നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ ഹോട്ടല്‍ മുറിയില്‍ നവവധു കുഴഞ്ഞുവീണ് മരിച്ചു. ഝാന്‍സിയിലെ സിപ്രിയിലുള്ള ഹോട്ടലിലായിരുന്നു സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. മദ്ധ്യപ്രദേശിലെ വിദിഷ സ്വദേശിനി മുസ്കാന് സിമോലിയ (28) ആണ് മരിച്ചത്. ബാങ്ക് മാനേജരായ നീലേഷ് ആണ് ഭര്‍ത്താവ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 29നാണ് മുസ്കാനും നീലേഷും വിവാഹിതരായത്. റെയില്‍വേ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കായി ഒക്ടോബര്‍ പത്തിന് മുസ്കാന് സ്വന്തം വീട്ടിലെത്തി. കഴിഞ്ഞ 23ന് മുസ്കാന്റെ വീട്ടിലെത്തിയ നീലേഷ് അമ്മായിയെ കാണാനെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ ഇവര്‍ ഹോട്ടലിലേക്കാണ് പോയതെന്ന് യുവതിയുടെ പിതാവ് രാംജി ലാല്‍ ആരോപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ മുറിയെടുത്തത്. മുസ്കാന് സുഖമില്ലെന്ന് പറഞ്ഞ് പിറ്റേദിവസം രാവിലെ നീലേഷ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ മുസ്കാന് മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മകളുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. നീലേഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായും ഇത് മുസ്കാനില്‍ നിന്ന് മറച്ചുവച്ചിരുന്നുവെന്നും പിതാവ് പറയുന്നു. ആദ്യഭാര്യ ഇന്‍ഡോറിലാണ് താമസം. വിവരമറിഞ്ഞതിനുശേഷം മുസ്കാനും നീലേഷും പതിവായി വഴക്കിട്ടിരുന്നു. മുസ്കാന്റെ തലയില്‍ പരിക്കേറ്റ പാടുണ്ടെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ നീലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടല്‍ ജീവനക്കാരനും നീലേഷിനും പുറകെയായി മുസ്കാന് നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജീവനക്കാരനാണ് ആദ്യം മുറിയുടെ അകത്തുകടന്നത്, പിന്നാലെ നീലേഷും. മുറിയുടെ വാതില്ക്കലെത്തിയ മുസ്കാന് ഒരു നിമിഷം നില്ക്കുന്നതും തുടര്‍ന്ന് പുറകിലേയ്ക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശേഷം മുസ്കാനെ നീലേഷ് അകത്തേയ്ക്ക് എടുത്തുകൊണ്ട് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
https://www.facebook.com/Malayalivartha


























