നിളയെ മലിനമാക്കിയാല്‍ ഇനി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പട്ടാമ്പി നഗരസഭയുടെ പ്രധാന ശുദ്ധജല സ്രോതസ്സായ ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലച്ചു. തന്മൂലം വെള്ളം ഇനി മലിനമാക്കാന്‍ അനുവദിക്കില്ല. നടപടികളുടെ ഭാഗമായി ഭാരതപ്പുഴയില്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതും മലമൂത്ര വിസര്‍ജനം, മീന്‍ പിടിക്കല്‍ എന്നിവയും നിരോധിച്ചു കൊണ്ട് നഗരസഭ സെക്രട്ടറി ഉത്തരവ് ഇറക്കി. മലിനമാക്കിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം നഗരസഭ കേസ് എടുക്കും.
കുടിവെള്ളം മലിനമാക്കുന്ന നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത്. ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലച്ചതും നഗരസഭയുടെ പ്രധാന കുടിവെള്ള സ്രോതസ്സ് ഭാരതപ്പുഴ ആയതിനാലുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന കുളിക്കടവുകള്‍ കമ്പിവേലി കെട്ടി അടക്കും. ഇതു ജനങ്ങളെ അറിയിക്കുന്നതിന് ആവശ്യമായ അനൗണ്‍സ്‌മെന്റുകളും നോട്ടിസുകളും നല്‍കും.
ഇനി ജൂണ്‍ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ട് നിളയിലെ നീരൊഴുക്ക് വര്‍ധിച്ചാല്‍ മാത്രമേ പുഴയില്‍ കുളിക്കുന്നതിന് അനുമതി നല്‍കുകയുള്ളൂ. പുഴയോരത്ത് കെട്ടിടങ്ങളും വീടുകളും ക്വാര്‍ട്ടേഴ്‌സും ഉള്ളവര്‍ പുഴയിലേക്ക് മലിന ജലമോ, മറ്റു മാലിന്യങ്ങളോ വരുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇത്തരം കുറ്റകൃത്യം പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ആരുടെയെങ്കിലും കെട്ടിടങ്ങള്‍/ഭാഗങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ചെലവ് ഇവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
പട്ടാമ്പി നഗരത്തില്‍ പകര്‍ച്ച വ്യാധികളായ മഞ്ഞപ്പിത്തം, കോളറ, മലേറിയ തുടങ്ങിയ മാരകമായ രോഗങ്ങള്‍ വരാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ശുദ്ധജലം ഇല്ലാത്ത ഗുരുതരാവസ്ഥ ഉണ്ടാകാതിരിക്കാന്‍ നമ്മുടെ ശുദ്ധജലം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നു മനസ്സിലാക്കി എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha

























