ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മിക്കുന്ന യൂണിടാക്കുമായി ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു, ലൈഫ് മിഷനും യൂണിടാക്കും തമ്മില്‍ നടത്തിയ ഇ മെയില്‍ പുറത്ത്

യൂണിടാക്കുമായി ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മിക്കുന്ന സ്ഥലത്തെ മരംമുറിക്കല്‍ മുതല്‍ രൂപരേഖാ കൈമാറ്റത്തിനു വരെ ലൈഫ് മിഷനും യൂണിടാക്കും തമ്മില്‍ നടത്തിയ ഇ മെയില്‍ സന്ദേശങ്ങള്‍ പുറത്തു വന്നു.
യൂണിടാക്കിന് പദ്ധതിക്കാവശ്യമായ തുടര്‍ അനുമതികള്‍ നേടാന്‍ എല്ലാ സഹായങ്ങളും ലൈഫ് മിഷന്‍ വാഗ്ദാനം നല്‍കിയിരുന്നു. യൂണിടാക്കിന്റെ കാര്യത്തില്‍ എല്ലാ ബാധ്യതയും റെഡ് ക്രസന്റിനാണെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ലൈഫ് മിഷന്‍ സി.ഇ.ഒ. യൂണിടാക്കിനു പകര്‍പ്പുവെച്ച് റെഡ് ക്രസന്റിന് അയച്ച കത്താണ് പുറത്തുവന്നത്. യൂണിടാക്കിന്റെ രൂപരേഖയില്‍ ലൈഫ് മിഷന്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26-ന് അയച്ച കത്തില്‍ കാണുന്നു. എന്നാല്‍ ആ കത്ത് അയയ്ക്കും മുമ്പെ നിരവധി വട്ടം യൂണിടാക്കും ലൈഫ് മിഷനും തമ്മില്‍ ആശയ വിനിമയം നടത്തിയതിന്റെ തെളിവുകള്‍ കൂടിയാണ് പുറത്തുവന്നത്.
യൂണിടാക് അഡ്മിന്‍ മാനേജര്‍ മനീഷ് ഓഗസ്റ്റ് 17-നാണ് രൂപരേഖ ലൈഫ് മിഷന് നല്‍കുന്നത്. പിന്നാലെ ഫ്ളാറ്റ് നിര്‍മിക്കുന്ന സ്ഥലത്തെ വിലയേറിയ മരങ്ങള്‍ മുറിക്കില്ലെന്ന് ഉറപ്പ് നല്‍കി 22-ാം തീയതി ഇ-മെയില്‍ അയച്ചു. അന്നുതന്നെ ലൈഫ് മിഷന്‍ യൂണിടാക്കിന് നല്‍കുന്ന മറുപടിയില്‍ രൂപരേഖയില്‍ ആദ്യമായി സംതൃപ്തി രേഖപ്പെടുത്തുന്നു. ഒപ്പം നിര്‍മാണവുമായി മുന്നോട്ട് പോകാമെന്ന അനുമതിയും.
പദ്ധതിക്കുള്ള തുടര്‍ അനുമതികള്‍ക്ക് സഹായം നല്‍കാമെന്ന ലൈഫിന്റെ ഉറപ്പും യൂണിടാക്കിന് കിട്ടി. നിര്‍മാണക്കരാറും ഒപ്പിട്ടശേഷം നടപടികള്‍ നീങ്ങിയത് അതിവേഗമാണ്.
https://www.facebook.com/Malayalivartha
























