ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വൈകും

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകും. നഗരത്തിലെ ട്രിപ്പിള്‍ ലോക്ക്ഡൗണിനെത്തുര്‍ന്ന് സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിട്ട സാഹചര്യത്തിലാണിത്. ട്രിപ്പിള്‍ ലോക്ക്ഡൗണിന് ശേഷം പരീക്ഷാഫലപ്രഖ്യാപനം സംബന്ധിച്ച് തുടര്‍ന്നുള്ള തീരുമാനമുണ്ടാവുമെന്ന് ജോയിന്റ് ഡയരക്ടര്‍ ഓഫ് എക്സാമിനേഷന്‍, എസ്‌എസ് വിവേകാനന്ദന്‍ അറിയിച്ചു.
"തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാരണം ഞങ്ങള്‍ക്ക് പ്ലസ് ടു ഫലം പുറത്തിറക്കാന്‍ കഴിയില്ല. മൂല്യനിര്‍ണ്ണയാനന്തര പ്രക്രിയ ഇപ്പോഴും അവശേഷിക്കുന്നു. ലോക്ക്ഡൗണ്‍ എടുത്തുകഴിഞ്ഞാല്‍ ഫലപ്രഖ്യാപനത്തിനുള്ള തീരുമാനം എടുക്കും," എസ്‌എസ് വിവേകാനന്ദന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. ഫലം ജൂലൈ 10ന് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം.
തലസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം 13ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അവസാനിക്കും. നഗരത്തിലെ കോവിഡ് വ്യാപനം വര്‍ധിക്കുകയാണെങ്കില്‍ ഫലപ്രഖ്യാപനവും അതിനനുസരിച്ച് വൈകാനാണ് സാധ്യത.
മാര്‍ച്ചില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്ലസ് ടു, വിഎച്ച്‌എസ്‌ഇ അടക്കമുള്ള ഹയര്‍ സെകന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. പിന്നീട് മേയ് അവസാനത്തോടെ പരീക്ഷ നടത്തി. മെയ് 30 നായിരുന്നു പരീക്ഷ സമാപിച്ചത്.
ഇതേ സമയത്ത് നടത്തിയ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലം ജൂണ്‍ 30 ന് പ്രഖ്യാപിച്ചിരുന്നു. മൊത്തം 98.82 ശതമാനം വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ചിരുന്നു. ജൂണ്‍ അവസാനത്തോടെയാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ 30നും ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ജൂലൈ 10നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
ഹയര്‍ സെക്കന്‍ഡറി ഫലം പുറത്തുവന്നാല്‍ keralaresults.nic.in എന്ന വെബ്‌സൈറ്റ് വഴി അവ പരിശോധിക്കാന്‍ കഴിയും. കേരള സര്‍ക്കാരിന്റെ മറ്റ് വെബ്സൈറ്റുകളിലും ഫലം ലഭ്യമാവും. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala .gov.in, examresults.net/kerala എന്നീ വെബ്സൈറ്റുകള്‍ വഴിയാണ് ഫലം ലഭ്യമാവുക. വിദ്യാഭ്യാസ വകുപ്പിന്റെ സഫലം ആപ്പ് വഴിയും ഫലം അറിയാനാവും.
https://www.facebook.com/Malayalivartha