെ പരാതിയില്‍ ലഹരിമാഫിയ കുടുങ്ങി

വടുതലയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായി മദ്യവും ലഹരി മരുന്നുകളും നല്‍കിവന്ന ഏയ്ഞ്ചല്‍ കോട്ടജില്‍ അലന്‍ ഫ്രാങ്ക്ളിന്‍ (22), കൊല്ലം വേലിയാത്ത് ഡെറിന് പീറ്റര്‍ (18), കുറുവന്തറ അതുല്‍ അജു (19) എന്നിവര്‍ പൊലീസ് പിടിയിലായി.
ലഹരി മാഫിയയുടെ വലയില്‍പെട്ട വടുതല സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ കൃത്യമായ ഇടപെടലും അവര്‍ പൊലീസിന് വിവരം കൈമാറിയതും കുറ്റവാളികളെ കണ്ടെത്തുന്നതിനും മകനും കൂട്ടുകാര്‍ക്കും ബോധവല്‍ക്കരണവും കൗണ്‍സിലിങും നല്‍കുന്നതിനും സാഹചര്യമൊരുക്കി.
പഠനത്തില്‍ മികവ് കാട്ടിയിരുന്ന കുട്ടി കുറച്ചു ദിവസങ്ങളായി പഠനത്തില്‍ വളരെ മോശമാണ്. വീട്ടില്‍ വൈകി എത്തുന്നതും പതിവായി. ചോദിച്ചാല്‍ അടുത്ത കൂട്ടുകാരുടെ ബര്‍ത്ത് ഡേ പോലുള്ള കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. സഹായത്തിന് മറ്റ് സഹപാഠികളും. ചില ദിവസങ്ങള്‍ മദ്യപിച്ചാണ് എത്തുന്നതെന്നു മനസിലാക്കിയതോടെ മാതാപിതാക്കള്‍ അപകടം മണത്തു.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി 11 മണി കഴിഞ്ഞിട്ടും മകന്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചത്. ചോദിച്ചപ്പോള്‍ കൂട്ടുകാരന്റെ ബര്‍ത്ത് ഡേയാണെന്ന പതിവ് മറുപടി.
മകന്‍ ഇത് പറഞ്ഞിട്ട് ഫോണ്‍ വച്ചെങ്കിലും കട്ട് ചെയ്യാന്‍ മറന്നുപോയതാണ് വഴിത്തിരിവായത്. ഫോണിലൂടെ കുറേപ്പേരുടെ ശബ്ദം കേട്ട അമ്മയ്ക്ക് സംശയം തോന്നി. ഇതോടെ അമ്മ ഫോണ്‍ അച്ഛന് കൈമാറി. ശ്രദ്ധിച്ചപ്പോള്‍ മകന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ലഹരി മരുന്ന് ഉപയോഗിക്കുകയാണ് എന്ന് മനസ്സിലാക്കി. ഫോണ്‍ കട്ട് ചെയ്ത ശേഷം ആ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മകന്‍ തിരികെയെത്തുന്നതു വരെ കാത്തിരുന്നു. പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഒന്നും അറിയാത്തതു പോലെ മുറിയില്‍ കയറ്റി കിടത്തുകയും ചെയ്തു.
ഒരു മണിക്കൂറിനു ശേഷം കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്കിന്റെ പുറത്ത് ചുരുണ്ടു കൂടി കിടക്കുന്നതാണ് കണ്ടത്. ഇതോടെ അവനെ കൗണ്‍സിലിങ്ങിന് വിധേയനാക്കാന്‍ തീരുമാനിച്ചു. ചോദിച്ചപ്പോള്‍ അവന്‍ സത്യം തുറന്നു പറഞ്ഞു. മൂന്നു പേര്‍ ചേര്‍ന്ന് മയക്കു മരുന്നും മദ്യവും മറ്റും നല്‍കിയത് അറിഞ്ഞു. ഇതോടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പ്രായപൂര്‍ത്തിയാകാത്ത മകന് ലഹരി മരുന്നും മദ്യവും നല്‍കിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ആവശ്യം. എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സിബി ടോമും സംഘവും അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡ് ചെയ്തു. വടുതല പച്ചാളം ഭാഗത്ത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഹരി മരുന്നു പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























