മരണത്തിലും നെഞ്ചോട് ചേര്‍ത്ത് അയലത്തെ കുഞ്ഞും.... പെട്ടിമുടിയിലെ ദുരന്തഭൂമിയില്‍ നിന്ന് കണ്ടെടുത്തത് അമ്മയും മകളുമല്ല,ആത്മബന്ധം അതിനുമപ്പുറം... മരണപുതപ്പിനടിയില്‍ ലക്ഷണയെ അഞ്ജു മാറോടു ചേര്‍ത്ത് ....

പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ മണ്ണിനടിയില്‍ നിന്നു കഴിഞ്ഞയാഴ്ച ഇരുവരുടെയും ചേതനയറ്റ ശരീരങ്ങള്‍ പുറത്തെടുക്കുമ്പോള്‍ അമ്മയും മകളുമാണെന്നാണ് തെരച്ചില്‍ സംഘം കരുതിയത്. കാരണം മരണപുതപ്പിനടിയില്‍ ലക്ഷണയെ അഞ്ജു മാറോടു ചേര്‍ത്ത് പിടിച്ചിരുന്നു. അടുത്തടുത്ത ലയങ്ങളില്‍ കഴിഞ്ഞിരുന്ന അഞ്ജുമോളുടെയും ലക്ഷണയുടെയും ആത്മബന്ധം അത്രയ്ക്കായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു ദിവസവും ഉറങ്ങിയിരുന്നത്. അത്തരമൊരു ഉറക്കത്തിനിടെ ഇരുവരെയും മരണം കവര്‍ന്നത്.
ഒരാഴ്ച മുമ്പാണ് ഏഴ് വയസ്സുകാരി ലക്ഷണശ്രീയുടെയും അയല്‍വാസി അഞ്ജുമോളു(21)െടയും മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. കെട്ടിപ്പുണര്‍ന്നുകിടന്ന ഇരുവരും അമ്മയും മകളുമാണെന്ന് അന്ന് കരുതി. പിന്നീടാണ് ബന്ധുക്കള്‍ ഇരുവരെയും തിരിച്ചറിഞ്ഞത്. ഇവരുടെ സ്‌നേഹത്തിന്റെ കഥ ഇപ്പോഴാണ് പുറത്തുവന്നത്. ലക്ഷണശ്രീ തീരെ കുഞ്ഞായിരുന്നപ്പോള്‍ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം.
ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട അഞ്ജുമോള്‍ അമ്മൂമ്മ ചന്ദ്രയുടെകൂടെ പെട്ടിമുടിയിലെ പത്തുമുറി ലയത്തിലെ ഏഴാം നമ്പര്‍ വീട്ടിലാണ് താമസിച്ചിരുന്നത്. ലക്ഷണശ്രീ തൊട്ടടുത്ത ആറുമുറി ലയത്തിലെ നാലാം നമ്പര്‍ വീട്ടില്‍ രാജയുടെയും ശോഭനയുടെയും ഏകമകള്‍. അഞ്ജുമോള്‍ക്ക് ഒരു മകളോടെന്നപോലെ ലക്ഷണയോട് സ്‌നേഹമായിരുന്നു. ലക്ഷണയ്ക്ക് അഞ്ജു അമ്മയും സഹോദരിയുമൊക്കെയായിരുന്നു. അഞ്ജുവിനൊപ്പമാണ് ലക്ഷണ പല ദിനങ്ങളിലും ഉറങ്ങിയിരുന്നത്. അങ്ങനെയൊരു രാത്രിയാണ് ഇരുവരുടെയും ജീവന്‍ ഉരുള്‍ കവര്‍ന്നത്.
പാലക്കാട് ചിറ്റൂര്‍ കോളേജില്‍നിന്ന് ബി.എ. തമിഴ് പഠിച്ചിറങ്ങിയ അഞ്ജുവിന് ടീച്ചറാകാനായിരുന്നു ആഗ്രഹം. അവളുടെ ആഗ്രഹംപോലെ അടിമാലി എസ്.എന്‍.ഡി.പി. ബി.എഡ്. കോളേജില്‍ അഡ്മിഷന്‍ എടുത്ത് കാത്തിരിക്കുമ്പോഴാണ് ദുരന്തം. രണ്ടുമാസം കഴിഞ്ഞാല്‍ അഞ്ജുവിന്റെ കല്യാണം നടത്താനും നിശ്ചയിച്ചിരുന്നതാണ്. ലക്ഷണ രാജമലയിലെ തമിഴ് മീഡിയത്തില്‍ ഒന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. ലക്ഷണയുടെ അച്ഛനും അമ്മയും അഞ്ജുമോളുടെ അമ്മൂമ്മയും ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























