സ്വപ്നയെ പൂട്ടിയതാര്... സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ്; ഇത്രയൊക്കെ സമ്പത്ത് പൂഴ്ത്തിവച്ച് അഭിമാനം പണയം വച്ച് ഒരാള്‍ കടം വാങ്ങുമോ? അന്വേഷണം നീങ്ങുന്നത് ബിനാമി ഇടപാടിലേക്ക്; അഭിനയമോ സത്യമോ!

ദാരിദ്ര്യ ദു:ഖമാണ് ലോകത്ത് ഏറ്റവും വലിയ ദു:ഖം. ആ ദു:ഖമാണ് പല പല ജീവിതങ്ങളും അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്നത്. മറ്റൊരാളുടെ മുമ്പില്‍ കടത്തിനായി കൈനീട്ടുന്ന ഒരവസ്ഥ മലയാളികള്‍ക്കെല്ലാമറിയാം. ഒരിക്കലെങ്കിലും കൈനീട്ടി കടം വാങ്ങാത്തവരോ കൊടുക്കാത്തവരോ ആയ ആരുമില്ലാതില്ല. കടം കൊടുക്കുന്ന ആള്‍ രാജാവും കടം വാങ്ങുന്ന ആള്‍ യാചകനും ആകുന്ന അവസ്ഥയാണ്. അതേസമയം പണം കിട്ടിക്കഴിഞ്ഞാല്‍ കിട്ടിയയാള്‍ രാജാവും നല്‍കിയ ആള്‍ യാചകനുമാകുന്ന അവസ്ഥയുമുണ്ട്. ആ കൊടുത്ത പണം കിട്ടാന്‍ എത്ര യാചന നടത്തിയിട്ടും കാര്യവുമുണ്ടാവില്ല. കയ്യൂക്കുള്ള ചിലര്‍ ഏത് വിധേനയും വാങ്ങിയെടുക്കുമെന്ന് മാത്രം.
നമ്മള്‍ പറഞ്ഞ് വരുന്നത് സ്വപ്നയുടെ കാര്യമാണ്. കൈയ്യില്‍ കാശുണ്ടെങ്കില്‍ അത് മറച്ച് വച്ച് കടം ആരെങ്കിലും വാങ്ങുമോ. ഇല്ല തന്നെ, അത്രയ്ക്ക് അഭിമാനികളാണ് മലയാളികള്‍. എന്നാല്‍ സ്വപ്നയെന്തിന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും ലോക്കറില്‍ വച്ചിട്ട് കടം വാങ്ങിയതെന്നാണ് ആര്‍ക്കും മനസിലാകാത്തത്.
ഈ സംശയത്തിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്. സ്വപ്ന സുരേഷ് ഉന്നതരുടെ ബിനാമിയാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി സംശയിക്കുന്നത്. സ്വപ്നയ്ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും 2 വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറില്‍ നിന്നു 3 തവണ പണം കടം വാങ്ങിയെന്നും ഇഡി കണ്ടെത്തി.
സ്വപ്നയുടെ പേരിലുള്ള സംയുക്ത ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാര്‍ക്കോ വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് ഇഡിയുടെ നിഗമനം. ഇതാരുടെതാണെന്നു കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പല ഉന്നതരെയും ചോദ്യംചെയ്യും. ലോക്കറില്‍ വലിയ തുകയുണ്ടെന്നു സ്വപ്നയ്ക്കും ശിവശങ്കറിനും അറിയാമെങ്കിലും അതെടുക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നു ശിവശങ്കര്‍ 3 തവണ സ്വപ്നയ്ക്കു പണം നല്‍കി. ഈ തുക സ്വപ്ന ഇതുവരെ തിരികെ നല്‍കിയിട്ടില്ല. ലോക്കറിലുള്ള പണം സ്വപ്നയ്‌ക്കോ ശിവശങ്കറിനോ അവകാശപ്പെട്ടതാണെങ്കില്‍ അവര്‍ അതെടുക്കുമായിരുന്നുമെന്നാണ് നിഗമനം.
ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ തുകയും സ്വര്‍ണവും തന്റേതാണെന്ന സ്വപ്നയുടെ ആവര്‍ത്തിച്ചുള്ള മൊഴി ചില ഉന്നതരെ സംരക്ഷിക്കാനാണെന്നാണ് ഇഡിയുടെ നിലപാട്. ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിച്ചതിനു യൂണിടാക് കമ്പനി നല്‍കിയ കമ്മിഷനാണെന്ന മൊഴി ശരിയാണെന്ന് സൂചന ലഭിച്ചെങ്കിലും ലോക്കറില്‍ സൂക്ഷിച്ച തുക ആര്‍ക്കു കൈമാറാനുള്ളതാണെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇഡി അടക്കം 3 അന്വേഷണ ഏജന്‍സികളും നടത്തിയ ചോദ്യം ചെയ്യലുകളില്‍ ലോക്കറില്‍ കണ്ടെത്തിയ തുക സ്വപ്നയുടേതാണെന്നാണ് സ്വപ്നയും ശിവശങ്കറും പറഞ്ഞത്.
പക്ഷേ, സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ അതെടുക്കാഞ്ഞതെന്ത് എന്നതിനു മറുപടിയില്ല. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ മടിച്ച ഇഡി കേസ് ഡയറി സമര്‍പ്പിച്ചു. ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മാണ കരാറില്‍ 3.6 കോടി രൂപയോളം കമ്മിഷന്‍ ഇനത്തില്‍ ലഭിച്ചതായാണ് നിഗമനം. പ്രതികള്‍ നടത്തിയ കള്ളപ്പണ ഇടപാടുകള്‍ കേസ് ഡയറി പരിശോധിക്കുമ്പോള്‍ കോടതിക്കു വ്യക്തമാകുമെന്നു പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ 21ന് വിധി പറയും. ജാമ്യം അനുവദിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അടക്കം സ്വാധീനമുള്ള പ്രതി തെളിവുകള്‍ നശിപ്പിക്കുമെന്ന് ഇഡി വാദിച്ചു.
അതേസമയം സ്വപ്ന സുരേഷിന്റെ ലോക്കറിന്റെ പിന്നാമ്പുറങ്ങള്‍ തേടിയുള്ള അന്വേഷണം നീളുന്നത് പലരിലേക്കുമാണ്. ഒരിക്കല്‍ പോലും ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് അവരാരും വിചാരിച്ചിരുന്നില്ല. സ്വപ്നയെ കൊണ്ട് കടം വാങ്ങിപ്പിച്ച എല്ലാവരുടേയും നെഞ്ച് ഇടിക്കുകയാണ്.
https://www.facebook.com/Malayalivartha


























