യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സിന്റെ വധശിക്ഷ ശരിവച്ചു

യെമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം 110 കഷ്ണങ്ങളായി വെട്ടിനുറുക്കി ബാഗില്‍ നിറച്ചു വാട്ടര്‍ ടാങ്കിലിട്ട കേസില്‍ മലയാളി നഴ്സ് പാലക്കാട് കൊല്ലങ്കോട് തേക്കില്ചിറ പൂങ്കായം വീട്ടില്‍ നിമിഷ പ്രിയയ്ക്കു വിധിച്ച വധശിക്ഷ യെമന്‍ അപ്പീല്‍ കോടതി ശരിവച്ചു.
കേസിനാസ്പദമായ സംഭവം നടന്നത് 2017-ലാണ്. ക്ലിനിക്ക് നടത്തിയിരുന്ന തലാല്‍ അബ്ദു മഹ്ദിയും നിമിഷ പ്രിയയും ഒരു അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. മുറിയില്‍വെച്ച് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയശേഷം നഴ്സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് മൃതദേഹം വെട്ടിനുറുക്കി ഒളിപ്പിച്ചത്. മൂന്ന് ദിവസം കഴിഞ്ഞ് ദുര്‍ഗന്ധം വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
യെമന്‍ കോടതി 2018-ലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ശാരീരിക ആക്രമണവും ഉപദ്രവവും മൂലം ജീവന്നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് കൃത്യം നടത്തിയതെന്ന് നിമിഷ പ്രിയ കോടതിയില്‍ സമ്മതിച്ചു. ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ നല്കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയത്.
നാട്ടിലെ ബന്ധുക്കള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന മോചനത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവും നിമിഷയ്ക്കൊപ്പം യെമനിലായിരുന്നു. കുഞ്ഞ് ജനിച്ചശേഷം ഭര്‍ത്താവും കുഞ്ഞും നാട്ടിലേക്കു മടങ്ങി. ഇതിനിടെ തലാല്‍ അബ്ദു മഹ്ദിയുടെ ക്ലിനിക്കില്‍ നിമിഷ പങ്കാളിയായി. ഇയാളെ വിവാഹം കഴിച്ചതായും പറയപ്പെടുന്നു.
കുടുംബ സ്വത്ത് ഉള്‍പ്പെടെ വിറ്റ് ബന്ധുക്കള്‍ നല്കിയ പണം കെട്ടിവെച്ചാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
നെന്മേനി എല്‍.പി. സ്കൂളിലും യോഗിനിമാതാ ഹൈസ്കൂളിലും പഠിച്ച നിമിഷ പ്രിയ കുറുവിലങ്ങാട് സ്വകാര്യ നഴ്സിങ് സ്ഥാപനത്തിലും പിന്നീട് ബംഗളൂരുവിലുമായാണു നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha


























