കാലിക്കറ്റ് സര്‍വകലാശാലാ ബിരുദപ്രവേശനത്തിന് പരമാവധി ഓപ്ഷനുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം

ഏകജാലക സംവിധാനം അനുസരിച്ച് ബിരുദ പ്രവേശനത്തിന് 20 ഓപ്ഷനുകള്‍ വരെ നല്കാന് സൗകര്യം ഉണ്ടായിട്ടും അതിന്റെ പകുതി പോലും നല്‍കാതെ കാല് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍. കൂടുതല്‍ കോളജുകളിലേക്ക് ഓപ്ഷന് നല്‍കിയില്ലെങ്കില്‍ സീറ്റ് ലഭിക്കാതെ പുറത്താകാന്‍ ഇടയുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ മുന്നറിയിപ്പു നല്കി.
കോവിഡ് വ്യാപന സാഹചര്യത്തില്‍ വീട്ടില്‍നിന്ന് അധികം അകലെയല്ലാത്ത കോളജുകളിലേക്കാണ് പലരും ഓപ്ഷന് നല്‍കിയത്. അലോട്മെന്റ് ലഭിച്ചാല്‍ കോളജില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും ദുരെയുള്ള കോളജുകളെ ഒഴിവാക്കാന്‍ കാരണമാകുന്നതായി കരുതുന്നു. ഒരു കോളജിലേക്ക് മാത്രമായി ഓപ്ഷന് നല്കിയവര് പോലുമുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് ആണ് പരിഗണനയില്‍ എന്നതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. മെറിറ്റ്, സംവരണ വിഭാഗങ്ങളിലായി ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു ലക്ഷത്തോളം സീറ്റേയുള്ളു.
ഇതിനകം 1,17,500 പേര് ഓണ്‍ലൈന്‍ റജിസ്ട്രേഷന് പൂര്‍ത്തിയാക്കി. 22-ന് 5 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. ഇതോടെ അപേക്ഷകരുടെ എണ്ണം ഇനിയും വര്‍ധിക്കും.ഓപ്ഷന് കുറച്ചു നല്‍കിയവര്‍ക്ക് ഇപ്പോഴത്തെ തെറ്റുതിരുത്തല്‍ അവസരം വിനിയോഗിച്ച് ശേഷിക്കുന്ന ഓപ്ഷനുകള്‍ കൂടി നല്കാന് അവസരമുണ്ട്. അതു വിനിയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























