പോക്‌സോ കേസിലെ പ്രതികള്‍ പൊലീസിനെ ആക്രമിച്ച ശേഷം കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു, പൊലീസ് ഉദ്യോഗസ്ഥനു ഗുരുതര പരുക്ക്

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ മൂന്നു പ്രതികള്‍ പൊലീസിനെ ആക്രമിച്ച ശേഷം കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനു ഗുരുതര പരുക്കേറ്റു. പോക്‌സോ കേസിനു പുറമേ ഒട്ടേറെ കേസുകളില്‍ പ്രതികളായ കല്ലുവാതുക്കല്‍ പുലിക്കുഴി ചരുവിള വീട്ടില്‍ ജിത്തു (കുട്ടന്‍-24), മനു (26), ചിന്നുക്കുട്ടന്‍ (20) എന്നിവരാണു രക്ഷപ്പെട്ടത്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശി വി.അനൂപ് (31) എന്ന പോലീസ് ഉദ്യോഗസ്ഥനെ പ്രതികള്‍ കുഴിയിലേക്കു തള്ളിയിട്ടു. പൊലീസ് ഉദ്യോഗസ്ഥന് നട്ടെല്ലിനു സാരമായി പരുക്കേറ്റു. കൈകള്‍ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞിട്ടുണ്ട്. എആര്‍ ക്യാംപ് അംഗമായ അനൂപ് പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിയിലായിരുന്നു.
പെരുമ്പുഴ യക്ഷിക്കാവ് കോളനിയിലാണ് ഞായര്‍ രാത്രി 11-മണിയ്ക്ക്് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളായ ജിത്തുവും മനുവും ചിന്നുക്കുട്ടനും യക്ഷിക്കാവിനു സമീപം ഒളിവില്‍ കഴിയുന്നതറിഞ്ഞാണ് പാരിപ്പള്ളി എസ്‌ഐ നൗഫലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പൊലീസ് സംഘം എത്തിയത്.
വീടിന്റെ മുറ്റത്ത് പായ് വിരിച്ചു കിടക്കുകയായിരുന്ന പ്രതികളെ വളഞ്ഞു വച്ച ശേഷം മനുവിനെയും ചിന്നുക്കുട്ടനെയും ഒരു വിലങ്ങില്‍ ബന്ധിച്ചു. ഒന്നാം പ്രതിയായ ജിത്തുവിന്റെ കയ്യില്‍ വിലങ്ങിടാന്‍ ഒരുങ്ങുന്നതിനിടെ ജിത്തു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അനൂപ് പിന്നാലെ ഓടി. പിടികൂടുമെന്നായപ്പോള്‍ ജിത്തു പൊലീസുകാരെ തള്ളിയിടുകയായിരുന്നു. അനൂപ് കുഴിയിലേക്കാണു വീണത്. ഇതിനിടെ മറ്റ് പൊലീസുകാരെ ആക്രമിച്ചു മനുവും ചിന്നുക്കുട്ടനും കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു. അനൂപിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചു ദിവസം മുന്‍പ് വീട് ആക്രമിച്ചത് ഉള്‍പ്പെടെ പത്തിലേറെ കേസുകളിലെ പ്രതികളാണ് മൂവരും. പൊലീസിനെ ആക്രമിച്ചതിനും വിലങ്ങുമായി രക്ഷപ്പെട്ടതിനും പരവൂര്‍ പൊലീസ് രണ്ടു കേസുകള്‍ കൂടി എടുത്തു. പ്രതികളെ പിടികൂടുന്നതിനായി പരിശോധന വ്യാപകമാക്കി.
https://www.facebook.com/Malayalivartha
























