ഇനി ദൃശ്യങ്ങള്‍ പറയട്ടെ; സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നു കൈമാറിയേക്കും; ഇടിമിന്നലനൊന്നും ദൃശ്യങ്ങള്‍ മായിക്കാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍; അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരും പ്രതിസ്ഥാനത്ത്?

സ്വര്‍ണക്കടത്തു കേസ് അന്വേഷണങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നു കൈമാറിയേക്കും. സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവുകളാകും. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
മേയ് 1 മുതല്‍ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. ഇതിന്റെ ചുമതല പൊതുഭരണ വകുപ്പ് ഹൗസ്‌കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറിക്കാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തുടര്‍ന്നു ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ഒരു ജീവനക്കാരനെ അഡീഷനല്‍ സെക്രട്ടറി പി.ഹണിയുടെ ഓഫിസിലേക്ക് അയച്ചു. സെക്രട്ടേറിയറ്റിലെ 83 ക്യാമറകളില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകള്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചില്ലെന്നു ഹണി അറിയിച്ചു. മേയില്‍ ഇടിമിന്നല്‍ ഉണ്ടായപ്പോള്‍ കേടായതാണെന്നാണ് അറിയിച്ചത്. ഇവ പിന്നീടു നന്നാക്കി. നോര്‍ത്ത് ബ്ലോക്കിലെ നാലാം നിലയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ്, അഞ്ചാം നിലയില്‍ ശിവശങ്കറിന്റെയും. ഇവിടത്തെ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാണെന്നു ഹണി എന്‍.ഐ.എ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വര്‍ണക്കടത്തു പ്രതികള്‍ക്കു സെക്രട്ടേറിയറ്റിലെ ശക്തമായ സെക്യൂരിറ്റി സംവിധാനം മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ബ്ലോക്കില്‍ എത്താന്‍ സംഘടനാ നേതാക്കള്‍ സഹായം ചെയ്തുവെന്ന ആരോപണം ഉള്‍പ്പെടെ എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നു അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പറഞ്ഞിരുന്നു.
സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് സിസിടിവി സ്ഥാപിച്ചതെങ്കിലും അന്നു 14 ദിവസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. ആറു മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കണമെന്നു സോളര്‍ കേസ് അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാര്‍ ഒരു വര്‍ഷം വരെയുള്ള ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയത്. ഇടിമിന്നലില്‍ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നു. മുന്‍പ് നിയമവകുപ്പിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവിനെ ഇടതുപക്ഷ സംഘടനക്കാര്‍ കയ്യേറ്റം ചെയ്തതായി കേസ് വന്നപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നു. അന്നു ദൃശ്യം ലഭ്യമല്ലെന്നാണു ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചത്. ദൃശ്യങ്ങള്‍ നശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് തെളിവ് നശിപ്പിക്കലിന്റെ ഭാഗമാകും. ക്രിമിനല്‍ കുറ്റവും. അങ്ങനെയെങ്കില്‍ സര്‍ക്കാരും പ്രതിസ്ഥാനത്ത് വരും. അതുകൊണ്ടു തന്നെ തെളിവുനശിപ്പിക്കല്‍ കൃത്യമൊന്നും സെക്രട്ടറിയേറ്റിന്‍ നടന്നിരിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. അതെ സമയം സ്വപ്‌നക്കും സംഘത്തിനും ശിവശങ്കറുമായുടെ ബന്ധം തെളിയിക്കാന്‍ ഈ ദൃശ്യങ്ങള്‍ സാധിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























