കേരളത്തില്‍ ഇന്നലെ 2333 പേര് കോവിഡ് പോസിറ്റീവ്, 7 മരണം; ഒരു മാസം കൊണ്ട് കേരളത്തിലെ കോവിഡ് 5 മടങ്ങായി

കേരളത്തില്‍ ഒരു ദിവസം വൈറസ് ബാധിച്ചവരുടെ എണ്ണം ആദ്യമായി 2000 പിന്നിട്ട ഇന്നലെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. ഇന്നലെ 2333 പേര് കോവിഡ് പോസിറ്റീവ്. ഇന്നലെ വരെ പോസിറ്റീവ് ആയവര്‍ മൊത്തം 50,231. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 50,175 പേരേയുള്ളൂ. പോസിറ്റീവ് ആയശേഷം സംസ്ഥാനം വിട്ടവരും കൂടി ഉള്പ്പെടുമ്പോഴാണു 50,231 ആകുന്നതെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ചികിത്സയിലുള്ളത് 17,382 പേര്; ഇതിനകം കോവിഡ് മുക്തരായതു 32,611 പേര്. ഔദ്യോഗിക മരണസംഖ്യ 182.
ഒരു മാസത്തിനിടയിലാണ് കേരളത്തില്‍ മൊത്തം കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് അരലക്ഷത്തിലെത്തിയത്. ജനുവരി 30-ന് രാജ്യത്ത് ആദ്യമായി കേരളത്തിലാണ് കോവിഡ് പോസിറ്റീവ് ആയത്. ജൂലൈ 16-ന് എണ്ണം 10,000 കടന്നു. ഇന്നലെ 50,000 പിന്നിട്ടു.
സ്വകാര്യ ആശുപത്രികളില്‍ തിരക്കു വര്‍ധിക്കുന്നതനുസരിച്ച് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും ഉയരുമെന്നു കണക്കാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പരിശോധനയുടെ തോത് ഉയര്‍ന്നതോടെ പോസിറ്റീവ് ആകുന്നവരുടെ കണക്കും ഉയര്‍ന്നു, ഇന്നലെ പരിശോധിച്ചതു 36,291 സാംപിളുകളാണ്.
7 പേരുടെ മരണം കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ പോസിറ്റീവ് ആയ 2,333 പേരില്‍ 2,151 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു കോവിഡ്. ഇതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 98 പേരും വിദേശത്തു നിന്നെത്തിയ 60 പേരും പോസിറ്റീവായി. കൂടാതെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എറണാകുളത്തെ 7 ഐഎന്‍എച്ച്എസ്. ജീവനക്കാര്‍ക്കും സ്ഥിരീകരിച്ചു.
ഇന്നലെ പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 540, മലപ്പുറം- 322, ആലപ്പുഴ- 253, എറണാകുളം- 230, കോട്ടയം- 203, കാസര്‍കോട്- 174, കണ്ണൂര്‍- 126, തൃശൂര്‍- 97, പത്തനംതിട്ട- 87, കോഴിക്കോട്- 78, കൊല്ലം- 77, പാലക്കാട്- 65, ഇടുക്കി- 64 പേര്‍ക്കും, വയനാട്- 17.
https://www.facebook.com/Malayalivartha


























