എല്ലാം മുകളിലൊരാള്‍ കണ്ടു... സ്വപ്ന ഒളിവില്‍ പോയത് ശിവശങ്കറിനെ കണ്ടശേഷമാണെന്ന കസ്റ്റംസിന്റെ കണ്ടെത്തല്‍ സാധൂകരിച്ചാല്‍ പിന്നെ രക്ഷയില്ല; ഒളിവില്‍ പോകും മുന്‍പ് സ്വപ്നയ്‌ക്കൊപ്പം ശിവശങ്കര്‍ അമ്പലംമുക്കിലെ ഫ്‌ളാറ്റിലെത്തിയതിന്റെ തെളിവ് കിട്ടിയതായി സൂചന

പണ്ടൊക്കെ എല്ലാവരും പറയുന്ന ഒരു ചൊല്ലാണ്. എന്തുവേണോ കാട്ടിക്കൂട്ടിക്കോ മുകളിലൊരാളുണ്ടെന്ന് ഓര്‍മ്മ വേണം എന്ന്. ആ മുകളിലത്തെ ഒരാള്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം, ഈശ്വരന്‍. ആ ഈശ്വരനെ ചൂണ്ടിക്കാട്ടിയാണ് വില്ലാളി വില്ലന്‍മാരെ പേടിപ്പിച്ച് നിര്‍ത്തുന്നത്. എന്നാല്‍ കാലം മാറിയതോടെ ഇരുട്ടും മാറി ആ പഴയ പേടിപ്പെടുത്തലും മാറിക്കിട്ടി. അപ്പോഴും വേണ്ടാത്ത കാര്യം ചെയ്താല്‍ മുകളിലൊരാള്‍ ഉണ്ട് എന്ന സത്യം ആരും മറന്ന് പോകരുത്. കാലം മാറിയപ്പോള്‍ കഥയും മാറി എന്നതുപോലെ ആ മുകളിലൊരാളുടെ ദൗത്യം സിസിടിവി ഏറ്റെടുത്തു. പൂച്ച പാല്‍ കുടിക്കുന്നതു പോലെ ചെയ്യുന്നതെല്ലാം ഒരുനാള്‍ മുകളിലിരിക്കുന്ന സിസിടിവി പുറത്ത് കൊണ്ടു വരും. ഇതേ അവസ്ഥയാണ് ശിവശങ്കറിന്റെ കാര്യത്തിലും ഉണ്ടായത്. ഇപ്പോള്‍ അത്തരത്തിലുള്ള സൂചനകളാണ് പുറത്ത് വരുന്നത്. സരിത്ത് കസ്റ്റഡിയിലായ ശേഷം, സ്വപ്ന ഒളിവില്‍ പോയത് ശിവശങ്കറിനെ കണ്ടശേഷമാണെന്ന കസ്റ്റംസിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്ന വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കിട്ടിയെന്നാണറിയുന്നത്. ഒളിവില്‍ പോകും മുന്‍പ് സ്വപ്നയ്‌ക്കൊപ്പം ശിവശങ്കര്‍ അമ്പലംമുക്കിലെ ഫ്‌ളാറ്റിലെത്തിയതിന്റെ ക്യാമറാ ദൃശ്യങ്ങള്‍ കിട്ടിയതായാണ് സൂചന. അങ്ങനെ വന്നാല്‍ സ്വപ്ന എന്തിന് ഒളിവില്‍ പോയതെന്ന് നേരത്തെ ശിവശങ്കറിനറിയാം. ഇതിന് പിന്നാലെ മുഖംമറച്ച് മുന്നുപേര്‍ ഫ്‌ളാറ്റിലെത്തിയ ദൃശ്യവും കിട്ടിയിട്ടുണ്ട്. ഇതാരാണെന്ന അന്വേഷണവും നടക്കുന്നുണ്ട്.
ഇതോടൊപ്പം സെക്രട്ടറിയേറ്റിലേക്കും എന്‍ഐഎ അന്വേഷണം നീളുകയാണ്. ഇവിടേയും ശിവശങ്കറിന് പാരയാകുന്നത് മുകളിലത്തെ സിസിടിവി തന്നെയാണ്. കേസിലെ മുഖ്യപ്രതികളായ സ്വപ്നയും സരിത്തും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ പതിവായി എത്താറുണ്ടായിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തെളിവുകള്‍ തേടി എന്‍.ഐ.എ സംഘം സെക്രട്ടറിയേറ്റിലും എത്തിയത് . സെക്രട്ടേറിയറ്റിലെ സിസിടിവി, സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ചീഫ്‌സെക്രട്ടറിക്ക് കത്ത് നല്‍കി. ഹൗസ്‌കീപ്പിംഗ് ചുമതലയുള്ള അഡിഷണല്‍ സെക്രട്ടറി പി. ഹണിയില്‍ നിന്ന് എന്‍.ഐ.എ ഡിവൈ.എസ്.പി രണ്ട് മണിക്കൂറോളം വിവരങ്ങള്‍ ശേഖരിച്ചു. സെക്രട്ടേറിയറ്റില്‍ തങ്ങളുടെ സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന വേണ്ടിവരുമെന്ന് എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. എന്‍.ഐ.എ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ നല്‍കാന്‍ ഇന്നലെ വൈകിട്ട് ചീഫ്‌സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിറക്കി.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, ഐടി ഫെലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍, സ്വപ്‌നയെ തുടര്‍ച്ചയായി വിളിച്ച മന്ത്രി, പേഴ്‌സണല്‍ സ്റ്റാഫംഗം എന്നിവര്‍ എന്‍.ഐ.എ അന്വേഷണ പരിധിയിലാണ്. സ്വപ്നയുടെ ആറ് സിം കാര്‍ഡുകള്‍ പരിശോധിച്ച് ഉന്നതരുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ ക്യാമറാദൃശ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കൈമാറണമെന്ന് എന്‍.ഐ.എ പൊതുഭരണവകുപ്പിനെ അറിയിച്ചു. ഇടിമിന്നലേറ്റ് തകരാറിലായ കാമറാ സംവിധാനം നന്നാക്കിയതായി പൊതുഭരണവകുപ്പ് അറിയിച്ചു. ഇതിന്റെയും, തന്ത്രപ്രധാന സ്ഥലങ്ങളിലെ ക്യാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതിന്റെയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാമറാ സംവിധാനം തകരാറിലാണെന്നറിയിച്ച് ചീഫ്‌സെക്രട്ടറിക്ക് പൊതുഭരണവകുപ്പ് നല്‍കിയ കത്തും പിടിച്ചെടുത്തു. സെക്രട്ടേറിയറ്റിലും രണ്ട് അനക്‌സുകളിലും ഗേറ്റുകളിലുമായി 83 കാമറകളുണ്ട്. ഇതില്‍ നാലെണ്ണം തകരാറിലാണ്. അതെങ്ങനെ തകരാറിലായെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ ശിവശങ്കറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നു. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിനുള്ള ബന്ധം കൂടുതല്‍ വ്യക്തമാകണമെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ വിളികള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ക്രിമിനല്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ സമാന്തരമായി വകുപ്പുതല അന്വേഷണം നടത്തുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തടസമില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ഇവിടെ നടക്കുമ്പോഴാണ് മറുതലയ്ക്കല്‍ എന്‍ഐഎ ശിവശങ്കറിനെ 5 മണിക്കൂറോളം ചോദ്യം ചെയ്തത്.
"
https://www.facebook.com/Malayalivartha


























