ഓണക്കിറ്റ്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത് ഓണക്കിറ്റിലേക്ക് ഏറ്റവും ഉയര്‍ന്ന വിലയ്ക്കു വാങ്ങിയ ശര്‍ക്കര!

കോന്നി സിഎഫ്ആര്‍ഡി ലാബിലെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയത്, ഓണക്കിറ്റിലേക്ക് ഏറ്റവും ഉയര്‍ന്ന വിലയ്ക്കു വാങ്ങിയ ശര്‍ക്കര. കിലോയ്ക്ക് 62.40 രൂപയ്ക്കു ശര്‍ക്കര നല്‍കിയ കോഴിക്കോട്ടെ സഹകരണ സ്ഥാപനവും 59.69 രൂപയ്ക്കു നല്‍കിയ ഈറോഡിലെ കമ്പനിയുമാണു പ്രതിക്കൂട്ടില്‍. ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിക്കു ശുപാര്‍ശയുണ്ടെങ്കിലും അതിനുള്ള ഒരു നീക്കവും സപ്ലൈകോ തുടങ്ങിയിട്ടില്ല. ഇരുവര്‍ക്കുമായി ലഭിച്ചത് 46.73 ലക്ഷം കിലോയുടെ ഓര്‍ഡര്‍. ഓണക്കിറ്റിലേക്കു മൊത്തം വാങ്ങിയ ശര്‍ക്കരയുടെ പകുതിയലധികം വരുമിത്.
ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം, ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചെടുത്ത് പകരം ശര്‍ക്കര നല്‍കണം. വിതരണം ചെയ്തതു തിരിച്ചെടുക്കാനാകില്ല.എന്നാല്‍ ഇവര്‍ നല്‍കിയതില്‍ 25 ലക്ഷത്തോളം കിലോഗ്രാം ശര്‍ക്കര വിതരണം ചെയ്തുകഴിഞ്ഞു.
3.62 ലക്ഷം കിലോ ശര്‍ക്കര തിരിച്ചയയ്ക്കാന്‍ നിര്‍ദേശിച്ചതാണ് ഏക നടപടി. സെക്യൂരിറ്റി നിക്ഷേപം തടഞ്ഞുവയ്ക്കുകയും കരാര്‍ റദ്ദാക്കി കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യാം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ക്രിമിനല്‍ നിയമ നടപടിയുമെടുക്കാം.
ഇതിനിടെ, കിറ്റില്‍നിന്നു ചില സാധനങ്ങള്‍ അപ്രത്യക്ഷമാകുന്നുവെന്നു പരാതിയുള്ളതിനാല്‍ കിറ്റ് തൂക്കി നോക്കിയശേഷമേ സ്വീകരിക്കുകയുള്ളൂവെന്നു റേഷന്‍ കടയുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. കിറ്റിന് 4.670 കിലോഗ്രാം ഭാരമാണു വേണ്ടത്.
അതിനിടെ ഓണക്കിറ്റിലെ സാധനങ്ങള്‍ നിറയ്ക്കാന്‍ തുണിസഞ്ചി വാങ്ങിയതിലും ക്രമക്കേട നടന്നതായി ആരോപണം. 82.64 ലക്ഷം സഞ്ചി വാങ്ങാനാണു ടെന്‍ഡര്‍ വിളിച്ചതെങ്കിലും 98.73 ലക്ഷം സഞ്ചി വാങ്ങി. ഏറ്റവും കുറഞ്ഞ വില ക്വോട്ട് ചെയ്തത് (6.90 രൂപ) ഷാരോണ്‍ ഗ്രൂപ്പ് എന്ന കമ്പനിയും തൊട്ടുപിന്നില്‍ (7.85 രൂപ)പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയായിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാന്‍ കഴിയില്ലെന്നറിയിച്ചതിനാല്‍ ഇവരുടെ പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കി.
തൊട്ടുപിന്നിലുള്ള മഹാമുദ്ര അഗ്രോ ട്രേഡേഴ്‌സ് 8.34 രൂപയ്ക്ക് 26 ഡിപ്പോകളിലേക്കും കീര്‍ത്തി പാക്കേജിങ് 8.43 രൂപയ്ക്ക് ശേഷിക്കുന്ന 26 ഡിപ്പോകളിലേക്കും സഞ്ചി നല്‍കാമെന്നറിയിച്ചു. എന്നാല്‍ പത്താം സ്ഥാനത്തുള്ള കമ്പനി (9.34 രൂപ)ക്കു വരെ ഓര്‍ഡര്‍ വീതം വയ്ക്കുകയാണു സപ്ലൈകോ ചെയ്തത്.
മിക്ക ഡിപ്പോയിലും, കുറഞ്ഞ വിലയ്ക്കു നല്‍കാമെന്നു പറഞ്ഞ കമ്പനിയേക്കാള്‍ ഓര്‍ഡര്‍, കൂടുതല്‍ വില പറഞ്ഞ കമ്പനിക്കു ലഭിച്ചു. ഉദാഹരണത്തിന്, ആലപ്പുഴ ഡിപ്പോയില്‍ 8.34 രൂപ ക്വോട്ട് ചെയ്ത കമ്പനിക്ക് 35,000 സഞ്ചി മാത്രം നല്‍കി, 8.52 രൂപ ക്വോട്ട് ചെയ്ത കമ്പനിക്ക് 1,18,500 സഞ്ചിയുടെ ഓര്‍ഡര്‍ നല്‍കി.
https://www.facebook.com/Malayalivartha


























