ആ പ്രതീക്ഷയും പോയ്ക്കിട്ടി... എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായതൊന്നും കരസ്ഥമാക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകള്‍; പരിശോധന കഴിഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ധിച്ചു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സിയുടെ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായതൊന്നും കരസ്ഥമാക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവര്‍ പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എന്‍ഐഎ സംഘം പരിശോധിച്ചു. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പരിശോധന കഴിഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ധിച്ചുവെന്നാണ് വിവരം.
പരിശോധന തുടങ്ങുന്നതിന് മുമ്പ് ഭയാശങ്കകള്‍ ഉണ്ടായിരുന്ന സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് ശേഷം ഇക്കാര്യം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ അറിയിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെല്ലാം അതീവ ആശങ്കയോടെയാണ് പരിശോധനയെ കണ്ടത്. ഐറ്റി സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയതെങ്കിലും പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണിയാണ് മേല്‍നോട്ടം വഹിച്ചത്. സിപിഎം സഹയാത്രികനായ ഹണിയെ സി പി എം സംസ്ഥാന നേത്യത്വം തന്നെയാണ് ഇതിന് നിയോഗിച്ചത്. ഹണിയുടെ കസ്റ്റഡിയിലാണ് ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പാണ് എന്‍ ഐ എ സെക്രട്ടേറിയറ്റിലെ ദ്യശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ആദ്യാവസാനം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദത പുലര്‍ത്തി. എന്നിട്ടും എന്‍ ഐ എ സര്‍ക്കാരിനെതിരെ ചെറുവിരല്‍ അനക്കിയില്ല. ഇതിനിടയില്‍ സര്‍ക്കാരിന്റെ ഭാഗം സുരക്ഷിതമാക്കാനുള്ള വഴികളെല്ലാം സര്‍ക്കാര്‍ ചെയ്തുകാണും. അത് സ്വാഭാവികം മാത്രമാണ്. സെക്രട്ടറിയറ്റിലെ മെയിന്‍ സര്‍വറില്‍ ഉള്ള ദൃശ്യങ്ങളില്‍ അതിന്റെ സാങ്കേതിക വിദഗദ്ധര്‍ക്ക് എന്തു മാറ്റം വേണമെങ്കിലും വരുത്താവുന്നതാണ്. സാങ്കേതിക കാര്യങ്ങളെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവര്‍ക്ക് സാങ്കേതിക കാര്യങ്ങളില്‍ സമയം നല്‍കിയാല്‍ എന്തുസംഭവിക്കുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.
എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 15 പേരടങ്ങിയ എന്‍ഐഎ സംഘമാണ് സെക്രട്ടേറിയറ്റില്‍ എത്തിയത്. ആദ്യം ഇവ പൊതുഭരണവകുപ്പിന്റെ സര്‍വര്‍ റൂമിലെത്തി പരിശോധിച്ചു. ഇവിടെയാണ് സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിക്കുന്ന സര്‍വറുകളുള്ളത്. ഇതില്‍ നിന്ന് എന്‍ഐഎ ആവശ്യപ്പെട്ട കാലയളവിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും കോപ്പി ചെയ്ത് നല്‍കണമെങ്കില്‍ വലിയ ഹാര്‍ഡ് ഡിസ്‌ക് തന്നെ വേണ്ടി വരുമെന്നാണ് പൊതുഭരണവകുപ്പ് എന്‍ഐഎയെ അറിയിച്ചത്.
2019 ജൂലൈ മുതലിങ്ങോട്ടുള്ള സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളുമാണ് എന്‍ഐഎ കണ്ടത്. ഇതെല്ലാം നല്‍കണമെങ്കില്‍ 400 ടിബിയുള്ള ഹാര്‍ഡ് ഡിസ്‌ക് വേണം. ഇത് വിദേശത്ത് നിന്ന് എത്തിക്കണമെന്ന് കാട്ടി പൊതുഭരണവകുപ്പ് എന്‍ഐഎയ്ക്ക് മറുപടി നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധിയുള്ളതിനാല്‍ വിദേശത്ത് നിന്ന് സാധനങ്ങള്‍ എത്തുന്നതിന് കാലതാമസം വരാം. ഈ കാലതാമസം ഒഴിവാക്കാനായി, എന്‍ഐഎയ്ക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തി പരിശോധന നടത്തിയത് .
ഇനി ആവശ്യമുള്ള രേഖകള്‍ ആവശ്യപ്പെടും.
കളളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പല തവണ എത്തിയെന്നാണ് എന്‍ഐഎയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കം ആരെയെങ്കിലും ഇവര്‍ കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും എന്‍ഐഎ തീരുമാനിക്കുക. മുഖ്യമന്ത്രിയുടെ ബ്ലോക്കിലും അദ്ദേഹത്തിന്റെ ഓഫീസ് നിലകളിലും സിസിറ്റി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ബ്ലോക്കിലേക്ക് കയറിയാല്‍ അക്കാര്യം പുറത്തു സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ നിന്നും മനസ്സിലാക്കാം.
ആദ്യപടിയായി ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടത്. പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. അതിനാല്‍ത്തന്നെ ഈ വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി എന്‍ഐഎ നല്‍കിയ കത്ത് കൈമാറിയിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും അടക്കമുള്ളവര്‍ക്ക് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വപ്ന സുരേഷ് എത്തിയിട്ടുണ്ടെന്നും വ്യക്തമായതാണ്. ഇതെല്ലാം യുഎഇ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ചോ, പിന്നീട് സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ആവശ്യങ്ങള്‍ക്കായോ ആണെന്നാണ് ഇതുവരെയുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ത്തന്നെയാണ് ശിവശങ്കറിന്റെ ഓഫീസും. ഇവിടെയും പ്രതികള്‍ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫീസുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ തേടുന്നത്.
ശിവശങ്കറിന്റെ ഓഫീസിലേക്ക് സ്വപ്ന വന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. എന്നാല്‍ സരിത്തും സന്ദീപും സെക്രട്ടേറിയറ്റിലെത്തിയാല്‍ അതിന്റെ മറുപടി ശിവശങ്കര്‍ തന്നെ പറയേണ്ടി വരും."
https://www.facebook.com/Malayalivartha
























