വായില്‍ ഗുരുതര പരുക്കേറ്റ് അവശനിലയില്‍ കാട്ടാനയെ അട്ടപ്പാടിയില്‍ കണ്ടെത്തി

വായില്‍ ഗുരുതര പരുക്കേറ്റ് അവശനിലയിലായ കാട്ടാനയെ അട്ടപ്പാടി ഷോളയൂരില്‍ കണ്ടെത്തി. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന കീരിപ്പതി വനമേഖലയിലാണ് ബുള്‍ഡോസര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മോഴയാനയെ കണ്ടെത്തിയത്. കീഴ്ത്താടിയില്‍ നീരുവന്നതിനാല്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആനയുടെ ജീവന് നഷ്ടമായേക്കും. പരുക്ക് പുറമേക്ക് പ്രകടമല്ലെങ്കിലും വായിലുള്ള മുറിവ് ഗുരുതരമാണെന്നാണ് അനുമാനം.
വനംവകുപ്പ് ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ്. മയക്കുവെടിവച്ചു മാത്രമേ ചികിത്സിക്കാനാകൂവെങ്കിലും ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമേ ഇതില്‍ തീരുമാനമെടുക്കൂ. തമിഴ്നാട് വനമേഖലയില്‍നിന്നാണ് ആനയ്ക്ക് പരുക്കേറ്റതെന്നാണ് നിഗമനം. പരുക്കേറ്റ കാട്ടാനയെ കണ്ടതായും അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നും തമിഴ്നാട് വനംവകുപ്പ് 16-ാം തീയതി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
അഗളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി. ഉദയന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് കാട്ടാനയെ കണ്ടെത്തിയത്. പരുക്കേറ്റ കാട്ടാന അട്ടപ്പാടിയിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. പ്രദേശത്ത് വനംവകുപ്പും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. പരുക്കേറ്റ കാട്ടാന മുമ്പ് പ്രദേശത്തെ ഇരുപതോളം വീടുകള്‍ തകര്‍ത്തിരുന്നു.
മെയ് അവസാനം മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന സ്ഫോടനത്തില്‍ വായതകര്‍ന്ന് പട്ടിണികിടന്ന് ചരിഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. കേസില്‍ കെണിയൊരുക്കിയ ടാപ്പിങ് തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തെങ്കിലും ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമകള്‍ ഇപ്പോഴും ഒളിവിലാണ്.
https://www.facebook.com/Malayalivartha


























