കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ സിലബസ് വെട്ടി കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന് കരിക്കുലം കമ്മിറ്റി

സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇനിയും സ്കൂളുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ സിലബസ് വെട്ടി കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന് ഇന്നലെ ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. അതേസമയം രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഉള്‍പ്പെടെ പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എല്ലാ കുട്ടികള്‍ക്കും (ആദിവാസി പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ള) ഡിജിറ്റല്‍ പഠനം കുറവുകളില്ലാതെ, ഉറപ്പാക്കാനും സിലബസ് വെട്ടിക്കുറയ്ക്കാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനുമാണ് തീരുമാനം. ഓണ്‍ൈലനില്‍ തന്നെ പഠനം തല്ക്കാലം പൂര്‍ത്തിയാക്കാനുള്ള നടപടികളായിരിക്കും നടത്തുക. സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താന്‍ പ്രത്യേക പരിപാടി നടപ്പാക്കാനും യോഗം തീരുമാനിച്ചു.യോഗ, ഡ്രില്‍ ക്ലാസ്സുകളുടെ ഡിജിറ്റല്‍ സംപ്രേക്ഷണവും, കലാകായിക പഠന ക്ലാസുകളും ഉടന്‍ ആരംഭിക്കാനും തീരുമാനമായി.
എല്ലാ ക്ലാസുകളും പരിശോധിച്ച് ഡിജിറ്റല്‍ ക്ലാസുകളുടെ മികച്ച നിലവാരം ഉറപ്പാക്കുന്നതിനായി എസ്.സി.ഇ.ആര്.ടി ഡയറകറുടെ നേതൃത്വത്തില്‍ ഒരു ഉപസമിതി രൂപീകരിക്കും. നേര്‍ക്കാഴ്ച എന്ന പേരില്‍ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങള്‍ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കും. സര്‍വ്വശിക്ഷാ കേരള ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനസഹായിയായ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്‍കും.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്, ഡി.ജി.ഇ: കെ. ജീവന് ബാബു, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ജെ. പ്രസാദ്, എസ്.എസ്.കെ ഡയറക്ടര്‍ കുട്ടികൃഷ്ണന്, അന്‍വര്‍ സാദത്ത്, കെ.സി. ഹരികൃഷ്ണന്, എന്‍.ശ്രീകുമാര്‍, സി.പ്രദീപ്, സി.പി. ചെറിയ മുഹമ്മദ്, ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അധ്യയനം സാധ്യമാകുമോയെന്ന് പരിശോധിക്കണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനുള്ള സാഹചര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കലാ-കായിക വിദ്യാഭ്യാസംകൂടി ഉള്‍പ്പെടുത്തും. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്കൂളുകളില്‍ ഉടനെ ക്ലാസ് ആരംഭിക്കാനാവാത്ത സാഹചര്യത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മാത്രം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ ഇന്നലെ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. ഡിജിറ്റല്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും.
https://www.facebook.com/Malayalivartha


























