ഇത്രയ്ക്ക് വേണ്ടിയിരുന്നോ... സംസ്ഥാനത്തെ പരമോന്നതാധിപനായ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയുന്നത് ചരിത്രത്തിലാദ്യം; മുഖ്യമന്ത്രി പദത്തിനായി കുപ്പായം തച്ചുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തല അതികായനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കരുത്ത് അറിയാനിരിക്കുന്നേയുള്ളൂ

ഒരു കല്യാണത്തിന് വിളിച്ച ശേഷം പിന്നീട് ഉറപ്പായും വരരുതെന്ന് പരസ്യമായി പറഞ്ഞാല്‍ അതില്‍പരം ഒരു അപമാനം വേറെയുണ്ടോ. ഇത് വ്യക്തിയുടെ കാര്യം. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രഥമ പൗരനായ ഒരാളോടാണിത് പറയുകയെന്നു വച്ചാലോ. അത് സംസ്ഥാനത്തിനോട് തന്നെ ചെയ്യുന്ന അപമാനമാണ്. അത്തരത്തിലുള്ള ഒരു കാര്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൂടി ചെയ്തത്. അതും എല്ലാവരും സ്‌നേഹിക്കുന്ന ലീഡര്‍ കെ. കരുണാകരന്റെ പേരില്‍.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്റെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നാണ് ഇവര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കിയത്. ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫിസ് അറിയിച്ചെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തെ അനുകൂലിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തോടെയാണ് ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞത്. ഇതിനിടെയാണ് നേരത്തെ നിശ്ചയിച്ച കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ ഗവര്‍ണര്‍ ഉദ്ഘാടകനാകുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം കെ. മുരളീധരന്‍ തുറന്നു പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കോണ്‍ഗ്രസ് ഒഴിവാക്കാന്‍ ആലോചിക്കുന്നതും ചെന്നിത്തലയുടെ ഓഫീസ് ഇടപെടുന്നതും. ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ചെന്നിത്തലയ്ക്ക് വേണ്ടിയാണ് പങ്കെടുക്കരുതെന്ന് പറഞ്ഞ് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.
ന്യൂനപക്ഷക്കാരനായ ഗവര്‍ണറോട് ചെന്നിത്തലയും കൂട്ടരും ഇങ്ങനെ കാട്ടിയതിന് വലിയ വില കൊടുക്കേണ്ടി വരും. എല്ലാ കാര്യത്തിലും അഗാധമായ അറിവുള്ള ആരിഫ് മുഹമ്മദ് ഖാന്‍ പൊതുവേദിയില്‍ തുറന്ന് പറയുന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത കടുക്കുകയാണ്. പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ സംഘി അജന്‍ഡ നടപ്പാക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി തുറന്നടിച്ചു. അദ്ദേഹം ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കുകയാണെന്നും ഗവര്‍ണറെ ബഹിഷ്‌കരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും കെ. കരുണാകരന്‍ അനുസ്മരണച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. കോണ്‍ഗ്രസിന് വിമര്‍ശിക്കാം. അവരുടെ അഭിപ്രായം മാറ്റണമെന്ന് പറയാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ വി.പി. സിങ് , അരുണ്‍നെഹ്‌റു, എന്നിവരോടൊപ്പം വിമതശബ്ദം ഉയര്‍ത്തിയവരില്‍ ഒരാളായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. ആ ആരിഫ് മുഹമ്മദ് ഖാനോടാണ് ചെന്നിത്തലയുടേയും കെ. മുരളീധരന്റേയും കളി.
ഒരു ഗവര്‍ണറുടെ അധികാരമെന്തെന്ന് കര്‍ണാടകയിലേയും മഹാരാഷ്ട്രയിലേയും ഗവര്‍ണര്‍മാര്‍ കാണിച്ച് തന്നതാണ്. ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിട്ടും ശിവസേനക്കാരെ വെള്ളം കുടുപ്പിച്ചല്ലേ ഗവര്‍ണര്‍ രായ്ക്ക് രാമാനം രാഷ്ട്രപതി ഭരണം കൊണ്ടുവന്നത്. കര്‍ണാടകയിലെ യദ്യൂരപ്പയെ എങ്ങനെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയെന്നും നമുക്കറിയാം. ആരിഫ് മുഹമ്മദ് ഖാന്‍ വെറുമൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്ന് കാണിക്കുന്നതാണ് ഈ തുറന്ന് പറച്ചില്‍. ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ മുന്‍ ഗവര്‍ണര്‍ പി. സദാശിവം കേന്ദ്ര സര്‍ക്കാരിനായി ഒന്നും ചെയ്യാതിരിക്കേയാണ് സര്‍ക്കാരിന്റെ ശബ്ദമായി ആരിഫ് മുഹമ്മദ് ഖാന്‍ മാറുന്നത്. അതിനാല്‍ തന്നെ ആരിഫ് മുഹമ്മദ് ഖാനെ വേദനിപ്പിച്ച് ഇറക്കി വിട്ടതില്‍ അമിത്ഷായ്ക്കും അമര്‍ഷമുണ്ട്. മുഖ്യമന്ത്രി കുപ്പായം തുന്നുന്ന ചെന്നിത്തല ഗവര്‍ണറെ നോവിച്ച് അപമാനിച്ച് ഇറക്കി വിട്ടതില്‍ ഒരു തിരിച്ചടി ഉണ്ടാകുക തന്നെ ചെയ്യും. സൂക്ഷിച്ചോ.
https://www.facebook.com/Malayalivartha

























