സി.പി.എം പണി തുടങ്ങിയെന്ന് കോണ്‍ഗ്രസ്! നാദാപുരത്ത് കോണ്‍ഗ്രസ് ഓഫിസിന് നേരേ ബോംബേറ്... എറിഞ്ഞത് സ്റ്റീല്‍ ബോംബാണെന്ന് പൊലീസ്; ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ഇനി സിസിടിവി ദൃശ്യങ്ങള്‍!

നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ ബോംബേറ്. ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്.സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കല്ലാച്ചിയിലെ കോര്‍ട്ട് റോഡിലാണ് ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഓഫിസിന്റെ ജനലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എറിഞ്ഞത് സ്റ്റീല്‍ ബോംബാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ സംഘം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.ബോംബേറിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഇതുവരെ ഒന്‍പത് പേര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി സജീവ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പിടിയിലായ മുഴുവന്‍ പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവര്‍ സംഭവത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് പറയുമ്ബോഴും കൊലയുടെ കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്‌ഐആറില്‍ നേരിട്ട് പറയുന്നില്ല.
നിയമപരമായി അങ്ങിനെ പറയേണ്ടതില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ ഒളിവിലാണ്. ഇന്നലെ വൈകീട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെമ്ബായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.
അതേസമയം, പിടിയിലായവര്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഭരണത്തിലെ പാളിച്ച മറച്ചുവയ്‌ക്കാന്‍ വാര്‍ത്ത വഴിതിരിച്ചുവിടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവോണ തലേന്ന് രാത്രി 11.30 നാണ് വെഞ്ഞാറമൂട് തേമ്ബാമൂട്ടില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്ബര്‍ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്.
യൂത്ത് കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്ബാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇടത്തെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റ ഹഖ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടക്കൊലപാതകത്തെ അപലപിച്ചു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കോണ്‍ഗ്രസിനെതിരെ സിപിഎമ്മും രംഗത്തെത്തി. തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തിരുവോണ ദിവസം പുലരുമ്ബോഴാണ് രണ്ട് ചെറുപ്പക്കാരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാള്‍ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോണ്‍ഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസ നേരുന്നതെന്ന് കോടിയേരി ആരോപിച്ചു.
കോണ്‍ഗ്രസിന്റെ വടിവാള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മള്‍ മുന്നോട്ടു പോവുമ്ബോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകം. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികള്‍ കൊണ്ടും പ്രസ്താവനകള്‍ കൊണ്ടും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്ബോള്‍ കേരളത്തില്‍ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha

























