അടിയോടടി; അവസാനം ക്വാറന്റീന്; പേരാമ്പ്രയില്‍ പൊരിഞ്ഞ പൊരാട്ടത്തിനൊടുവില്‍ കളക്ടറുടെ ചൂരല്‍ കശായം; സംഘര്‍ഷം എസ്.ടി.യുവില്‍ നിന്നും തൊഴിലാളികള്‍ സി.ഐ.ടി.യുവില്‍ ചേര്‍ന്നതിന്; ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താല്‍

കോവിഡ് കാലത്തെ കൂട്ടത്തല്ലിന് ജില്ലാ കളക്ടറുടെ ശിക്ഷ ക്വാറന്റീന്. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കെയാണ് പേരാമ്പ്രയില്‍ സംഘര്‍ഷം നടന്നത്. മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യവില്പനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇന്നു രാവിലെ എസ്.ടി.യു-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്.
പേരാമ്പ്രയില്‍ ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെ മാര്‍ക്കറ്റില്‍ മത്സ്യ വില്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇവരെ നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിവന്ന എസ്.ടി.യു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നൂറോളം ആളുകളുമായി തൊഴിലാളികളെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് അറിയിച്ചു.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഏറ്റുമുട്ടിയവര്‍ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കണം. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകുകയും ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മീന്വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര് പുലര്‍ച്ചെ മത്സ്യവില്പനയ്ക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇവരെ ലീഗ് പ്രവര്‍ത്തകര്‍ മീന്‍ വില്ക്കാന് അനുവദിച്ചില്ല. തുടര്‍ന്ന് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മാര്‍ക്കറ്റിലുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകരും തിരിച്ചടിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























