യുവാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു; നടുക്കം മാറാതെ നാട്ടുകാര്‍

സൂരംബയലില്‍ ഭഗവതി പ്രസാദം ഓയില്‍ മില്ലിലെ ജീവനക്കാരനായ ഹരീഷിനെ ഇക്കഴിഞ്ഞ 17-ാം തീയതി രാത്രിയാണ് വെട്ടേറ്റ് റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. പതിവായി നേരത്തെ വീട്ടിലെത്തിയിരുന്ന ഹരീഷ് അന്ന് സമയം ഏറെയായിട്ടും എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈലില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അമ്മ ഷീല വീടിനടുത്തുള്ള ഒരു യുവാവിനെ ഓയില്‍ മില്ലിനടുത്തേക്ക് പറഞ്ഞു വിട്ടിരുന്നുവെങ്കിലും അവിടെയുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ തിരിച്ചിലിനിടെ വഴിയാത്രക്കാരാണ് റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരെത്തിയാണ് വെട്ടേറ്റത് ഹരീഷിനാണെന്ന് തിരിച്ചറിഞ്ഞത്.
പൊലീസ് ആദ്യം കുമ്പളയിലെയും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കിടയാക്കിയതെന്നു പൊലീസ് സൂചിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ നായ്ക്കാപ്പില്‍ വച്ച് രാത്രി 9.30-നും 10.30-നും ഇടയിലാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെ ഹരീഷിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് സംശയിക്കുന്ന പ്രതിയുടെ സുഹൃത്തുക്കളായ യുവാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇവര്‍ മിനിഞ്ഞാന്നു രാത്രി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ഇന്നലെ രാവിലെ എത്തി കുളിച്ചു ചായ കഴിച്ചതിനു ശേഷം തിരിച്ചു പോവുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. കുമ്പള സിഐ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.കുമ്പള പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























