എന്റെ കിളിയേ..! ഒരു ആചാരവും വേണ്ട പൊട്ടിത്തെറിച്ച് അമ്മ നെഞ്ച് പൊട്ടി അച്ഛൻ

ഏറെ പ്രതീക്ഷകളുമായി ജർമനിയിലേക്കു ചിറകടിച്ചുയർന്ന ‘കിളി’ തിരികെയെത്തിയത് നാടിന്റെ അശ്രുപുഷ്പങ്ങൾ ഏറ്റുവാങ്ങാൻ. ജർമനിയിലെ ബോഹൂം നഗരത്തിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് പ്രിയപ്പെട്ടവർ ‘കിളി’ എന്നു വിളിച്ചിരുന്ന ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ടേൽ നോവ സാബുവിന്(25) ജീവൻ നഷ്ടമായത്.
ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഡൽഹി വഴി 23ന് രാത്രിയിലാണ് മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചത്. അവിടെനിന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ച മൃതദേഹം ഇന്നലെ രാവിലെയാണ് ശാന്തിഗ്രാമിലെ വീട്ടിൽ കൊണ്ടുവന്നത്. നോവയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി നാടിന്റെ നാനാമേഖലകളിൽ നിന്നുള്ളവർ രാവിലെ മുതൽ വീട്ടിലേക്ക് ഒഴുകിയെത്തി. മന്ത്രി അനൂപ് ജേക്കബ്, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാർ തുടങ്ങിയ പ്രമുഖരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
റിട്ട. എസ്‌ഐയായ പിതാവ് കെ.പി.സാബുവിന്റെയും ചെമ്പകപ്പാറ പിഎച്ച്‌സിയിലെ പബ്ലിക് ഹെൽത്ത് നഴ്‌സായ അമ്മ പി.എൻ.ജ്യോതിയുടെയുമെല്ലാം ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. യാത്രാമൊഴിയേകാൻ എത്തിയവർ പുഷ്പങ്ങൾ അർപ്പിച്ചാണ് അവരുടെ പ്രിയപ്പെട്ട ‘കിളി’ക്ക് വിടചൊല്ലിയത്. സംസ്‌കാരച്ചടങ്ങിനു മുന്നോടിയായി പെട്ടി തുറന്നപ്പോൾ നോവയുടെ മുഖം തടവിക്കൊണ്ട് വിങ്ങിപ്പൊട്ടി സമീപത്തിരുന്ന അമ്മയുടെയും കണ്ണീർപൊഴിച്ചുകൊണ്ടിരുന്ന പിതാവിന്റെയും ദുഃഖം മറ്റുള്ളവരുടെയും കണ്ണുകളെ ഈറനണിയിച്ചു. വീട്ടുമുറ്റത്തോടു ചേർന്ന് ഒരുക്കിയ ചിതയിലേക്ക് മൃതദേഹം എടുത്തപ്പോൾ അതുവരെ തെളിഞ്ഞുനിന്ന അന്തരീക്ഷത്തിൽനിന്ന് മഴയും കണ്ണീരായി പെയ്തിറങ്ങി. ജർമനിയിലെ തീപിടിത്തത്തിൽ കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്.ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























