പെട്ടെന്ന് ഒരു കുലുക്കത്തോടെ വിമാനം വീഴുന്നതുപോലെ തോന്നി; തല എവിടെയും ഇടിക്കാതിരിക്കാൻ മുറുകെ പിടിച്ചു ; വിമാനത്തിലാകെ രക്ഷിക്കണേ എന്ന നിലവിളി; അനിയന്റെ തലയിലൂടെ ചോര വരുന്നുണ്ടായിരുന്നു ; കണ്ണുതുറന്ന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ പിന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയായി; സംയമനത്തോടെ ഇത്രത്തോളം ചെയ്യാൻ കഴിയുമെന്ന് താൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടില്ല; കരിപ്പൂർ വിമാന അപകടം മാറ്റിമറിച്ച ഇഷലിന്റെ അനുഭവം,

ഒരു പ്രകൃതി ദുരന്തം കണ്ട് ഉണർന്ന മലയാളികൾ ഉറങ്ങാൻ പോകുന്നതിന് മുന്നേ മറ്റൊരു ദുരന്ത വാർത്ത കേട്ട ആ ദിനം പെട്ടെന്ന് മറക്കാനാകില്ല.കരിപ്പൂർ വിമാന അപകടം പലരുടെയും ജീവിതം മാറ്റി മറീച്ചു. ഇപ്പോൾ ഒരു പെണ്കുട്ടിയുടെ അനുഭവം ശ്രദ്ധേയമാകുകയാണ്. ആത്മവിശ്വാസമില്ലാത്ത പെൺകുട്ടിയെന്നാണ് സ്വയം കരുതിയിരുന്നത്, കരിപ്പൂർ വിമാന അപകടം മാറ്റിമറിച്ച ഇഷൽ എന്ന പെൺ കുട്ടിയുടെ അനുഭവം. ആശു പത്രിയിൽ എത്തിയ ഉടനെ രക്ഷാപ്രവർത്തകരിൽ ഒരാളുടെ മൊബൈൽ നിന്ന് എൻ്റെ വാട്സ് ആപ്പിലേക്ക് അയച്ച ആ സന്ദേശം ആയിരിക്കും ഒരു പക്ഷെ ജീവിതത്തിൽ തൻ കേട്ട ഏറ്റവും വലിയ ആശ്വാസ സന്ദേശം. മറിച്ചായിരുന്നെങ്കിൽ അപകടവിവരം സോഷ്യൽമീഡിയ വഴി അറിഞ്ഞ ഹൃദയം തകരുന്ന അവസ്ഥയിലായിരുന്നു''- കരിപ്പൂർ വിമാന അപകടത്തെ അതിജീവിച്ച ഇഷലിനെക്കുറിച്ച് അഭിമാനത്തോടെ അച്ഛൻ സുൽഫിക്കർ അലി സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകളാണിത്. അപകടത്തിന്റെ ആദ്യനടുക്കത്തിൽ നിന്നും മുക്തമായ ഉടൻ തളർന്നിരുന്ന അമ്മയെയും പരിക്കുകളേറ്റ സഹോദരങ്ങളെയും പരിപാലിക്കുകയും വിമാനത്തിലെ മറ്റ് അംഗങ്ങൾക്ക് ക്രൂവിൽ നിന്ന് വെള്ളം വാങ്ങിക്കൊടുക്കുകയും ചെയ്തത് ഈ പതിനാറുകാരിയാണ്. സംയമനത്തോടെ ഇത്രത്തോളം ചെയ്യാൻ കഴിയുമെന്ന് താൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടില്ലെന്ന് ഇഷൽ പറയുന്നു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി സുൽഫിക്കർ അലിയുടെയും ഷമിലയുടെയും മകളായ ഇഷൽ അമ്മയ്ക്കും ഒമ്പതു വയസ്സുള്ള അനുജനും പതിനൊന്നുകാരി അനുജത്തിക്കുമൊപ്പം ഷാർജയിൽ നിന്ന് നാട്ടിലേക്കു തിരിച്ച ദിവസമായിരുന്നു. ആത്മവിശ്വാസമില്ലാത്ത പെൺകുട്ടിയെന്ന് സ്വയംകരുതിയ തന്നെ മാറ്റിമറിച്ച ആ ഓഗസ്റ്റ് ഏഴ് എന്ന ദിവസത്തെക്കുറിച്ച് ഇഷൽ പറയുന്നു.
ആറാം ക്ലാസ് മുതൽ പത്താംക്ലാസ്സ് വരെ ഷാർജയിലായിരുന്നു പഠനം, പത്തിനുശേഷം നാട്ടിൽ ചേരാം എന്നായിരുന്നു തീരുമാനം. അങ്ങനെ അമ്മയ്ക്കും അനുജനും അനുജത്തിക്കുമൊപ്പമാണ് അപകടം നടന്ന ദിവസം നാട്ടിലേക്കു തിരിക്കുന്നത്. ഷീൽഡെല്ലാം ധരിച്ച് 12.45 ഒക്കെ ആയപ്പോൾ സീറ്റിൽ വന്നിരുന്നു. അരമണിക്കൂറോളം ഫ്ലൈറ്റ് വൈകിയിരുന്നു.
കോഴിക്കോട് എത്താറായപ്പോൾ ഇരുട്ടു തോന്നിയിരുന്നു, ലാൻഡ് ചെയ്യുമ്പോൾ നല്ല മഴയാകുമെന്നാണ് കരുതിയത്. ചെറുതായി റൺവേയിലെ ചുവന്ന ലൈറ്റുകൾ കണ്ടതോടെ ഇപ്പോൾ ലാൻഡ് ചെയ്യുമെന്നും തോന്നി. പക്ഷേ വീണ്ടും വിമാനം ഉയർന്ന് ചുറ്റി വരുന്നതുപോലെ തോന്നി. രണ്ടാമത്തെ തവണയും റൺവേ കണ്ടപ്പോൾ ലാൻഡ് ചെയ്യുമെന്ന് ഉറപ്പായി. പക്ഷേ പെട്ടെന്ന് വിമാനം വേഗതയിൽ പോകുന്നതുപോലെ തോന്നി. റൺവേയുടെ പകുതിഭാഗം വരെ ടയർ തൊടുന്നില്ലെന്നു തോന്നിയിരുന്നു. ഈ വേഗം ഒന്നു കുറഞ്ഞിരുന്നെങ്കിൽ എന്ന് ഞങ്ങൾ പരസ്പരം പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു കുലുക്കത്തോടെ വിമാനം വീഴുന്നതുപോലെ തോന്നി. തല എവിടെയും ഇടിക്കാതിരിക്കാൻ മുറുകെ പിടിച്ചിരുന്നു. സീറ്റ്ബെൽറ്റ് ഇട്ടതുകൊണ്ടു മാത്രം പറന്നുപോയില്ല. വിമാനത്തിലാകെ രക്ഷിക്കണേ എന്ന നിലവിളി മാത്രമായി. മാത്രമല്ല വെളിച്ചവും പോയി. കുട്ടികളെ വേഗം പുറത്തേക്കു കടത്തൂ എന്ന ശബ്ദം കേട്ടപ്പോൾ ഉമ്മ അനിയനെ വേഗം കൈമാറി. സീറ്റ് ബെൽറ്റ് ഊര് എന്ന് ആളുകൾ പറയുമ്പോൾ ശ്വാസംമുട്ടുന്നതു പോലെ തോന്നുകയായിരുന്നു. കണ്ണുതുറന്ന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ പിന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയായി.
വാതിൽ അകത്തു നിന്ന് തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. തൊട്ടു മുമ്പുള്ള സീറ്റുകൾ മാത്രമേ ശരിയായി കാണുന്നുണ്ടായിരുന്നുള്ളു. ഉമ്മ തളർന്നുകിടക്കുകയായിരുന്നു അനുജന്റെ തലയുടെ പിറകിൽ നിന്ന് ചോരയൊലിക്കുകയായിരുന്നു. ഉടൻ പിപിഇ കിറ്റ് കീറി അവന്റെ തലയിൽ കെട്ടിവെച്ചു. ക്രൂവിനോട് വെള്ളം ആവശ്യപ്പെട്ടു. അതിൽ നിന്ന് എല്ലാവർക്കും വെള്ളം കൊടുത്തു. കുട്ടികളെ വേഗം പുറത്തേക്കു കടത്തൂ എന്ന ശബ്ദം കേട്ടപ്പോൾ ഉമ്മ അനിയനെയും അനുജത്തിയെയും കൈമാറുകയും ചെയ്തു. പുറത്തേക്കിറങ്ങിയപ്പോൾ അനുജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെടുത്തു. അവന്റെ കൂടെ ആരെങ്കിലും വേണ്ടേ എന്നോർത്ത് ഞാൻ കൂടെ കയറി. ഡ്രൈവ് ചെയ്യുന്ന അങ്കിളും പിന്നെ അനുജനെ മടിയിൽ കിടത്തിയ അങ്കിളുമാണ് വണ്ടിയിലുണ്ടായിരുന്നത്. അവർ വീട്ടിൽ വിളിച്ചറിയിക്കാനുള്ള നമ്പർ ചോദിച്ചു. എനിക്കാകെ പപ്പയുടെ നമ്പർ മാത്രമേ അറിയൂ. അങ്ങനെ അവരിൽ നിന്ന് മൊബൈൽ വാങ്ങിയെങ്കിലും കോൾ പോവുന്നുണ്ടായിരുന്നില്ല. പകരം വോയ്സ് മെസേജ് അയച്ചു. ചെറിയൊരു അപകടം നടന്നിട്ടുണ്ട്, ആശുപത്രിയിലേക്കു പോവുകയാണെന്നു പറഞ്ഞു.
ഇത്രയും വലിയ അപകടമാണെന്ന് കരുതിയതേയുണ്ടായിരുന്നില്ല. ആശുപത്രിയിൽ നിന്ന് ചെറുതായി വാർത്തകളൊക്കെ കണ്ടിരുന്നു. ഫ്ലൈറ്റിൽ നിന്നിറങ്ങുമ്പോൾ അത്ര വലിയ അപകടമായി തോന്നിയിരുന്നില്ല. ഞങ്ങൾ ഇരുന്നത് വാൽഭാഗത്തോട് ചേർന്ന ഭാഗത്തായിരുന്നു. പിന്നെ മുൻഭാഗത്തേക്ക് ഇരുട്ടു കാരണം കാണുന്നുമുണ്ടായിരുന്നില്ല. പിന്നീട് ചിത്രങ്ങൾ കാണുകയും പൈലറ്റടക്കം ഒരുപാടു പേർ മരിക്കുകയും ചെയ്തുവെന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നി. ഞങ്ങളുടെ തൊട്ടുപുറകിലിരുന്ന ഉമ്മയും പത്തുമാസം പ്രായമുള്ള കുഞ്ഞും മരിച്ചുവെന്ന് വാർത്തകളിൽ നിന്ന് അറിഞ്ഞപ്പോഴൊക്കെ അതിയായ സങ്കടം തോന്നി. കാരണം അവരുടെ മറ്റുരണ്ടു മക്കളുടെ പാട്ടും കളികളും ചിരിയുമൊക്കെ ഇപ്പോഴും ഓർമയുണ്ട്.
പപ്പ ഒറ്റയ്ക്കല്ലേ, സങ്കടം ആവരുതെന്നോർത്ത് കുറേതവണ വോയ്സ് മെസേജ് ഇട്ട് കാൻസൽ ചെയ്താണ് അയച്ചത്. തിരിച്ചും സമചിത്തതയോടെയാണ് പപ്പ മറുപടി അയച്ചത്. ഉള്ളിലുള്ള ആളലൊന്നും അറിയിക്കാതെ എന്നോട് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു. പക്ഷേ ഉള്ളിൽ ആധിയായിരുന്നുവെന്ന് വീട്ടിലെല്ലാം വന്നതിനു ശേഷമാണ് പപ്പ പറഞ്ഞത്.
ഞങ്ങളെ ആശുപത്രിയിലെത്തിച്ച നാലുപേർ തുടരെ വിളിക്കുന്നുണ്ടായിരുന്നു. അവരോടൊന്ന് മനസ്സു തുറന്ന് നന്ദി പറയാൻ കൂടി കഴിഞ്ഞിട്ടില്ല. കാരണം ഫോൺ നോക്കാനുള്ള മാനസികാവസ്ഥ അപ്പോഴില്ലായിരുന്നു. അച്ഛന്റെ സഹോദരന്മാരാണ് ഞങ്ങളുടെ വിവരങ്ങളെല്ലാം അവരെ അറിയിച്ചത്.തൊണ്ണൂറ്റിഅഞ്ചുശതമാനം മാർക്കോടെ പത്താംതരത്തിൽ ഉയർന്ന ഫലം കരസ്ഥമാക്കിയ ഇഷൽ ഒരിക്കലും മറക്കാത്ത അനുഭവം പാഠമാക്കി ജീവിതത്തിലെ പുതിയ യാത്രകളിലേക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
https://www.facebook.com/Malayalivartha


























