അതെങ്ങനെ ശരിയാകും... അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും ചെയ്തിട്ടും പിടികിട്ടാത്ത സംഭവമായി മാറി സ്വപ്ന സുരേഷ്; ബാങ്ക് ലോക്കറില്‍ ഒരു കോടിയും ഒരു കിലോ സ്വര്ണവുമുണ്ടായിട്ടും സ്വപ്നയ്ക്ക് കടം മാത്രം ബാക്കിയായതെന്ത്? ഒരിടത്തും ഒരു നിക്ഷേപവുമില്ലെന്നും കിട്ടുന്ന ശമ്പളം ചെലവാക്കി തീര്‍ക്കുമെന്ന മെഴികളില്‍ വൈരുദ്ധ്യമേറെ

എത്ര കിട്ടിയിട്ടും മാസാവസാനമാകുമ്പോള്‍ കടംവാങ്ങുന്ന ശരാശരി മലയാളിയുടെ പ്രതീകമായി സ്വപ്ന സുരേഷ് മാറുകയാണ്. ബാങ്ക് ലോക്കറില്‍ ഒരു കോടിയും ഒരു കിലോ സ്വര്ണവുമുണ്ടായിട്ടും സ്വപ്നയ്ക്ക് അതൊന്നും പോരായിരുന്നു. ശിവശങ്കറില്‍ നിന്നും 3 പ്രാവശ്യമാണ് സ്വപ്ന കടം വാങ്ങിയത്. അതൊന്നും ശിവശങ്കര്‍ ചോദിച്ചിട്ടുമില്ല, തിരിച്ച് കൊടുത്തിട്ടുമില്ല.
അതേസമയം ഇതിലെ വൈരുദ്ധ്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ് അന്വേഷണ സംഘം. സ്വര്‍ണക്കടത്തു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കി.
ഒരിടത്തും എനിക്കു നിക്ഷേപമില്ല, ജോലി ചെയ്തു കിട്ടുന്ന ശമ്പളം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിനു ചെലവാക്കി തീര്‍ക്കും. എന്ന സ്വപ്ന ദേശീയ അന്വേഷണ ഏജന്‍സിക്കു നല്കിയ മൊഴിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഇഡി. സ്വര്‍ണക്കടത്തു പുറത്തറിഞ്ഞ ശേഷം ബെംഗളൂരുവിലേക്കു കടക്കും മുന്‍പു പുറത്തു വിട്ട ശബ്ദരേഖയിലും സ്വപ്ന ഇക്കാര്യം പറയുന്നുണ്ട്.
സ്വപ്നയുടെ ബാങ്ക് ലോക്കറിലുള്ള പണം ആരുടേതാണെന്നു കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. കെട്ടുകളായി ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം പലഘട്ടത്തിലും സ്വപ്ന നിര്‍ദേശിക്കുന്നവര്‍ക്ക് എടുത്തു കൊടുത്തിട്ടുള്ളതായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരുന്നു.
ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും സംയുക്തമായാണു ലോക്കറെടുത്തിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പണം കൈമാറിയത് ആര്‍ക്കെല്ലാമാണെന്നു വ്യക്തമാകും. ചോദ്യം ചെയ്യലിനിടെയാണു നെഞ്ചുവേദനയെന്നു പരാതിപ്പെട്ടു സ്വപ്ന വൈദ്യസഹായം തേടിയത്. ഇതോടെ ചോദ്യം ചെയ്യല്‍ നിര്‍ത്തി. തുടര്‍ന്നാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു ഹാജരാകാന്‍ നിര്‍ദേശിച്ചത്. സ്വപ്ന നല്കിയ ആദ്യമൊഴികള്‍ എന്‍ഐഎ ഓഫിസിലെത്തി ഇഡി അസി.ഡയറക്ടര്‍ പി. രാധാകൃഷ്ണനും സംഘവും ശേഖരിച്ചു.
സ്വപ്നയ്ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും 2 വര്‍ഷത്തിനിടയില്‍ എം.ശിവശങ്കറില്‍ നിന്നു 3 തവണ പണം കടം വാങ്ങിയെന്നും ഇഡി കണ്ടെത്തി. ഇതാണ് അന്വേഷണം മറ്റുള്ളവരിലേക്ക് നീളുന്നത്. സ്വപ്നയുടെ പേരിലുള്ള സംയുക്ത ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാര്‍ക്കോ വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് ഇഡിയുടെ നിഗമനം. ഇതാരുടെതാണെന്നു കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പല ഉന്നതരെയും ചോദ്യംചെയ്യും. ലോക്കറില്‍ വലിയ തുകയുണ്ടെന്നു സ്വപ്നയ്ക്കും ശിവശങ്കറിനും അറിയാമെങ്കിലും അതെടുക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നു ശിവശങ്കര്‍ 3 തവണ സ്വപ്നയ്ക്കു പണം നല്കി. ഈ തുക സ്വപ്ന ഇതുവരെ തിരികെ നല്‍കിയിട്ടില്ല. ലോക്കറിലുള്ള പണം സ്വപ്നയ്ക്കോ ശിവശങ്കറിനോ അവകാശപ്പെട്ടതാണെങ്കില്‍ അവര്‍ അതെടുക്കുമായിരുന്നുമെന്നാണ് നിഗമനം.
ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ തുകയും സ്വര്‍ണവും തന്റേതാണെന്ന സ്വപ്നയുടെ ആവര്‍ത്തിച്ചുള്ള മൊഴി ചില ഉന്നതരെ സംരക്ഷിക്കാനാണെന്നാണ് ഇഡിയുടെ നിലപാട്. ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് മിഷന് ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിച്ചതിനു യൂണിടാക് കമ്പനി നല്കിയ കമ്മിഷനാണെന്ന മൊഴി ശരിയാണെന്ന് സൂചന ലഭിച്ചെങ്കിലും ലോക്കറില്‍ സൂക്ഷിച്ച തുക ആര്‍ക്കു കൈമാറാനുള്ളതാണെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇഡി അടക്കം 3 അന്വേഷണ ഏജന്‍സികളും നടത്തിയ ചോദ്യം ചെയ്യലുകളില്‍ ലോക്കറില്‍ കണ്ടെത്തിയ തുക സ്വപ്നയുടേതാണെന്നാണ് സ്വപ്നയും ശിവശങ്കറും പറഞ്ഞത്. പക്ഷെ എന്തിന് പ്രാരാബ്ധം പറയുന്നു എന്നാണ് മനസിലാകാത്തത്. അതിനാല്‍ തന്നെ പണത്തിന്റെ യഥാര്‍ത്ഥ അവകാശികളുടെ മുട്ടിടിക്കുകയാണ്.
https://www.facebook.com/Malayalivartha


























