പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും. തത്കാലം പിടിച്ചുനിൽക്കുമെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി . സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു. എന്നാൽ സുപ്രീം കോടതിയിലെത്തി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുള്ള നിയമസാധ്യതയാണ് പിണറായി തേടുന്നത്. എന്നാൽ ഇത്തരം ഒരു നീക്കത്തിന് പിണറായിക്ക് ഒപ്പം നിൽക്കാൻ സി പി എം നേതാക്കൾ തയ്യാറല്ല. രാജിവയ്ക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും രാജിവയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായം സി പി എം സംസ്ഥാന- ദേശീയ നേതാക്കളിൽ നിന്നുണ്ടായതാണ് കാരണം. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തമ്മിൽ നടന്ന ആശയവിനിമയത്തിൽ പിണറായി രാജിവയ്ക്കണമെന്ന അഭിപ്രായമാണ് ബേബി പങ്കുവച്ചതെന്നറിയുന്നു.
ഇതോടെയാണ് രാജി സന്നദ്ധത പിണറായി അറിയിച്ചത്. തനിക്കെതിരെ സതീശൻ സർക്കാർ കേസെടുക്കില്ലെന്ന് ഉത്തമ വിശ്വാസമാണ് മുൻ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത് . ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇത്തരത്തിൽ ഒരു സൂചനയാണ് പിണറായിക്ക് നൽകിയിരുന്നത് . കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടപ്പോൾ അതിന് കേരള സർക്കാർ തയ്യാറായില്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച കേരള സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയത് അപ്രതീക്ഷിതമായിട്ടാണ്. ഷോൺ ജോർജിന്റെ ഹർജി ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ എത്തിയപ്പോൾ തനിക്ക് അപകടം സംഭവിക്കുമെന്ന് പിണറായിക്ക് ഒരു ധാരണ ഉണ്ടായിരുന്നു. എന്നാൽ വിശ്വസ്തരായ അവിഭാഷകനും സിപിഎം നേതാക്കളും ഒന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് പിണറായിയെ ധരിപ്പിച്ചു.
ഇതാണ് യഥാർത്ഥത്തിൽ പിണറായിയെ പ്രതിസന്ധിയിലാക്കിയത്എക്‌സാലോജിക് - സിഎംആർഎൽ മാസപ്പടി കേസിൽ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാൻ പിണറായിയും ഇന്ത്യ മുന്നണിയിലെ ചില പ്രമുഖ നേതാക്കളും കേരള സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യത്തിൽ കർശനമായ നിലപാടാണ് സ്വീകരിച്ചത്. തത്കാലം കോടതിവിധി അനുസരിച്ച് എന്നായിരുന്നു താനുമായി ബന്ധപ്പെട്ട ദേശീയ നേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോഴും ആഭ്യന്തര മന്ത്രിക്ക് മറ്റൊരു അഭിപ്രായമാണ് ഉണ്ടായിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സർക്കാർ വീണ്ടും പ്രതിസന്ധിയിൽ ആകുമായിരുന്നു. സർക്കാർ പ്രതിപക്ഷപ്രീണനം നടത്തുകയാണെന്ന ആക്ഷേപം ഇപ്പോൾ തന്നെ നിലവിലുണ്ട്.
കൈക്കൂലി, ഹവാല കേസുകൾ വരിഞ്ഞുമുറുക്കുമെന്ന് സി.പി.എം. പ്രതീക്ഷിച്ചതാണെങ്കിലും ഹൈക്കോടതി ഇടപെടൽ അപ്രതീക്ഷിതം. ഇ.ഡി.യുടെ കത്ത് ലഭിച്ചതിനുശേഷം സർക്കാർനടപടി മുൻനിർത്തിയാണ് സി.പി.എം. നിയമപോരാട്ടത്തിനുള്ള പ്ലാൻ തയ്യാറാക്കിയത്. ഹൈക്കോടതി എഫ്.ഐ.ആർ. ഇടാൻ ഉത്തരവിട്ടതോടെ അതപ്പാടെ തെറ്റി.ഇ.ഡി. കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. ഇട്ട് വിജിലൻസ് അന്വേഷണമെന്നതായിരുന്നു സർക്കാരിന്റെ ആദ്യവഴി. അത് തിരഞ്ഞെടുത്താൽ ഇ.ഡി. പറഞ്ഞത് നടപ്പാക്കി എന്നാകുമായിരുന്നു ആരോപണം. അതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് എഫ്.ഐ.ആർ. ഇടാതെ പ്രത്യേകസംഘത്തിന്റെ അന്വേഷണമെന്ന ‘പ്ലാൻ ബി’ നടപ്പാക്കിയത്.എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും വിജിലൻസിന് കേസ് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടതോടെ കേസിന്റെ രാഷ്ട്രീയപാപഭാരത്തിൽനിന്ന് സർക്കാർ മോചിതരായി.
ഇ.ഡി. കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്താൽ, റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനായിരുന്നു സി.പി.എം. തീരുമാനം. സി.എം.ആർ.എൽ. കമ്പനിയുടെ 162 കോടിരൂപയുടെ പണമിടപാട് സംശയകരമാണെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ മൂന്നുകോടിയെക്കുറിച്ചുമാത്രമാണ് അന്വേഷണമെന്നും കോടതിയിൽ ചൂണ്ടിക്കാണിക്കാനായിരുന്നു നിയമോപദേശം. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാം സി.എം.ആർ.എലിൽനിന്ന് പണം കൈപ്പറ്റിയതായി സമ്മതിച്ചത് കോടതിയെ അറിയിച്ചാൽ, ഇതിലേക്കും അന്വേഷണമെത്തിക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ.ഇപ്പോൾ ഹൈക്കോടതിയാണ് എഫ്.ഐ.ആർ. ഇടാൻ നിർദേശിച്ചിട്ടുള്ളത്. ആരോപണവും കേസും രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ. ഇടുന്നതിനെതിരേ കോടതിയെ സമീപിച്ചാലും ഇപ്പോൾ കേസ് പരിഗണിച്ച അതേ ബെഞ്ചിൽത്തന്നെയാണ് പോകാനാകുക.
വിധിക്കെതിരേ സർക്കാർ അപ്പീൽ പോകണമെന്നതാണ് സി.പി.എമ്മിന്റെ ആവശ്യം. അത് സർക്കാർ സ്വീകരിക്കില്ലെന്നുറപ്പ്. ഇ.ഡി.യും സർക്കാരും പാർട്ടിയെ തകർക്കാൻ ഒത്തുകളിക്കുന്നെന്ന രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്തുക എന്നതായിരിക്കും ഇനി സി.പി.എം. സ്വീകരിക്കുന്ന മാർഗം.വിജിലൻസ് കേസെടുക്കും. ഒരു കാലതാമസവും കൂടാതെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർക്കു കോടതി നിർദേശം നൽകിയിരിക്കുന്നത്.ഹൈക്കോടതി ഉത്തരവ് അനുസരിക്കാൻ വിജിലൻസിന് ബാധ്യത ഉണ്ടെന്ന അഭിപ്രായമാണ് വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചത് . മുമ്പ് കശുവണ്ടി വികസന കോർപ്പറേഷൻ എം ഡി രതീഷിനും ചെയർമാൻ ചന്ദ്രശേഖരനുമെതിരെ പ്രോസിക്യൂഷൻ അനുമതി നൽകാത്തതിന്റെ പേരിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ജസ്റ്റിസ് ബദറുദിന്റെ
ബഞ്ചിൽ നിന്നും വിയർത്ത കാര്യം വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിക്ക് സംഗതിയുടെ ഗൗരവം മനസ്സിലായി. എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സർക്കാർ പറഞ്ഞാലും വിജിലൻസിന് അനുസരിക്കേണ്ട യാതൊരു ധാർമിക ബാധ്യതയും വിജിലൻസിന് ഇല്ല എന്ന് സത്യം. വിജിലൻസ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. അവർക്ക് ഹൈക്കോടതി വിധിയാണ് പ്രധാനം. വിശദമായ വിധി പരിശോധിച്ചതിൽനിന്നും, അപ്പീലുമായി പോയാൽ കോടതിയിൽനിന്നു വീണ്ടും തിരിച്ചടി നേരിടേണ്ടിവരുമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. പ്രതിപക്ഷനേതാവിനെ രക്ഷിക്കാനുള്ള രാഷ്ട്രീയ ഒത്തുകളിയാണെന്ന ആരോപണവും ഉയരും. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കേസെടുത്ത് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
നിലവിൽ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച എസ്‌ഐടി ഹൈക്കോടതി റദ്ദാക്കുകയും അഴിമതിക്കേസ് അന്വേഷിക്കേണ്ടത് വിജിലൻസ് ആണെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) 66(2) വകുപ്പു പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ 25 പേജുള്ള കത്തിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും ഇ.ഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തി, എഫ്‌ഐആർ റജിസ്റ്റർ ചെയ്യേണ്ടതിന്റെ നിയമപരമായ ആവശ്യകത എന്താണെന്നു വിശദീകരിച്ചാണ് ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കൊടുത്ത കത്തിലെ വിവരങ്ങൾ ഇതുവരെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കു മാത്രമാണു പ്രാപ്യമായിരുന്നത്. എന്നാൽ സിഎംആർഎലും എക്‌സാലോജിക്കും വീണാ വിജയനും തമ്മിലുള്ള പണമിപാടുകളുടെ പൂർണ വിവരങ്ങൾ ഉത്തരവിന്റെ ഭാഗമായതോടെ ഇക്കാര്യങ്ങൾ എല്ലാം പര്യസമായിരിക്കുകയാണ്. 2017 മാർച്ച് 4 ന് വീണയ്ക്ക് 9 ലക്ഷം രൂപ സിഎംആർഎൽ നൽകിയെന്ന ഇ.ഡിയുടെ കണ്ടെത്തൽ ഉത്തരവിലുണ്ട്. തുടർന്ന് നവംബർ വരെ എല്ലാ മാസവും നാലര ലക്ഷമാണു നൽകിയിരിക്കുന്നത്. ഇതിനിടയിൽ മിക്ക മാസങ്ങളിലും 10.80 ലക്ഷവും 16.20 ലക്ഷവും 5.40 ലക്ഷവും നൽകിയിട്ടുണ്ട്. 2020 ജൂൺവരെയാണ് വീണയ്ക്കു പണം നൽകിയത്. ഇതിനിയിൽ എക്‌സാലോജിക് കമ്പനിക്കും 3.24 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്.
ഇതിനു പുറമേ സിഎംആർഎല്ലിന്റെ ഭാഗമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്ന കമ്പനിയിൽനിന്ന് എക്‌സാലോജിക്കിനു രണ്ടു തവണ 25 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ആകെ. 3.28 കോടിയുടെ ഇടപാടുകളാണിത്. ഇതിനു പുറമേ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും ഹവാല വഴി പണം വിദേശത്തേക്ക് അയച്ചതിന്റെ വിവരങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ.ഡി. നൽകിയ ഈ വിവരങ്ങൾ എല്ലാം പരിശോധിക്കുമ്പോൾ കുറ്റാരോപിതർ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്ന് അനുമാനിക്കാനുള്ള പ്രാഥമിക വിവരങ്ങൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.സാധാരണ നിലയിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഇ.ഡി. നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ കാലതാമസിമില്ലാതെ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്. ഡിജിപിയും ഇ.ഡിയും ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ തന്നെ വിജിലൻസ് ഡയറക്ടർക്കു കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമാണ് മുഖ്യമന്ത്രിമാരായിരുന്ന നേതാക്കൾക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസടുത്തിട്ടുള്ളത്. പാമോയിൽ ഇറക്കുമതി കേസിൽ 2003ൽ മുൻമുഖ്യമന്ത്രി കെ.കരുണാകരനെതിരെ കേസെടുത്തിരുന്നു.സിഎംആർഎൽ–എക്സാലോജിക് പണമിടപാടിൽ പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത് വന്നു.. എഫ്ഐആർ റജിസ്റ്റർ ചെയ്യുക മാത്രമല്ല, വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്താൻ ഡിജിപി പ്രത്യേകാന്വേഷണ സംഘത്തെ രൂപീകരിച്ചതും നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഡിജിപിയുടെ ഈ ഉത്തരവും ജസ്റ്റിസ് എ.ബദറുദീൻ റദ്ദാക്കി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറോട് ഇ.ഡി സെക്‌ഷൻ 66(2) പ്രകാരം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം ബന്ധപ്പെട്ടവർക്കെതിരെ ഉടൻ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. എഫ്ഐആർ റജിസ്റ്റർ ചെയ്തശേഷം വിജിലൻസിലെ പ്രാപ്തരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തി കാലതാമസമില്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും പുറത്തു വന്ന 69 പേജുള്ള ഉത്തരവിൽ പറയുന്നു.ഇ.ഡി നൽകിയ വിവരങ്ങൾ കൈവശമുള്ള ഉദ്യോഗസ്ഥർ അത് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. അന്വേഷണത്തിന് ആവശ്യമായ അധിക രേഖകൾ കൈമാറാൻ ഇ.ഡിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സിഎംആർഎൽ, എക്സാലോജിക് സൊല്യൂഷൻസ് കമ്പനികളുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് തട്ടിപ്പിലും കൈക്കൂലി ഇടപാടുകളിലും
ഇ.ഡി അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഉത്തരവിടണം എന്നതായിരുന്നു അഡ്വ. കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം. എഫ്ഐആർ ഇടുന്നതിനു പകരം പ്രാഥമിക അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച ഉത്തരവിനെ ഹർജിക്കാരൻ ചോദ്യം ചെയ്യുകയായിരുന്നു.പിഎംഎൽഎ ആക്ടിലെ സെക്‌ഷൻ 66(2) പ്രകാരം, ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾക്ക് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസിനു വിവരങ്ങൾ കൈമാറുമ്പോൾ, എഫ്ഐആർ നേരിട്ട് റജിസ്റ്റർ ചെയ്യുകയല്ലാതെ പ്രാഥമിക അന്വേഷണം നടത്താൻ സംസ്ഥാന പൊലീസിന് അധികാരമുണ്ടോയെന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്.
ഇ.ഡി നൽകിയ സമഗ്രമായ വിവരങ്ങളും (25 പേജുള്ള റിപ്പോർട്ട്), തെളിവുകളും മൊഴികളും പ്രഥമദൃഷ്ട്യാ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം വ്യക്തമാക്കുന്നതാണെന്നും അതിനാൽ നേരിട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും ഹർജിക്കാരനും ഇ.ഡിയും വാദിച്ചു. മാത്രമല്ല, പൊലീസ് മേധാവി പ്രാഥമിക അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ച ഉത്തരവ് കേരള പൊലീസ് ആക്ട് സെക്‌ഷൻ 21(1) പ്രകാരം സർക്കാരിന്റെ അനുമതിയില്ലാത്തതും നിയമവിരുദ്ധവുമാണ്. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് പ്രാഥമിക അന്വേഷണത്തിലൂടെ നടക്കുന്നതെന്നും ഹർജിക്കാരൻ ആരോപിച്ചു.എന്നാൽ ഇ.ഡി വിവരങ്ങൾ കൈമാറിയതുകൊണ്ടു മാത്രം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരല്ലെന്ന് സർക്കാർ വാദിച്ചു. ആരോപണങ്ങളിൽ സത്യസന്ധതയുണ്ടോ എന്നു പരിശോധിക്കാൻ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാരിന് അധികാരമുണ്ട്.
സമാനമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർജികൾ മുമ്പ് വിജിലൻസ് കോടതികളും ഹൈക്കോടതിയും തള്ളിയിട്ടുള്ളതാണെന്നും സർക്കാർ വാദിച്ചു. മാത്രമല്ല, ഹർജിക്കാരന് ഇതിൽ വ്യക്തിപരമായ അവകാശങ്ങളില്ലാത്തതിനാൽ പൊതുതാൽപര്യ ഹർജിയുടെ സ്വഭാവമുള്ള കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം.ഇക്കാര്യങ്ങൾ പരിശോധിച്ച കോടതി, കൈമാറുന്ന വിവരങ്ങളിൽ പ്രഥമദൃഷ്ട്യാ ഒരു എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വേണ്ടത്ര കൃത്യമായ സാമഗ്രികളും തെളിവുകളും ഉണ്ടെങ്കിൽ, വേറെയൊരു പ്രാഥമിക അന്വേഷണം നടത്താതെ നേരിട്ട് എഫ്ഐആർ ഇടേണ്ടത് പൊലീസിന്റെ ബാധ്യതയാണെന്നും വ്യക്തമാക്കി. ഇ.ഡി നൽകിയ റിപ്പോർട്ടിൽ സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ, ഡിജിറ്റൽ വാട്സാപ് ചാറ്റുകൾ, ഹവാല ഇടപാട് രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയ വ്യക്തമായ തെളിവുകൾ ഉള്ളതിനാൽ ഇവിടെ വീണ്ടുമൊരു പ്രാഥമിക അന്വേഷണത്തിനു സ്ഥാനമില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു.
പ്രത്യേക അന്വേഷണ സംഘങ്ങളെയോ പ്രത്യേക യൂണിറ്റുകളെയോ നിയോഗിക്കാനുള്ള അധികാരം സർക്കാരിനാണ്, സംസ്ഥാന പൊലീസ് മേധാവിക്ക് സ്വന്തം നിലയിൽ അതിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അഴിമതിക്കെതിരെ പോരാടുന്ന ഒരു പൗരനെന്ന നിലയിലും വിസിൽബ്ലോവർ എന്ന നിലയിലും ഹർജിക്കാരന് ഈ വിഷയം കോടതിക്ക് മുമ്പാകെ എത്തിക്കാൻ അർഹതയുണ്ട്. മുമ്പ് നൽകിയ സ്വകാര്യ ഹർജികളിൽ സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, ഇ.ഡി നൽകിയ റിപ്പോർട്ടിൽ അന്വേഷണത്തിലൂടെ കണ്ടെത്തിയ വ്യക്തമായ വിവരങ്ങളുണ്ട്. അതിനാൽ അന്വേഷണം തള്ളിയ പഴയ കോടതി ഉത്തരവുകൾ ഇവിടെ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. സമഗ്രമായ ഈ ഉത്തരവാണ് പിണറായിക്ക് വിനയായത്. പിണറായി വല്ലാത്ത പ്രതിസന്ധിയിലാണ്. അടുത്ത് നിന്ന പലരും അദ്ദേഹത്തെ കൈവിട്ട അവസ്ഥയിലാണ്.ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.
https://www.facebook.com/Malayalivartha


























