പട്ടയഭൂമിയിലെ അനധികൃത നിര്‍മാണം: പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ വിളിച്ചുവരുത്തി ഹൈക്കോടതി വിശദീകരണം തേടി

റവന്യു, തദ്ദേശ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് അറിയിക്കാന്‍ നിര്‍ദേശം നല്കി. പട്ടയഭൂമിയിലെ അനധികൃത നിര്‍മാണം തടയണമെന്ന കോടതി ഉത്തരവു നടപ്പാക്കാത്തതിന്റെ പേരിലാണ് വിശദീകരണം തേടിയത്.
കഴിഞ്ഞ ജൂണ്‍ 25-ന്, ഭൂമി എന്താവശ്യത്തിനു പതിച്ചു നല്‍കിയതാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ കൈവശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നും നിര്‍മാണ പെര്‍മിറ്റ് നല്‍കും മുന്‍പു തദ്ദേശ സ്ഥാപനങ്ങള്‍ ഇതു പരിശോധിക്കണമെന്നും ഉത്തരവിറക്കാന്‍ ഇരു വകുപ്പുകളുടെയും സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവു നടപ്പായില്ല.
തുടര്‍ന്ന് എല്ലാ റവന്യു അധികാരികള്‍ക്കും നടപടിയെടുക്കാനായി കോടതി ഉത്തരവു തന്നെ അയച്ചു നല്‍കണമെന്നു നിര്‍ദേശമുണ്ടായി. അതും നടപ്പാക്കാനായില്ലെന്നു പറഞ്ഞ് 3 മാസത്തെ സാവകാശം സര്‍ക്കാര്‍ തേടിയതിലാണു കോടതിക്ക് അതൃപ്തി. സര്‍ക്കാര്‍ സാവകാശം തേടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു.
ഭൂവിനിയോഗം സംബന്ധിച്ച് ഉചിതമായ ചട്ടമുണ്ടാക്കാന്‍ സര്‍ക്കാരിനു സാധ്യമാണെങ്കിലും അതുവരെ നിലവിലുള്ള നിയമം മാനിച്ചേ മതിയാകൂ എന്നു കോടതി പറഞ്ഞു. കൃഷിക്കു പതിച്ചു നല്കിയ ഭൂമിയില്‍ നിര്‍മാണം പാടില്ലെന്ന് കോടതി വിധിയുമുണ്ട്.
ഇടുക്കി ജില്ലയിലെ 8 വില്ലേജുകളില്‍ മാത്രം നിര്‍മാണത്തിനു റവന്യു എന്‍ഒസി നിര്‍ബന്ധമാക്കിയത് വിവേചനപരമാണെന്നു കാണിച്ച് ബൈസണ്‍വാലി പഞ്ചായത്ത് അംഗം ലാലി ജോര്‍ജ്, കൂമ്പന്‍പാറ സ്വദേശി മേരി ജോസഫ്, വെള്ളത്തൂവല്‍ സ്വദേശി സി.എസ്. നാസര്‍ തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
https://www.facebook.com/Malayalivartha


























