പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിനമായ ഇന്നും തുടരും....പെട്ടിമുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി പുഴയിലാണ് ഇന്ന് തിരച്ചില്‍ നടത്തുക

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിനമായ ഇന്നും തുടരും. പെട്ടിമുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി പുഴയിലാണ് ഇന്ന് തിരച്ചില്‍ നടത്തുക. ഒമ്പത് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 61 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു . ഇതില്‍ അശ്വന്ത് രാജ് (6), അനന്ത ശെല്‍വം (57) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞദിവസം തിരച്ചില്‍ നടത്തിയത് . മണ്ണിനടിയില്‍ മനുഷ്യരുണ്ടെങ്കില്‍ കണ്ടെത്താന്‍ സഹായിക്കുന്ന റഡാറിന്റെ സഹായവുമുണ്ടായിരുന്നു. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചില്‍ നടത്തിയത്. ഇതിനായി ചെന്നൈയില്‍ നിന്നുള്ള നാലംഗ സംഘമെത്തിയിരുന്നു. ഇന്നലെ മഴ പെയ്തത് തിരച്ചില്‍ ജോലികള്‍ക്ക് ചെറിയ തടസമുണ്ടാക്കി.
കാലാവസ്ഥ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അനുകൂല കാലാവസ്ഥയാണെങ്കില്‍ ഡോഗ് സ്ക്വാഡും തിരച്ചിലില്‍ സജീവമാകും.
"
https://www.facebook.com/Malayalivartha


























