മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായ മൂടിക്കെട്ടാമെന്ന് പിണറായി കരുതേണ്ട; വിമര്‍ശനവുമായി രമേശ് ചെന്നിത്തല; സി.പി.എം. സൈബര്‍ ഗുണ്ടകളുടെ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു

ഫാക്ട് ചെക്ക് എന്ന പേരില്‍ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായ മൂടികെട്ടാമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടാല്‍ നിമിഷങ്ങള്‍ക്കകം കേസ് എടുക്കുകയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ സസ്‌പെന്റ് ചെയ്യുകയുമാണ് പിണറായി സര്‍ക്കാരിന്റെ രീതി. എന്നാല്‍, പ്രതിപക്ഷനേതാക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയുമുള്ള സി.പി.എം. സൈബര്‍ ഗുണ്ടകളുടെ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷമായി മാധ്യമങ്ങളെ കാണാത്ത, പത്രസമ്മേളനങ്ങള്‍ നടത്താത്ത പ്രധാനമന്ത്രിയായിരുന്നു ഇന്ത്യയില്‍. ഇതേ പാത പിന്തുടര്‍ന്നാണ് മന്ത്രിസഭാ യോഗങ്ങള്‍ കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ പിണറായി വിജയന്‍ ഒഴിവാക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അസഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രി കാണുന്നത്. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി നേരിടും. കേന്ദ്രത്തില്‍ പി.ഐ.ബി. ഉപയോഗിച്ചാണ് ആദ്യം ഫാക്ട് ചെക്ക് ആരംഭിച്ചത്. അതു പിന്തുടര്‍ന്നാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പി.ആര്‍.ഡി.യെ ഉപയോഗിച്ചു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള നീക്കമാണ് തുടങ്ങിയിരിക്കുന്നത്.
ശരിയായ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെയും വാര്‍ത്തകളെയും ചാപ്പകുത്തി അപകീര്‍ത്തിപ്പെടുത്താനായി 13 ലക്ഷം രൂപ മുടക്കി പിന്‍വാതില്‍നിയമനം നടത്തി കഴിഞ്ഞു. ഇതെല്ലാം ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതാണോ എന്ന് മുഖ്യമന്ത്രി ആലോചിക്കണം. ഭരണത്തിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കിയ പ്രോത്സാഹിപ്പിക്കുകയും എതിരായാല്‍ ചാപ്പ കുത്തുകയും ചെയ്യുന്ന നടപടി ഇരട്ടത്താപ്പാണ്. സര്‍ക്കാര്‍ അഴിമതി മൂടിവയ്ക്കാനാണ് ഫാക്ട് ചെക്ക് എന്ന പരിപാടി ആരംഭിച്ചത്. തുടക്കത്തില്‍തന്നെ സര്‍ക്കാരിന് അത് കല്ലുകടിയായി. പി.എസ്.സി. ഒ.എം.ആര്‍.ഷീറ്റുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നത് ഫേക്ക് വാര്‍ത്ത എന്ന ചാപ്പ അടിച്ച് പി.ആര്‍.ഡി. ഫെയ്‌സ്ബുക്കില്‍ കുറിച്ച വാര്‍ത്ത ശരിയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പി.ആര്‍.ഡി.യ്ക്ക് പേജ് പിന്‍വലിക്കേണ്ടിവന്നത് നമ്മള്‍ കണ്ടതാണ്. വാര്‍ത്തകള്‍ സത്യസന്ധമായി പുറംലോകത്ത് എത്തിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോള്‍ എന്നെ നാടുകടത്തിയാലും എന്റെ നാവു മൂടിക്കെട്ടാന്‍ കഴിയില്ലെന്ന് പറഞ്ഞ രാമകൃഷ്ണപിള്ളയുടെ പിന്‍ഗാമികളാണ് പത്രപ്രവര്‍ത്തകരെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഇനിയെങ്കിലും തെറ്റായ പ്രവണതകളില്‍നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























