കലങ്ങിതെളിയുമ്പോള്... സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയ കാലാവസ്ഥ തിരിഞ്ഞ് മറിയുമ്പോള്‍ പ്രതിപക്ഷത്ത് കൂട്ടയടി; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കളം നിറഞ്ഞപ്പോള്‍ ചെന്നിത്തലക്ക് മനംമാറ്റം; പിണറായി വീണ്ടും മുഖ്യമന്ത്രിയായാല്‍ ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവായി തുടരാം

2021 ല്‍ യു ഡി. എഫ് അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവണമെന്നുള്ള ധാരണ പൊളിക്കാന്‍ തയ്യാറായി രമേശ് ചെന്നിത്തല. അങ്ങനെ ഒരു ഇടവേളക്ക് ശേഷം യുഡി എഫില്‍ കലാപം തലപൊക്കുന്നു. എന്നാല്‍ രമേശിന്റെ നീക്കങ്ങള്‍ അതിസമര്‍ത്ഥമായി മുഖ്യമന്ത്രി പൊളിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ആരോപണങ്ങള്‍ എണ്ണി പറഞ്ഞാല്‍ അതിന് എണ്ണി എണ്ണി മറുപടി പറയുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് കേട്ട് കേരളം പൊട്ടിച്ചിരിച്ചു. തന്റെ ചിലവില്‍ അങ്ങനെ അദ്ദേഹത്തിന്റെ ഉദ്ദേശം നടപ്പാവില്ലെന്നായിരുന്നു പിണറായിയുടെ മറുപടി .
പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഉമ്മന്‍ ചാണ്ടിക്കെതിരായ കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് പറയാതെ പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ലൈഫ് മിഷന് പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാരിന് നേരെയുള്ള ആരോപണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ചിലരുടെ ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ താന്‍ എണ്ണി എണ്ണി പറയണോ എന്നും പിണറായി വിജയന് ചോദിച്ചിരുന്നു. അതിന് മറുപടിയായിട്ടാണ് എണ്ണി എണ്ണി പറയാന്‍ ചെന്നിത്തല വെല്ലുവിളിച്ചത്.
2021 ല്‍ യു ഡി എഫ് അധികാരത്തില്‍ എത്തുമെന്ന് മനസിലാക്കിയതോടെയാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ഐ വിഭാഗം കൂടുതല്‍ അസ്വസ്ഥരായത്. കഴിഞ്ഞ നാലര വര്‍ഷമായി ചെന്നിത്തല തയ്യാറെടുക്കുന്നത് മുഖ്യമന്ത്രിയാവാന്‍ വേണ്ടിയായിരുന്നു. അതില്‍ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം കോണ്‍ഗ്രസിലെ ഏറ്റവും സീനിയര്‍ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. തന്റെ സമകാലികരില്‍ പലരും മുഖ്യമന്ത്രിയായത് ചെന്നിത്തല ഓര്‍മ്മിപ്പിക്കാറുണ്ട്.
നാലര വര്‍ഷം തികയും വരെ പിണറായി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വിവാദം എത്തിയതോടെ ധാരണകള്‍ പൊളിഞ്ഞു. അതോടെ മാളത്തിലായിരുന്ന ഉമ്മന്‍ ചാണ്ടി തലപൊക്കി. അദ്ദേഹത്തിന് എന്‍ എസ് എസിന്റെ യും ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിന്തുന്ന കിട്ടി. ഡല്‍ഹിയിലുള്ള കെ.സി. വേണുഗോപാലും ചെന്നിത്തലക്ക് എതിരെ കരുക്കള്‍ നീക്കിയതോടെ ഉമ്മന്‍ ചാണ്ടിക്ക് ഹൈപ്പ് കൂടി. അതോടെ ചെന്നിത്തല നിരാശനായി.
ഇപ്പോള്‍ ചെന്നിത്തലയുടെ മനസിലിരുപ്പ് എങ്ങനെയെങ്കിലും പിണറായിക്ക് തുടര്‍ ഭരണം കിട്ടണം എന്നതാണ്. പിണറായി വീണ്ടും മുഖ്യമന്ത്രിയായാല്‍ ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവായി തുടരാം. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കില്ല. സര്‍ക്കാര്‍ ചെലവില്‍ ഒരഞ്ചു വര്‍ഷം കൂടി മുന്നോട്ടു പോകാം.
ഉമ്മന്‍ ചാണ്ടി തന്റെ അനാരോഗ്യമൊക്കെ മറന്ന് രംഗത്തിറങ്ങി കഴിഞ്ഞു. അദ്ദേഹം രാജമലയില്‍ വരെ ചെന്നു. ചെന്നിത്തല രാജമല സന്ദര്‍ശിച്ചതിന്റെ പിറ്റേന്നാണ് ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പ് നേതാക്കള്‍ക്ക് ഒപ്പം അവിടം സന്ദര്‍ശിച്ചത്. ഉമ്മന്‍ചാണ്ടിക്ക് ഒപ്പം ഒരു ഐ ഗ്രൂപ്പ് നേതാവും ഉണ്ടായിരുന്നില്ല. മുല്ലപ്പള്ളിയുടെ പിന്തുണയും ഉമ്മന്‍ചാണ്ടിക്ക് ലഭിക്കും. കെ.സി. വേണുഗോപാലിന്റെ പിന്തുണ കൂടിയാവുമ്പോള്‍ തനിക്ക് മുഖ്യമന്ത്രിയാകാമെന്ന് ഉമ്മന്‍ ചാണ്ടി വിശ്വസിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കഥകള്‍ പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കണമെന്ന ആഗ്രഹം ചെന്നിത്തലക്കുണ്ട്. എന്നാല്‍ അതിന് അദ്ദേഹത്തിന് താത്പര്യമില്ല. പകരം മുഖ്യമന്ത്രിയെ കൊണ്ടു പറയിക്കണം. അതാണ് തന്ത്രം. അതാണ് മുഖ്യമന്ത്രി പൊളിച്ചത്.
https://www.facebook.com/Malayalivartha
























