2 കാട്ടുപോത്തുകള്‍ കിണറില്‍ വീണു, നിര്‍ത്താതെ കരഞ്ഞുകൊണ്ടു 2 കാട്ടുപോത്തുകള്‍ കരയില്‍!

വയനാട്, മക്കിയാടില്‍ കിണറില്‍ വീണ കാട്ടുപോത്തുകളെ കാത്ത് കരയില്‍ കരഞ്ഞുകൊണ്ടുനിന്ന മറ്റു 2 കാട്ടുപോത്തുകള്‍ നാടിന്റെ നൊമ്പരമായി. തൊണ്ടര്‍നാട് പഞ്ചായത്തിലെ അതിര്‍ത്തി വനമായ പാമ്പാളയ്ക്കടുത്ത് കൂടാരംകുന്ന് അരിമല വീട്ടില്‍ ഗോപാലന്റെ വീട്ടുമുറ്റത്തുള്ള ആള്‍മറ കെട്ടാത്ത കിണറ്റിലാണു രണ്ടു കാട്ടുപോത്തുകള്‍ വീണത്.
കിണറില്‍ വീണ കാട്ടുപോത്തുകളെ നോക്കി കരഞ്ഞുകൊണ്ടു കിണറിന്റെ കരയില്‍ നിന്ന 2 വലിയ കാട്ടുപോത്തുകളെ കണ്ടത്, വിവരമറിഞ്ഞെത്തിയ വനപാലകരാണ്. ഇവയുടെ ദയനീയ കരച്ചില്‍ കാഴ്ചക്കാരുടെയും വനപാലകരുടെയും മനസ്സില്‍ നൊമ്പരമായി. ഈ ആണ്‍കാട്ടുപോത്തിനെയും പെണ്‍കാട്ടുപോത്തിനെയും ഏറെ പണിപെട്ട് കാട്ടിലേക്ക് ഓടിച്ചുവിട്ടശേഷമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വനമേഖലയോടു ചേര്‍ന്ന സ്ഥലമായ ഇവിടെ സ്ഥിരമായി വന്യജീവികളുടെ കരച്ചില്‍ കേള്‍ക്കാറുള്ളതിനാല്‍ ആദ്യം കരച്ചില്‍ കേട്ടപ്പോള്‍ വീട്ടുകാര്‍ ഗൗനിച്ചില്ല. തുടര്‍ച്ചയായി കരച്ചില്‍ കേട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കാട്ടുപോത്തുകളെ കിണറ്റില്‍ കണ്ടത്. ഏറെക്കാലമായി കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. ആള്‍മറയില്ലാത്തതിനാല്‍ കാട്ടുപോത്തുകള്‍ അബദ്ധത്തില്‍ വീണതാകാമെന്നു വനപാലകര്‍ പറയുന്നു. ഞായറാഴ്ച വൈകിട്ടാണ് കാട്ടുപോത്തുകള്‍ കിണറില്‍ വീണിട്ടുണ്ടാവുകയെന്നാണു നിഗമനം.
വീഴ്ചയ്ക്കിടയില്‍ ഒരു കാട്ടുപോത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കിണറ്റില്‍ വീണ് കിടന്നിരുന്ന വലിയ പെണ്‍കാട്ടുപോത്തിന്റെ കരച്ചില്‍ കേട്ട വീട്ടുടമ വീട്ടുപരിസരത്ത് നിന്നും വന്യമൃഗത്തിന്റെ കരച്ചില്‍ തുടര്‍ച്ചയായി കേള്‍ക്കുന്നുവെന്ന് ഭീതിയോടെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. ഡപ്യൂട്ടി റേഞ്ചര്‍ സി.വിജിത്ത്, ഫോറസ്റ്റര്‍ എ. കാസ്‌ട്രോ, ബീറ്റ് ഫോറസ്റ്റര്‍മാരായ കെ. പ്രജീഷ്, വി. അനീഷ് ബാബു, കെ.ബാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി കരച്ചില്‍ കേട്ട സ്ഥലം പരിശോധിച്ചാണ് കിണറ്റിനടുത്ത് വന്ന് നോക്കിയത്.
കിണറിനുള്ളില്‍ ജീവനോടെ കണ്ടെത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചശേഷം, മാനന്തവാടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ വെള്ളത്തില്‍ മുങ്ങിച്ചത്ത രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിയെ ആദ്യം കരയ്‌ക്കെടുത്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും വനപാലകരും ചേര്‍ന്ന്, ജീവനുള്ള കാട്ടുപോത്തിനെ വയനാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ കരയ്ക്ക് കയറ്റി വീണ്ടും പിക്കപ്പ് ലോറിയില്‍ തോല്‍പെട്ടി ഉള്‍വനത്തിലേക്കയച്ചു.
ഡിഎഫ്ഒ രമേഷ് വിഷ്ണയ്, മാനന്തവാടി റെയ്ഞ്ച് ഓഫിസര്‍ കെ.വി. ബിജു, ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ വി. രതീശന്‍, തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. കെ.വി. മഹേഷ്, എച്ച്.സി. ചന്ദ്രകുമാര്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം കൊടുത്തു.
https://www.facebook.com/Malayalivartha

























