കൊറോണയെ നേരിടാൻ കേരളം സ്വീകരിച്ച നടപടികളിൽ കേന്ദ്രമന്ത്രി മതിപ്പ് രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി; ഇനി മുതൽ ഓരോ ദിവസവും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകും

ലോകമൊട്ടാകെ അതിരൂക്ഷമാകുന്ന കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിൽ കേരളം മികച്ച ഇടപെടലാണ് നടത്തിയതെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കൊവിഡ് സാഹചര്യങ്ങൾ അവലോകനം ചെയ്ത ശേഷം വൈകിട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ സംസ്ഥാന സർക്കാരിനെ ബന്ധപ്പെടുകയായിരുന്നു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിശദമായി അദ്ദേഹം ആരാഞ്ഞു. ഇനി മുതൽ ഓരോ ദിവസവും കേരളം നടത്തുന്ന പ്രതിരോധ ഇടപെടലുകളെ കുറിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നമ്മുടെ കാര്യങ്ങൾ കേന്ദ്രം അന്വേഷിക്കുന്നത് നല്ല കാര്യമാണ്. കേന്ദ്രത്തിൽ നിന്ന് പല സഹായവും നമുക്ക് കിട്ടേണ്ടതായിട്ടുണ്ട്. കേന്ദ്രമന്ത്രി നമ്മുടെ പ്രവർത്തനങ്ങളിൽ സംതൃപ്തിയും മതിപ്പും രേഖപ്പെടുത്തി. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതായി ഒരു അഭിപ്രായം അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്ന് പല സഹായവും കേരളത്തിന് ലഭ്യമാകേണ്ടതുണ്ട്. അത് കേന്ദ്രമന്ത്രിയോട് ചോദിച്ചിട്ടുണ്ട്," മുഖ്യമന്ത്രി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha