തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് പാട്ടത്തിനു വിട്ടുകൊടുക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി, അദാനി ഗ്രൂപ്പിന് ചുമതല

തിരുവനന്തപുരം, ജയ്പുര്‍, ഗുവാഹത്തി രാജ്യാന്തരവിമാനത്താവളങ്ങളുടെ നടത്തിപ്പ് പാട്ടത്തിനു വിട്ടുകൊടുക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഇവ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക(പി.പി.പി.)യില്‍ വികസിപ്പിക്കുമെന്നു കേന്ദ്ര പരിസ്ഥിതവകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിന്. വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം തള്ളിയാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 50 വര്‍ഷത്തേക്കായിരിക്കും അദാനി ഗ്രൂപ്പിനു നടത്തിപ്പു ചുമതല. തിരുവനന്തപുരം വിമാനത്താവളത്തിനുപുറമേ ലഖ്നൗവിലെ ചൗധരി ചരണ്‍ സിങ് രാജ്യാന്തര വിമാനത്താവളം, അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളം, ജയ്പുര്‍ വിമാനത്താവളം, മംഗളുരു വിമാനത്താവളം എന്നിവയുടെ നടത്തിപ്പിനുള്ള അവകാശം ലേലത്തിലൂടെ നേരത്തെ അദാനി എന്റര്‍പ്രൈസസ് നേടിയിരുന്നു. ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പിന് അദാനി ഗ്രൂപ്പ് ഇതിനോടകം എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കരാര്‍ ഒപ്പിട്ടുണ്ട്.
വിമാനത്താവള നടത്തിപ്പ് സര്‍ക്കാര്‍ കമ്പനിയുണ്ടാക്കി ഏറ്റെടുക്കാമെന്നായിരുന്നു കേരളം മുന്നോട്ടുവച്ച നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനു (ടിയാല്‍) കരാര്‍ നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ കമ്പനിക്കു സമാനമായി ടെന്‍ഡര്‍ നല്‍കാം എന്നും കേരളം അറിയിച്ചിരുന്നു.
തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളം പൊതു-സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു.
പി.പി.പി. മോഡല്‍ തെരഞ്ഞെടുക്കുക വഴി ക്ഷമത, വൈദഗ്ധ്യം, പ്രഫഷണലിസം എന്നിവ മെച്ചപ്പെടും. ഇതുകൂടാതെ പൊതുമേഖലയില്‍ നിക്ഷേപങ്ങളുടെ ആവശ്യകതയുണ്ട്. ഇതുവരെ പി.പി.പി. മാതൃകയിലുള്ള വിമാനത്താവള വികസനപദ്ധതികള്‍ വിമാനത്താവളങ്ങളില്‍ ലോകോത്തരനിലവാരത്തിലുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും വരുമാനം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. വിമാനത്താവള സേവനങ്ങളുടെ ഗുണനിലവാരവും ഉയര്‍ന്നു. ഡല്‍ഹി, ബംഗളുരു, ഹൈദരാബാദ്, കൊച്ചി എന്നിവ പി.പി.പി. മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. പി.പി.പി. മാതൃകയിലുള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളെ ഏഷ്യയിലെയും ലോകത്തിലെയും ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വിമാനത്താവളങ്ങളായാണ് എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എ.സി.ഐ.) അടയാളപ്പെടുത്തുന്നത്. പി.പി.പി. മാതൃക എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനം ഉയര്‍ത്താനും ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ ആധുനികവത്കരിക്കാനും സഹായിച്ചിട്ടുണ്ട്. ഇവയൊക്കെയാണ് പി.പി.പി. മാതൃകയില്‍ വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൈമാറുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പറയുന്ന നേട്ടങ്ങള്‍.
https://www.facebook.com/Malayalivartha


























