സ്വപ്നത്തിലുമില്ല ഈ കൊള്ള... പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് തലചായ്ക്കാനായി പണിയുന്ന ഫ്‌ളാറ്റിന് ആകെ അനുവദിച്ചത് 20 കോടി; അതില്‍ കാല്‍ ഭാഗവും സ്വപ്നയും കൂട്ടരും കമ്മീഷനായി അടിച്ചുമാറ്റിയതായി കണ്ടെത്തല്‍; 4.25 കോടി കമ്മിഷന്‍ നല്‍കിയെന്ന് യൂണിടാക് മൊഴി

വീടില്ലാത്തവന്റെ അവസ്ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. അതും ഉണ്ടായിരുന്ന വീട് പ്രളയത്തില്‍ നഷ്ടപ്പെട്ടവരുടേത്. പ്രകൃതി ദുരന്തങ്ങള്‍ കാരണം വീട് തകര്‍ന്നവരുടെ രക്ഷ ഏറ്റെടുത്തവര്‍ അതിനേക്കാളും വലിയ ദുരന്തമായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ നോക്കണേ ഈ പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനുള്ള 20 കോടി രൂപയില്‍ കാല്‍ ഭാഗവും കമ്മീഷനായി പോയെന്നാണ് വെളിപ്പെടുത്തല്‍. അപ്പോള്‍ പിന്നെ വീടിന്റെ അവസ്ഥ പറയാനുണ്ടോ.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണകരാര്‍ ലഭിക്കാന്‍ 4.25 കോടി രൂപ കമ്മിഷന്‍ നല്‍കേണ്ടി വന്നതായി കരാര്‍ ഏറ്റെടുത്ത കമ്പനിയായ യൂണിടാക് പ്രതിനിധികള്‍ തന്നെയാണ് അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും നടത്തിയ ചോദ്യം ചെയ്യലിലാണു ഭവനരഹിതര്‍ക്കു വീടുനിര്‍മിക്കാന്‍ ലഭിച്ച 20 കോടി രൂപയില്‍ ഇത്രയും തുക കമ്മിഷന്‍ നല്‍കേണ്ടിവന്നതായുള്ള വെളിപ്പെടുത്തലുണ്ടായത്.
ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് നടപ്പിലാക്കുന്ന പദ്ധതിയുടെ കമ്മിഷന്‍ തുകയില്‍ നിന്നും യുഎഇ കോണ്‍സല്‍ ജനറലാണ് ഒരു കോടി രൂപ തനിക്കു സമ്മാനമായി നല്‍കിയതെന്നാണു സ്വപ്ന സുരേഷിന്റെ മൊഴി. ഇതേ കമ്മിഷന്‍ ഇടപാടില്‍ സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ക്ക് 75 ലക്ഷം രൂപ ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ കോടതി മുന്‍പാകെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം പ്രളയത്തില്‍ മണ്ണ് വാരിയിടാന്‍ പലരും മത്സരിച്ചതായും കാണാം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് അതിവേഗത്തിലെന്നു വ്യക്തമാക്കി തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ കത്ത് വ്യക്തമാക്കുന്നു. ധാരണാപത്രം ഒപ്പിടുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണു വിദേശ സഹായത്തെക്കുറിച്ച് ലൈഫ് മിഷന്‍ സിഇഒ പോലും അറിയുന്നത്. ധാരണാപത്രം തയാറാക്കിയത് റെഡ് ക്രസന്റ് ഏകപക്ഷീയമായിട്ടാണെന്നും കത്ത് വ്യക്തമാക്കുന്നു.
തദ്ദേശ സെക്രട്ടറിയായിരുന്ന ടി.കെ. ജോസ് 2019 ജൂലൈ 11 ന് ലൈഫ് മിഷന്‍ സിഇഒയ്ക്ക് അയച്ചതാണു കത്ത്. അന്നു വൈകിട്ട് റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിടാന്‍ എത്തണമെന്നായിരുന്നു നിര്‍ദേശം. പദ്ധതി റെഡ് ക്രസന്റ് നേരിട്ടാണു നടപ്പാക്കുന്നതെന്നു കത്തില്‍ പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും ഇതിലില്ല.
ഒപ്പിടാനുള്ള ധാരണാപത്രം റെഡ് ക്രസന്റ് കൈമാറിയിട്ടുണ്ടെന്നു വ്യക്തമാക്കി അതിന്റെ പകര്‍പ്പ് ഈ കത്തിനൊപ്പം അയച്ചിരുന്നു. അതായത്, വൈകിട്ട് 5 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ഒപ്പിടേണ്ട ധാരണാപത്രം ലൈഫ്മിഷന്‍ സിഇഒ കാണുന്നത് ഉച്ചയ്ക്ക്. നടപടിക്രമങ്ങള്‍ ഇത്രയും വേഗത്തിലാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തിയതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആയിരുന്നു. ധാരണാപത്രം ഒപ്പിടുന്നതിന് ഒരു മാസം മുന്‍പു വരെ ശിവശങ്കറിനായിരുന്നു ലൈഫ് മിഷന്റെ ചുമതല.
അതേസമയം സ്വപ്ന സുരേഷ് ഉന്നതരുടെ ബെനാമിയാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നത്. സ്വപ്നയ്ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും 2 വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറില്‍ നിന്നു 3 തവണ പണം കടം വാങ്ങിയെന്നും ഇഡി കണ്ടെത്തി.
സ്വപ്നയുടെ പേരിലുള്ള സംയുക്ത ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാര്‍ക്കോ വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് ഇഡിയുടെ നിഗമനം. ഇതാരുടെതാണെന്നു കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പല ഉന്നതരെയും ചോദ്യംചെയ്യും. ലോക്കറില്‍ വലിയ തുകയുണ്ടെന്നു സ്വപ്നയ്ക്കും ശിവശങ്കറിനും അറിയാമെങ്കിലും അതെടുക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നു ശിവശങ്കര്‍ 3 തവണ സ്വപ്നയ്ക്കു പണം നല്‍കി. ഈ തുക സ്വപ്ന ഇതുവരെ തിരികെ നല്‍കിയിട്ടില്ല. ലോക്കറിലുള്ള പണം സ്വപ്നയ്‌ക്കോ ശിവശങ്കറിനോ അവകാശപ്പെട്ടതാണെങ്കില്‍ അവര്‍ അതെടുക്കുമായിരുന്നുമെന്നാണ് നിഗമനം. ഇങ്ങനെ പാവങ്ങളുടെ വീട്ടില്‍ മണ്ണുവാരിയിട്ടവര്‍ ഒന്നൊന്നായി കുടുങ്ങാന്‍ പോകുകയാണ്. നമുക്ക് കാത്തിരിക്കാം.
https://www.facebook.com/Malayalivartha


























