ദേശീയ അന്വേഷണ ഏജന്‍സി സെക്രട്ടേറിയറ്റിലെത്തി മൂന്നാംവട്ട പരിശോധന നടത്തി, സെക്രട്ടേറിയറ്റില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എവിടെയാണെന്ന് മനസ്സിലാക്കി

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മൂന്നാം വട്ടവും സെക്രട്ടേറിയറ്റിലെത്തി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റിലെ ഏതൊക്കെ ഓഫിസുകളില്‍ ആരെയൊക്കെ സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തുന്നതിനായിട്ടാണ് സംഘം എത്തിയത്.
സെക്രട്ടേറിയറ്റിലെ 83 ക്യാമറകളും എവിടെയൊക്കെയാണു സ്ഥാപിച്ചിരിക്കുന്നതെന്നു മനസ്സിലാക്കി. അവധി ദിവസം സിസിടിവി ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധന നടത്തി. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫിസിലും എത്തി. ഏതൊക്കെ ക്യാമറകളിലെ ദൃശ്യങ്ങള്‍ വേണമെന്ന് 2 ദിവസത്തിനുള്ളില്‍ കത്തു നല്‍കുമെന്നു എന്‍ഐഎ അധികൃതര്‍ അറിയിച്ചു.
'സിഡാക്കി'ലെ സാങ്കേതിക വിദഗ്ധര്‍ക്കൊപ്പം രാവിലെ 10 മണിയോടെയാണ് എന്‍ഐഎ പ്രതിനിധികള്‍ എത്തിയത്. പരിശോധന പൂര്‍ത്തിയാക്കി നാലോടെ മടങ്ങി. സെക്രട്ടേറിയറ്റിലെ സെര്‍വര്‍ റൂം, കണ്‍ട്രോള്‍ റൂം ദൃശ്യങ്ങള്‍ പരിശോധിച്ചു. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ സുരക്ഷിതമാണോ, അതില്‍ ക്രമക്കേടിനു സാധ്യതയുണ്ടോ, ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു.
മുഴുവന്‍ ക്യാമറകളിലെയും ഒരു വര്‍ഷത്തെ ദൃശ്യം പകര്‍ത്തുന്നതു ബുദ്ധിമുട്ടാണെങ്കിലും എന്‍ഐഎ ആവശ്യപ്പെടുന്ന ക്യാമറകളിലെ നിശ്ചിത ദിവസങ്ങളിലെ ദൃശ്യങ്ങള്‍ നല്‍കേണ്ടി വരും. ദൃശ്യങ്ങള്‍ ലഭിക്കുന്നതോടെ സ്വര്‍ണക്കടത്തു പ്രതികള്‍ സെക്രട്ടേറിയറ്റില്‍ എത്ര തവണ വന്നുവെന്നും ആരെയൊക്കെ കണ്ടുവെന്നും വ്യക്തമാകും.
പൊതുഭരണ സെക്രട്ടറിക്കു നോട്ടിസ് നല്‍കിയ ശേഷമാണ് എന്‍ഐഎ എത്തിയത്. പൊതുഭരണ, ഐടി സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലെയും സെര്‍വര്‍ റൂമിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കാനും നയതന്ത്ര ബാഗേജുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുമായിരുന്നു മുന്‍പ് വന്നത്.
https://www.facebook.com/Malayalivartha
























