കയ്പമംഗലം ജ്വല്ലറി കവർച്ച , സ്വർണം നഷ്ടപ്പെട്ടെന്നത് ഉടമ ചമച്ച കഥയെന്ന് സംശയം; കവർച്ച നടന്നിട്ടില്ലെന്ന് പോലീസ്..ഒരുപക്ഷെ യഥാർത്ഥത്തിൽ മോഷ്ടാക്കൾ ഭിത്തി തുരന്ന് ജ്വല്ലറിക്കകത്ത് കടന്നിട്ടുണ്ടാകാം...മോഷ്ടാക്കൾ ഒന്നും കിട്ടാതെ മടങ്ങിയിരിക്കുമെന്നും ഭിത്തി തുരന്നത് കണ്ടപ്പോൾ ഉടമയുടെ തലയിൽ ഉദിച്ച ഐഡിയയായിരിക്കും മോഷണക്കഥയെന്നും സംശയം

കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറി കവർച്ച കേസ് കെട്ടുകഥയെന്ന് പോലീസ് നിഗമനം. വിശദമായ അന്വേഷണം തുടരുകയാണ് ..എന്നാൽ കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് തറപ്പിച്ചു പറയുന്നു.
മോഷണം നടന്നുവെന്നു പറയുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ ഉടമ അവകാശപ്പെട്ടത് പോലെ സ്വർണം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരനായ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണായകവിവരങ്ങൾ ലഭിച്ചത്.
ജ്വല്ലറി ഉടമയ്ക്ക് ഏറെ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു.. അതുകൊണ്ട് ഉടമ തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നോ കവർച്ചാക്കഥയെന്ന് പോലീസ് സംശയിക്കുന്നു. ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്നിട്ടുണ്ടെങ്കിലും ഇത് മോഷ്ടാക്കൾ ചെയ്തതല്ലെന്നാണ് പോലീസ് കരുതുന്നത്.
ജ്വല്ലറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായെന്നായിരുന്നു പരാതി. എന്നാൽ സയന്റിഫിക് വിദഗ്ധരും ഫോറൻസിക് വിദഗ്ധരും ലോക്കർ പരിശോധിച്ചപ്പോൾ ലോക്കർ കുത്തിത്തുറക്കുകയോ ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറക്കുകയോ മറ്റേതെങ്കിലും മെറ്റൽ ഉപകരണം കൊണ്ട് തുറക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് മനസിലായി.
ലോക്കർ കുത്തിത്തുറന്നിട്ടില്ലെന്നും ഒറിജിനൽ താക്കോൽ ഉപയോഗിച്ച് ലോക്കർ തുറക്കുകയോ ലോക്കർ അടയ്ക്കാതിരിക്കുകയോ ആണ് സംഭവിച്ചിരിക്കുന്നതെന്ന് സയന്റിഫിക് വിദഗ്ധർ വ്യക്തമാക്കുന്നു.
ഇവർ ഇക്കാര്യം തറപ്പിച്ചു പറഞ്ഞതോടെ സ്വർണം ലോക്കറിലായിരുന്നില്ലെന്ന് ഉടമ മൊഴിമാറ്റിയതോടെ പോലീസിന് നാടകത്തിന്റെ കിടപ്പ് മനസിലായി. ഇതെ തുടർന്ന് പോലീസ് ഇയാളുടെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കുകയായിരുന്നു.
ആറുകിലോ സ്വർണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കിൽനിന്ന് ഉടമ വൻതുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുമുണ്ട്.
സ്വർണം നഷ്ടപ്പെട്ടതായി കാണിച്ച് വായ്പ തിരിച്ചടവിൽനിന്ന് രക്ഷപ്പെടാനായി ഉടമ കെട്ടിച്ചമച്ച കഥയാണോ മോഷണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. നിരവധിയാളുകളിൽനിന്നും പണം നിക്ഷേപമായി സ്വീകരിച്ച് പലവിധ ബിസിനസുകൾ നടത്തിയ ഉടമയ്ക്ക് ഇതിൽ കനത്ത നഷ്ടം സംഭവിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ടെന്നത് ശരിയാണെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. എന്നാൽ, ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി.
അതേസമയം കടയിലെ സെയിൽസ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമായിരുന്നില്ല.ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകടന്നത് ആരാണെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫെയ്മസ് വർഗീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ജ്വല്ലറി മോഷണക്കഥ പുറത്തറിയുന്നത്. ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറി കുത്തിത്തുറന്ന് മൂന്നേകാൽ കിലോ സ്വർണം കവർന്നുവെന്നാണ് പരാതി.
നഷ്ടപ്പെട്ടുവെന്ന് പറയുന്ന സ്വർണം കൈവശം വെക്കാനുള്ള സാമ്പത്തിക ഭദ്രത ഇയാൾക്കില്ലെന്നാണ് പോലീസിന് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
ഒരുപക്ഷെ യഥാർത്ഥത്തിൽ മോഷ്ടാക്കൾ ഭിത്തി തുരന്ന് ജ്വല്ലറിക്കകത്ത് കടന്നിട്ടുണ്ടാകാം...മോഷ്ടാക്കൾ ഒന്നും കിട്ടാതെ മടങ്ങിയിരിക്കുമെന്നും ഭിത്തി തുരന്നത് കണ്ടപ്പോൾ ഉടമയുടെ തലയിൽ ഉദിച്ച ഐഡിയയാണോ മോഷണക്കഥയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധർ വിശദമായ പരിശോധനയാണ് നടത്തുന്നത്. ജ്വല്ലറിയിലെ സിസി ടിവി കാമറകൾ പ്രവർത്തനരഹിതമായിരുന്നു.
https://www.facebook.com/Malayalivartha


























