കിടപ്പുരോഗിക്ക് ഒരു വര്‍ഷമായി സാമൂഹിക സുരക്ഷാപെന്‍ഷനില്ല, രണ്ട് കൈകളുടെയും വിരലുകള്‍ നിവര്‍ക്കാന്‍ സാധിക്കാത്ത തിനാല്‍ വിരലടയാളം പതിപ്പിക്കാന്‍ കഴിയുന്നില്ല!

കവുങ്ങുംപാലം മഞ്ഞപ്പള്ളി എം.യു.ആന്റണി ( ജോണി-64 ) ദുരിതത്തില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം ആയി. രോഗത്തെ തുടര്‍ന്നു രണ്ട് കൈകളുടെയും വിരലുകള്‍ നിവര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ആന്റണിക്ക് സാമൂഹിക സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നില്ല. പെന്‍ഷനു വേണ്ടി മസ്റ്ററിങ് നടത്തുന്നതിനു വിരല്‍ അടയാളം പതിപ്പിക്കാന്‍ ഒരു തവണ ശ്രമം നടത്തിയിരുന്നു. ആന്റണിയെ അക്ഷയ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിരല്‍ അടയാളം പതിപ്പിക്കല്‍ നടന്നില്ല. പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പെന്‍ഷന്‍ ലഭിക്കല്‍ സാങ്കേതിക കാരണം പറഞ്ഞു നീണ്ടു പോകുകയാണെന്നു പറയുന്നു.
28 വര്‍ഷം മുന്‍പ് നട്ടെല്ലു മുതല്‍ കഴുത്തു വരെ ദശ വളരുന്ന രോഗത്തെ തുടര്‍ന്നു ജോണിക്കു ശസ്ത്രക്രിയ നടത്തിയിരുന്നു. കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ആദ്യശസ്ത്രക്രിയയ്ക്കു ശേഷം വീണ്ടും ജോലി തുടങ്ങി എങ്കിലും 10 വര്‍ഷം മുന്‍പ് വീണ്ടും രോഗം തിരിച്ചെത്തി കിടപ്പു രോഗിയായി.
എഴുന്നേറ്റ് ഇരുത്തിയാലും കുറച്ചു കഴിയുമ്പോള്‍ വേച്ച് വീഴുന്നതിനാല്‍ കട്ടിലില്‍ തന്നെ ജീവിതം തള്ളി നീക്കുകയാണ്. ഭാര്യയുടെ സഹായവും പൂര്‍ണ സമയവും വേണം.ഡ്രൈവിങ് ജോലിക്കു പോയുള്ള മകന്റെ വരുമാനം ആണ് കുടുംബത്തിന്റെ ഏക ആശ്രയം.
കൈ വിരലുകള്‍ പൂര്‍ണമായും മടങ്ങിയേ ഇരിക്കു. പഞ്ചായത്തില്‍ നിന്നു വികലാംഗ പെന്‍ഷന്‍ നേരത്തേ ആന്റണിക്കു ലഭിച്ചിരുന്നതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മരുന്നു വാങ്ങുന്നതുള്‍പ്പെടെ ഈ തുക ആശ്രയമായിരുന്നു. ദുരിതത്തില്‍ കിടക്കുമ്പോള്‍ അധികൃതര്‍ ഓണക്കാലത്ത് എങ്കിലും പെന്‍ഷന്‍ അനുവദിക്കും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഇവര്‍.
https://www.facebook.com/Malayalivartha
























