കേരളം വീണ്ടും അടച്ചിടാന്‍ പോകുന്നു? അന്തിമ തീരുമാനം ഉണ്ടാകുന്നത് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക്; സര്‍വ്വകക്ഷിയോഗം ചേര്‍ന്നാണ് തീരുമാനം എടുക്കുക; ലോക്ക് ഡൗണ്‍ വേണമന്ന ആരോഗ്യവകുപ്പിന്റെ നിര്‍ബന്ധമാണ് നടപടിക്ക് കാരണം

സ്ഥിഗതികള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീഡിയോ കൊണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ലോക്ക് ഡൗണ്‍ വേണമന്നാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായമുണ്ടായി. പൂര്‍ണ അടച്ചിടലാണ് ഫലപ്രദമെന്ന് ഒരു വിഭാഗം വാദിച്ചു. ചില ജില്ലകളിലെ പ്രത്യേക പ്രദേശങ്ങളില്‍ ഇത് ഏറെ ഗുണം ചെയ്തെന്നും രോഗവ്യാപനം കുറയ്ക്കാനായെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തകര്‍ന്നുകിടക്കുന്ന സാമ്പത്തിക സ്ഥിതിയില്‍ സമ്പൂര്‍ണ അടച്ചിടല്‍ ദുരിതം കൂട്ടുമെന്നായിരുന്നു എതിര്‍വാദം. കടം വാങ്ങാന്‍പോലും ശേഷിയില്ലാതെ സാധാരണ ജനത കഷ്ടപ്പെടുകയാണ്.കൊവിഡിനൊപ്പം സഞ്ചരിക്കുകയാണ് പോംവഴി. ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ചില മന്ത്രിമാര്‍ പറഞ്ഞു.
ഓരോ ദിവസവും പുതിയ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ നില്‍ക്കുന്നു. ക്ളസ്റ്ററുകളുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് സ്ഥിതി അതീവ ഗൗരവമായി തുടരുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍വേണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും സര്‍ക്കാരിന്റെ തന്നെ വിദഗ്ധസമിതി ഇതിനോട് പൂര്‍ണമായി യോജിച്ചിട്ടില്ല. എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്താവും തീരുമാനം. സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം തിങ്കളാഴ്ചചേരുന്ന മന്ത്രിസഭാ യോഗം ഗൗരവമായി പരിഗണിക്കും.
എല്ലാ സ്ഥാപനങ്ങളും വ്യവസായ, വാണിജ്യസ്ഥാപനങ്ങളും നിരന്തരമായി പൂട്ടാനാവില്ല. തൊഴില്‍മേഖലകള്‍ എന്നും അടച്ചിടാനുമാവില്ല. അതിനാല്‍ ഏറ്റവും കൂടുതല്‍ രോഗം ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണാകാം. മറ്റ് പ്രദേശങ്ങളില്‍ സ്ഥാപനങ്ങള്‍ നിയന്ത്രിതമായി തുറന്നുകൊണ്ട് കര്‍ഫ്യൂ കൊണ്ടുവരാം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അപ്പോള്‍ പൊലീസിന് ആളുകളുടെ കൂട്ടം കൂടലും അനാവശ്യയാത്രകളും തടയാനാവും.. എന്നാല്‍ പൊലീസിനെ ഉപയോഗിച്ച് അടച്ചിടല്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാവും എന്ന ചോദ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.
https://www.facebook.com/Malayalivartha


























