കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു

വിവാഹിതയായ യുവതിയെ കോവളത്തെ ഹോം സ്‌റ്റേയില്‍ തടവിലാക്കി കൈകള്‍ കെട്ടിയിട്ട് ആണ്‍ സുഹൃത്ത് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. എറണാകുളം സ്വദേശിയായ യുവതി രണ്ട് ദിവസമാണ് പീഡനത്തിന് ഇരയായത്. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു. ഫെബ്രുവരിയിലെ സംഭവത്തില്‍ മാനസികമായി തകര്‍ന്ന 33കാരി നല്‍കിയ പരാതിയില്‍ തിരുവനന്തപുരത്തെ പ്രമുഖ ട്രാവല്‍സ് ഉടമയായ യുവാവിനെതിരെ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. ഒക്ടോബര്‍ 12നാണ് കോവളം പൊലീസ് കേസെടുത്തത്. പ്രതിയുടെ ഫോണില്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ ഉണ്ടെന്നും ഇവരെ സമാനമായി ഇരയാക്കിയിട്ടുണ്ടാകുമെന്നും യുവതി പറയുന്നു.
വിവാഹിതയായ യുവതി വിദേശത്ത് നഴ്‌സാണ്. അവിടെ വച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ആലപ്പുഴ സ്വദേശിയായ ട്രാവല്‍സ് ഉടമയുമായി സൗഹൃദത്തിലായിരുന്നു. ഇയാള്‍ വഴിയാണ് 27 വയസുള്ള തിരുവനന്തപുരം സ്വദേശിയെ പരിചയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇയാള്‍ 2.5 ലക്ഷം രൂപ യുവതിയില്‍ നിന്ന് കടം വാങ്ങിയിരുന്നു. ഫെബ്രുവരിയില്‍ നാട്ടിലേക്ക് വരാന്‍ യുവതിക്ക് കൊച്ചിയിലേക്ക് വിമാനം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തു. എത്തുമ്പോള്‍ 2.5 ലക്ഷം തിരികെ നല്‍കാമെന്ന് പ്രതി വാക്കുകൊടുത്തിരുന്നു. പുലര്‍ച്ചെ എത്തിയപ്പോള്‍ കാറില്‍ കോവളത്തെ ഹോംസ്‌റ്റേയിലേക്ക് കൊണ്ടുപോയി. തുടര്‍ന്നാണ് കൈകള്‍ ഉടുമുണ്ടുകൊണ്ട് കെട്ടിയിട്ട് പീഡിപ്പിച്ചത്.
ക്രൂരപീഡനത്തിന് ശേഷം രാസലഹരി പ്രതി ഉപയോഗിക്കുകയും യുവതിയുടെ വായില്‍ തിരുകുകയും ചെയ്തു. രണ്ട് ദിവസം അബോധാവസ്ഥയിലായിരുന്നു ഇവര്‍. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭര്‍ത്താവും മകനുമുള്ള യുവതി ഇതോടെ ഭീതിയിലായി. തുടര്‍ന്നാണ് ഭീഷണിപ്പെടുത്തി പലതവണയായി പണം കൈക്കലാക്കിയത്. സംഭവം പ്രതിയുടെ മാതാവിനെ അറിയിച്ചെങ്കിലും അവരും ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുടെ പ്രതികരണവും സമാനമായിരുന്നു. ഇതോടെ ആകെ തളര്‍ന്ന യുവതി ഈ മാസം ആദ്യമാണ് ആലുവ റൂറല്‍ എസ്.പിയെ നേരില്‍ കണ്ട് പരാതി നല്‍കിയത്. സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോവളം പൊലീസിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























