പിഎസ്സി നിയമന വിവാദം: റാങ്ക് ഹോള്‍ഡര്‍ പ്രതിനിധികളുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിക്കാഴ്ച നടത്തി

പിഎസ്സി ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ പ്രതിപക്ഷ സംഘടനകള്‍ കാര്യമായി ഏറ്റെടുത്തതിനിടെ വിവിധ ജില്ലകളിലെ റാങ്ക് ഹോള്‍ഡര്‍ പ്രതിനിധികളുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സിപിഎം അനുഭാവികളായ ഉദ്യോഗാര്‍ഥികള്‍ മുഖേനെയായിരുന്നു കൂടിക്കാഴ്ച. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം ചേരരുതെന്നുമായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാനമായും ആവശ്യപ്പെട്ടത്.
എല്ലാ ജില്ലയിലും പിഎസ്സി ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡിവൈഎഫ്ഐ കോഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികളെ അറിയിച്ചിട്ടുണ്ട്. വിവിധ റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ ഒഴിവുകള്‍ വാങ്ങി നല്‍കും. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ സംഘടന ഇടപെടും. എന്നാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. താല്‍ക്കാലിക ജീവനക്കാരെ ഒറ്റയടിക്കു പുറത്താക്കാന്‍ കഴിയില്ല.
മുന്‍പ് ഡിവൈഎഫ്ഐ ജാഥയുടെ ഭാഗമായി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളെ കണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കൂടിക്കാഴ്ച നടത്തിയത്. അതു നിലവിലെ നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അല്ലെന്ന് റഹീം പറഞ്ഞു. അതേസമയം പിഎസ്സി ഉദ്യോഗാര്‍ഥികളുമായുള്ള നിരന്തര ബന്ധത്തിന്റെ ഭാഗമായി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുക മാത്രമാണു ചെയ്തതെന്നു എ.എ.റഹീം വ്യക്തമാക്കി. പല ജില്ലകളിലെയും റാങ്ക് ഹോള്‍ഡര്‍ പ്രതിനിധികളുമായി നേരിലും ഫോണിലും സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























