ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചൈനയുടെ വ്യാമോഹം വിലപോയില്ല; ചൈനയ്ക്ക് വീണ്ടും തിരിച്ചടി നല്‍കിക്കൊണ്ട് അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു; ചൈന നിലംതൊടും മുമ്പേ ഡിജിറ്റല്‍ യുദ്ധം നടത്തി ഇന്ത്യ

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് ചൈന ശരിക്കും അറിഞ്ഞതിന് പിന്നാലെ ഇന്ത്യ ഡിജിറ്റല്‍ യുദ്ധവും തുടങ്ങിക്കഴിഞ്ഞു. ചൈനയുടെ സാമ്പത്തിക നട്ടെല്ലൊടിച്ച് പബ്ജിയുള്‍പ്പെടെ 118 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചിരിക്കുകയാണ്.
ചൈനയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം ഇന്ത്യന്‍ സേന ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുളള ഉയര്‍ന്ന പ്രദേശങ്ങളിലെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ തടാകത്തിന്റെ വടക്കന്‍ തീരത്തുളള ഉയര്‍ന്ന പ്രദേശങ്ങളുടെ നിയന്ത്രണവും കൈവശപ്പെടുത്തിയതായി സേനാ വൃത്തങ്ങള്‍
അറിയിച്ചു.
അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന് അഭിമുഖമായാണ് ഇന്ത്യന്‍ സൈന്യം നിലക്കൊളളുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിയന്ത്രണരേഖയില്‍ പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങളില്‍ സേനാ വിന്യാസത്തില്‍ ഇന്ത്യന്‍ സൈന്യം ചില മാറ്റങ്ങള്‍ വരുത്തിയതായും റിപ്പോര്‍ട്ടുകുളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയുടെ മണ്ണിലേക്ക് കടന്നുകയറാനുളള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. ഇതിലൂടെ പാംഗോങ് തടാകത്തിന്റെ തെക്കന്‍ മേഖലകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനായിരുന്നു ചൈനീസ് സൈന്യത്തിന്റെ നീക്കം. തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ കൈവശപ്പെടുത്താനുളള ചൈനയുടെ നീക്കമാണ് തടഞ്ഞതെന്നും ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ചൈനയുടെ മേഖലയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും സ്വന്തം പോസ്റ്റുകളില്‍ ആധിപത്യം ഉറപ്പിക്കാന്‍ സാധിച്ചുവെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. നിലവില്‍ പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍ ഇന്ത്യന്‍ സേന ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ ഫിംഗര്‍ നാലില്‍ നിയന്ത്രണം ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ സൈനിക വൃത്തങ്ങള്‍ തളളി.
ലഡാക്കിലെ ചുഷൂല്‍ ഗ്രാമത്തില്‍ കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം സേന പരാജയപ്പെടുത്തിയതിനു പിന്നാലെ, ജനപ്രിയ മൊബൈല്‍ ഗെയിമായ പബ്ജിയുള്‍പ്പെടെ ചൈനയുടെ 118 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര ഐ.ടി മന്ത്രാലയം നിരോധിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ നിരോധിക്കുന്നെന്നാണ് വിശദീകരണമെങ്കിലും ആവര്‍ത്തിക്കുന്ന പ്രകോപനത്തിനുള്ള ശക്തമായ മറുപടിയാണ് നിരോധനമെന്ന് വ്യക്തം. ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള അഞ്ച് ഗെയിമുകളിലൊന്നാണ് പബ്ജി. ഇന്ത്യയില്‍ മാത്രം 3.3 കോടിയിലധികം പേര്‍ ഉപയോഗിക്കുന്നു.
വിദേശത്ത് സെര്‍വറുള്ള ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാവുന്ന നടപടികളുടെ പേരില്‍ ഐ.ടി നിയമത്തിലെ 69 എ പ്രകാരമാണ് നിരോധനം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന്റെ ശുപാര്‍ശയിലാണ് നടപടി.
അതിര്‍ത്തിയില്‍ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ജൂലായില്‍ ടിക് ടോക് ഉള്‍പ്പെടെ 58 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇവയുടെ വ്യാജ പതിപ്പുകളെയും പിന്നീട് നിരോധിച്ചു. വി ചാറ്റ്, ആലിബാബ, ഷിയോമി അനുബന്ധ ആപ്പുകളും ഇന്നലത്തെ പട്ടികയിലുണ്ട്. ഇതോടെ കായികമായും സാമ്പത്തികമായും ചൈനയ്ക്ക് ഏറെ നഷ്ടങ്ങളുടെ ദിനങ്ങളാണ് ഇന്ത്യ സമ്മാനിച്ചത്. ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുക തന്നെ ചെയ്യും.
"
https://www.facebook.com/Malayalivartha
























