പെരുമഴയടക്കം നടനഞ്ഞ് മണിക്കൂറുകളോളം റോഡിൽ വീണുകിടന്ന് വയോധികൻ; തിരിഞ്ഞു നോക്കാതെ നാട്ടുകാരും പോലീസും, ആംബുലൻസിൽ ആശുപത്രിയിൽ എത്തിയത് മരിച്ച നിലയിൽ

കൊറോണാവ്യാപനം മൂലം അപകടത്തിൽപ്പെട്ടവരെ പോലും തിരിഞ്ഞുനോക്കാൻ മടിക്കുന്ന ഒരു സമയം ഉരുവായിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടം അത്തരം ചിന്താഗതികളെ മാറ്റിമറിക്കുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് രക്ഷാപ്രവർത്തനം നടത്തിയവരെ രാജ്യം മുഴുവനും ആദരിക്കുകയുണ്ടായി. അതെല്ലാം നിമിഷനേരംകൊണ്ട് മാറ്റിമറിക്കുന്ന വിധത്തിലേക്ക് മറ്റൊരു വാർത്ത പുറത്തേക്ക് വന്നത്. മണിക്കൂറുകളോളം പെരുമഴയടക്കം നടനഞ്ഞ് റോഡിൽ വീണുകിടന്ന വയോധികനെ പോലീസും നാട്ടുകാരും തിരിഞ്ഞു നോക്കിയില്ല.
ഒരു മണിക്കൂറിലേറെ റോഡരികിൽ വീണുകിടന്ന അജ്ഞാതനെ ഒടുവിൽ മരിച്ചനിലയിലാണ് ആംബുലൻസെത്തി ആശുപത്രിയിലെത്തിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡ് ജങ്ഷന് സമീപം റെഡ് ക്രോസ് റോഡിൽ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം നടന്നത്. അറുപത് വയസ് തോന്നിക്കുന്നയാൾ ഓവ് ചാലിന് മുകളിൽ കമിഴ്ന്ന് വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു കാണപ്പെട്ടത്. ഒപ്പം കൈയ്യിൽ മരുന്ന് ശീട്ടും ചെറിയ ബാഗുമുണ്ടായിരുന്നു.
ഇതേതുടർന്ന് ദൃക്സാക്ഷികൾ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് 108 ആംബുലൻസ് എത്തിയതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഒപ്പം പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചിരുന്നു. കൊവിഡ് കാലമായതിനാൽ പിപിഇ കിറ്റ് ധരിച്ചേ വീണുകിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാനാവൂ എന്ന നിലപാട് അതുവഴി വന്ന പോലീസും സ്വീകരിച്ചതോടെ സഹായിക്കാനെത്തിയ നാട്ടുകാരും പിന്മാക്കുകയായിരുന്നു.ഇതിനിടെയാണ് പെരുമഴയും പെയ്തത്. ഒടുവിൽ ഏറെ വൈകി എല്ലാം കഴിഞ്ഞ് ആംബുലൻസ് വന്ന് ഇയാളെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ടൗൺ പോലിസാണ് അജ്ഞാതനെ മരിച്ച നിലയിൽ മെഡി.കോളജിൽ എത്തിച്ചത്. എന്നാൽ ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha
























