സ്വപ്നത്തിനതിരുകളില്ലല്ലോ... സ്വര്‍ണത്തില്‍ ഒരു മയക്ക് മരുന്നിന്റെ രുചി വന്നതോടെ കാര്യങ്ങള്‍ കൊഴുത്തു; സ്വപ്ന സുരേഷും സരിത്തും തമ്മിലുള്ള പ്രണയം പൂത്തുലയാന്‍ വാഗ്ദാനം നല്‍കിയത് റമീസ്; ആ റമീസിനെ ആഫ്രിക്കയിലെത്തിച്ചത് പിടിയിലായ നടിയുടെ ഭര്‍ത്താവ്; സ്വര്‍ണം ആഫ്രിക്ക വഴി ഒഴുകിയപ്പോള്‍ സംഭവിച്ചത്

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക വഴിത്തിരിവായി മാറുകയാണ് മയക്കു മരുന്ന് മാഫിയയുടെ അറസ്റ്റ്. സ്വര്‍ണക്കടത്തിനും മയക്കു മരുന്ന് സംഘത്തിനും തമ്മില്‍ വലിയ ബന്ധമുണ്ടന്നാണ് ഇതോടെ പുറത്ത് വരുന്നത്. അഞ്ചാം പ്രതി കെ.ടി. റമീസിന്റെ ആഫ്രിക്കന്‍ ബന്ധത്തിനു പിന്നില്‍ ബംഗളൂരു ലഹരിവേട്ടയില്‍ പിടിയിലായ കര്‍ണാടക സീരിയല്‍ ടി.വി. താരത്തിന്റെ ആഫ്രിക്കക്കാരനായ ഭര്‍ത്താവെന്നാണ് സൂചന. ഇദ്ദേഹം രാജ്യാന്തര സ്വര്‍ണക്കടത്ത് ലഹരിമരുന്നു കടത്തിലെ മുഖ്യകണ്ണിയാണെന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു വിവരം ലഭിച്ചു. സ്വര്‍ണക്കടത്തു സംഘത്തിലെ പലര്‍ക്കും ഇദ്ദേഹവുമായി ബന്ധമുണ്ട്.
ഈ കഥ പുറത്ത് വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു കഥ നമ്മള്‍ കേട്ടതാണ്. സ്വപ്നയെയും സരിത്തിനെയും കുറിച്ച് ഏറെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത് എന്‍ഐഎയാണ്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നയും സരിത്തും വിവാഹം കഴിച്ച് ഇന്ത്യ വിടാന്‍ പദ്ധതി ഇട്ടിരുന്നു. വിവാഹിതരായി റമീസിന്റെ സഹായത്തോടെ ടാന്‍സാനിയയില്‍ പോയി ജീവിക്കാനായിരുന്നു ഉദ്ദേശം. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ വാദത്തിലായിരുന്നു എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
ടാന്‍സാനിയയില്‍ നിന്നുള്ള കള്ളക്കടത്ത് വ്യാപകമായ ഘട്ടത്തില്‍ ആയിരുന്നു ഈ ആലോചന. സരിത്തിന്റെ വിവാഹ ബന്ധം വേര്‍പെടുത്തിയശേഷം മറ്റ് കുടുംബാംഗങ്ങളെയെല്ലാം വിട്ട് വിദേശത്തേക്ക് കടന്ന് അവിടെ ഒരുമിച്ചു ജീവിക്കാനായിരുന്നു തീരുമാനം. കെ.ടി. റമീസിന്റെ ഒത്താശയോടെയാണ് ഇവര്‍ പദ്ധതി പഌന്‍ ചെയ്തിരുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ മറ്റു കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് സ്വപ്നയും സരിത്തും മുംബെയില്‍ എത്തണമെന്നും അവിടെ നിന്ന് വിദേശത്തേക്ക് പറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും റമീസ് വാഗ്ദാനം നല്‍കിയിരുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.
ഇതിന് പിന്നാലെയാണ് സീരിയല്‍ നടി പിടിയിലാകുന്നതും നടിയുടെ ഭര്‍ത്താവിന്റെ സ്വര്‍ണക്കടത്ത് ബന്ധം പുറത്താകുന്നതും. നടിയുടെ ഭര്‍ത്താവ് വഴി ആഫ്രിക്കയില്‍നിന്നും കടത്തിയ സ്വര്‍ണമാണു ദുബായ് വഴി കൊണ്ടുവന്നതെന്നാണു നിഗമനം. വിശദാംശങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് അന്വേഷിച്ചുവരികയാണ്. ബംഗളുരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ നിന്നാണു കഴിഞ്ഞമാസം ആദ്യവാരം 145 എഡിഎം ലഹരിഗുളികകള്‍ പിടിച്ചെടുത്തത്. തുടര്‍ന്നു നടത്തിയ റെയ്ഡില്‍ നടിയുടെ വീട്ടില്‍ നിന്നു വന്‍ ലഹരിമരുന്നു ശേഖരം പിടികൂടിയിരുന്നു.
നടിക്കൊപ്പം ലഹരിക്കടത്തില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കെ.ടി. റമീസുമായി അടുത്തബന്ധമാണ്. റമീസിനെ ആഫ്രിക്കന്‍ സ്വര്‍ണക്കടത്തു സംഘവുമായി പരിചയപ്പെടുത്തിയത് അനൂപാണെന്നു സംശയിക്കുന്നു. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് ബംഗളുരുവിലേക്കു കടന്നതും റമീസിന്റെ ഉപദേശം വാങ്ങിയാണ്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായി കേരളം വിടുന്ന പിടികിട്ടാപ്പുള്ളികള്‍ക്കു വിദേശത്തു സുരക്ഷ ഒരുക്കി സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. സ്വര്‍ണം കയറ്റിവിട്ട ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ളവരെ തേടി എന്‍.ഐ.എ. സംഘം ദുബായിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരെല്ലാം ആഫ്രിക്കയിലേക്കു കടന്നതായി സംശയമുണ്ട്.
ഇങ്ങനെ സ്വര്‍ണക്കടത്തും മയക്കുമരുന്നു കടത്തും തമ്മിലുള്ള അഭേദ്യ ബന്ധമായി സ്വര്‍ണക്കടത്ത് കേസ് മാറുകയാണ്. ഇവരെല്ലാം തന്നെ പ്രവര്‍ത്തിച്ചതാകട്ടെ ഒരു കണ്ണി പോലെയാണ്. ഈ കണ്ണികളെ കൂട്ടിയോജിപ്പിച്ച് അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ദേശീയ ഏജന്‍സികള്‍.
"
https://www.facebook.com/Malayalivartha
























