മട്ടാഞ്ചേരി സ്വദേശിനി ആൻലിയ ഹൈജിനസിന്റെ ദുരൂഹ മരണത്തിന് രണ്ടു വയസ്.. ബെംഗളൂരുവിലേക്ക് പോകുകയാണെന്നു പറഞ്ഞ് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ കയറിയ ആൻലിയ എങ്ങനെ ആലുവ പുഴയിലെത്തിഎന്ന് ആർക്കും അറിയില്ല ... ആൻലിയയുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്തെ ഓർമകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ശ്രീല ശ്രീയുടെ കുറിപ്പ് ആൻലിയ ആത്‍മഹത്യ ചെയ്യില്ലെന്ന് അടിവരയിടുന്നു ...

ആലുവപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊച്ചി സ്വദേശിനി ആൻലിയയുടെ ഓർമകൾക്ക് രണ്ടു വർഷമാകുന്നു.. മകളുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വിദേശത്തെ ജോലി ഉപേക്ഷിച്ച് പിതാവ് ഹൈജിനസ് നീതി തേടി വിവിധ കേന്ദ്രങ്ങളിൽ ഇപ്പോഴും കയറിയിറങ്ങുന്നു. ഇതുവരെയും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ മാർച്ചിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നത്..
കോവിഡ് വ്യാപനം ശക്തമായതോടെ പൊലീസ് നടപടികൾക്ക് കാലതാമസം നേരിട്ടെന്നാണ് പൊലീസ് അറിയിച്ചതെന്നു പിതാവ് പറയുന്നു. അടുത്ത മാസത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകളുടെ കുഞ്ഞിനെ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കുറ്റപത്രം സമർപ്പിച്ച ശേഷം കോടതിയെ സമീപിക്കുന്നതിനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 2018 ഓഗസ്റ്റ് 28നാണ് ആൻലിയയെ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
അവളുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്തെ ഓർമകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് ശ്രീല ശ്രീ. ഇപ്പോൾ ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീല നേരത്തെ ആൻലിയയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു. നേരിട്ട് ഇടപഴകിയിരുന്നതു കൊണ്ടു തന്നെ അവളെ അടുത്തറിഞ്ഞിരുന്നതായി ഇവർ പറയുന്നു. ഒരു നല്ല മകൾ എങ്ങനെയാണ് എന്നതിന് ഉദാഹരണമായിരുന്നു ആൻലിയ. അവൾ ഹോസ്റ്റലിൽ നിന്നതിന്റെയാണെന്നും മറ്റും കുറ്റം പറയുന്നവർക്കുള്ള മറുപടിയാണ് പോസ്റ്റ്. ആൻലിയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവളെ അടുത്ത് അറിയാവുന്നവർക്കേ അതു മനസിലാകൂ എന്നും ശ്രീല പറയുന്നു.
ശ്രീലയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
ആന്‍ലിയ ഞങ്ങൾക്ക് അപർണ്ണയായിരുന്നു. പത്രമാധ്യമങ്ങളിൽ കാണുന്ന വാർത്തകൾ വായിക്കുമ്പോൾ എന്റെ രക്തം തിളയ്ക്കുന്നു.. എന്തെല്ലാമാണ് ഓരോരുത്തരും കമന്റ് ചെയ്യുന്നത്. ഇവർക്കൊക്കെ ആ മോളേ നേരിട്ടറിയാമോ. പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലും മോശമായ കമന്റുകൾ കാണാനിടയായി.. ഇങ്ങനെ പടച്ചുവിടുന്നവർ ഒരിക്കലെങ്കിലും ആ മോളേ കണ്ടിട്ടുള്ളവരെങ്കിലും ആണോ? ആ കുടുംബത്തെ അറിയുന്നവർ ആണോ. പക്ഷേ. ഞാൻ കണ്ടിട്ടുണ്ട്. ആ കുടുംബത്തിന്റെ തൊട്ടടുത്ത് ആയിരുന്നു ഞാൻ. അവരുടെ വീടിന്റെ മുകൾനിലയിൽ വാടകയ്‌ക്ക് താമസിച്ചിട്ടുണ്ട്. അവരുടെ ജീവിതം തൊട്ടടുത്ത് കണ്ടിട്ടുണ്ട്. എനിക്കും ആ പ്രായത്തിൽ രണ്ടു മക്കളുണ്ട്.
എന്റെ മോൾക്ക് അവൾ ഒരു വഴികാട്ടിയായിരുന്നു. കൂട്ടുകാരിയായിരുന്നു. പത്രങ്ങളിലും പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലും ആന്‍ലിയയെ ഒരു മനസികരോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം കണ്ടു. ഞാൻ കാണുമ്പോൾ കൂട്ടുകാരെ പോലെ കഴിയുന്ന ഒരു കുഞ്ഞു സ്വർഗ്ഗമായിരുന്നു ആ വീട്. എന്നും സന്തോഷം മാത്രം നിറഞ്ഞുനിന്ന വീട്. മമ്മി അന്യദേശത്തു ജോലിക്കുപോയപ്പോഴും പപ്പയും മക്കളും പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞുപോന്നത് ആന്‍ലിയയുടെ മിടുക്കാണ്. ഒരുപാട് സന്തോഷം നിറഞ്ഞ എപ്പോഴും ഉത്സാഹത്തോടെയല്ലാതെ ആ മോളേ ഞാൻ കണ്ടിട്ടില്ല. എന്തൊരു സ്മാർട്ട് ആയിരുന്നു ആന്‍ലിയ.
അമ്മ അടുത്തില്ലാത്ത കുറവ് ആന്‍ലിയ പപ്പയെയും അനുജനെയും അറിയിച്ചിട്ടില്ല. അത്രയും മിടുക്കോടെ പ്ലസ്ടു കഴിഞ്ഞ സമയം അവൾ ആ കുടുംബം നടത്തിയത് ഒപ്പം തോളോട് ചേർന്ന് പപ്പയും അനുജനും. പക്വമായ തീരുമാനങ്ങൾ ആയിരുന്നു ആ മോൾക്ക്. എനിക്കതു അത്ഭുതമായിരുന്നു.
ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു ആൻലിയയ്ക്ക്. അതെല്ലാം ഒരു തടസ്സം കൂടാതെ നടത്തി നൽകാൻ കെൽപ്പുള്ള ഒരു പപ്പയും മമ്മിയും. പൊന്നുപോലെ സ്നേഹിക്കുന്ന ഒരനുജൻ. ദൈവവിശ്വാസവും നല്ല അച്ചടക്കവും വളരെ നല്ല സ്വഭാവശുദ്ധിയും ഉള്ള ഒരു കുട്ടിയായിരുന്നു. ബുദ്ധിമതിയായിരുന്നു. പള്ളിയിലും നാട്ടിലും അയല്‍പക്കങ്ങളിലും അവൾ ഒരു മാലാഖ കുട്ടിയായിരുന്നു.
എന്നോടും എന്റെ മോളോടും ഒരുപാട് സംസാരിക്കുമായിരുന്നു. യാതൊരു മാനസിക പ്രശ്നങ്ങളോ നിരാശയോ ഒന്നും തന്നെ ആ കണ്ണുകളിലോ പെരുമാറ്റത്തിലോ കാണാനിട വന്നിട്ടില്ല. ജീവിതത്തെക്കുറിച്ചു ഒരുപാട് പ്ലാനുണ്ടായിരുന്നു. സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. പഠിത്തത്തിൽ എന്നും മുന്നിലായിരുന്നു.
നഴ്സിങ് പഠിക്കുന്നതും ആതുരശുശ്രൂഷ ചെയ്യുന്നതും അവളുടെ സ്വപ്നങ്ങളും അവൾ എന്നോടും മോളോടും പങ്കുവയ്ക്കുമായിരുന്നു. ജീവിതത്തിൽ സ്വന്തമായി നേട്ടങ്ങൾ ഉണ്ടാകുമ്പോൾ ചികിൽസിക്കാൻ പണമില്ലാത്ത രോഗികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ളത് അവളുടെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. പാവപ്പെട്ടവരോട് ഒരുപാട് കരുതലുണ്ടായിരുന്നു. രോഗികളോട് അനുകമ്പയുണ്ടായിരുന്നു. ദേഷ്യഭാവം ഒരിക്കലും കണ്ടിട്ടില്ല. ശാന്തതയും ക്ഷമയും ഉള്ള കുട്ടിയായിരുന്നു.
പാട്ടും ഡാൻസും ആയി അവളോടൊപ്പം കഴിഞ്ഞ നല്ല നാളുകൾ ഇന്നോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്. സഹിക്കാൻ വയ്യാതെ മടുത്തിട്ടു ആത്മഹത്യ ചെയ്തു എന്നാണല്ലോ പുറത്തു വരുന്ന വാർത്ത. പക്ഷേ, ഒരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എല്ലാ വഴികളും അടഞ്ഞു മുന്നോട്ടു ജീവിക്കാൻ ഒരു പ്രതീക്ഷയും ഇല്ലാതാകുമ്പോൾ ആണ് എന്നാണ് എന്റെ വിശ്വാസം. ആന്‍ലിയ ആത്മഹത്യ ചെയ്യില്ല ഒരിക്കലും. കാരണം അവൾ മനക്കരുത്തുള്ള കുട്ടിയായിരുന്നു. പപ്പയും മമ്മിയും അനുജനും അവളെ ഉപേക്ഷിച്ചിട്ടില്ല അവളുടെ പ്രതീക്ഷകൾ അസ്തമിക്കാൻ. നല്ലൊരു ദൃഢമായ ബന്ധുബലവും സുഹൃത് ബന്ധങ്ങളും ഉള്ള ഒരു കുടുംബത്തിലെ കുട്ടി. പൊന്നുപോലെയൊരു കുഞ്ഞും.
കണ്ടുകൊതി തീരാത്ത സ്വന്തം കുഞ്ഞിനെ തനിച്ചാക്കി ആത്മഹത്യയിലേക്ക് പോകാൻ മാത്രം മണ്ടിയല്ല ആന്‍ലിയ എന്നുള്ളത് അവളെ അടുത്തറിയാവുന്നവർക്കേ മനസ്സിലാകൂ. ആന്‍ലിയ എന്ന കുട്ടിയെ ആ കുടുംബത്തെ അടുത്തറിയുന്നവർക്കറിയാം അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നുള്ള സത്യം.
ഒരുപാട് സ്വപ്നങ്ങളും പേറി നിറഞ്ഞ സന്തോഷത്തോടെ നഴ്സിങ് പഠിക്കാനായി യാത്രയായത് ഇന്നും മനസ്സിൽ മായാതെ നിൽപ്പുണ്ട്. ആദ്യ അവധിക്കു വീട്ടിലെത്തിയ ആൻലിയയ്ക്കു നിറയെ വിശേഷങ്ങൾ ഉണ്ടായിരുന്നു പറയാൻ. അന്നും ഒരുപാട് സന്തോഷമായിരുന്നു ഓരോ പ്രവൃത്തികളിലും. അവളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കപ്പെടുന്നതിന്റെ സന്തോഷമായിരുന്നു കണ്ണുകൾ നിറയെ. തിരിച്ചുപോയതും ഉത്സാഹത്തോടെയായിരുന്നു.
ഈ ഫോട്ടോയിലെ നിറഞ്ഞ ചിരിപോലെ തന്നെയായിരുന്നു ഇവരുടെ ജീവിതവും. ഇത് ഒരു ഫോട്ടോ എടുക്കാനുള്ള ചിരിയല്ല. അവളുടെ ഹൃദയത്തിൽ നിന്നുമുതിരുന്ന കളങ്കമില്ലാത്ത ചിരിയാണ്. കപടതയില്ലാത്ത അഹന്തയില്ലാത്ത ഈ നിഷ്കളങ്കതയെ ഇല്ലാതാക്കിയവരെ നിയമം രക്ഷിച്ചാലും ദൈവം രക്ഷിക്കില്ല. തീർച്ചയായും കാലം അവർക്ക് മറുപടി കൊടുക്കട്ടെ.
https://www.facebook.com/Malayalivartha
























