അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കബറടക്കം പുളിവളപ്പ് മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തി.
കുട്ടികളുടെ രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുന്ന അപൂര്‍വ രോഗമാണ് കവാസാക്കി. പകരുന്ന രോഗമല്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പനി കൂടിയതോടെ ചൊവ്വാഴ്ചയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ ചുവന്ന തടിപ്പുകളുണ്ടായിരുന്നു. നാക്ക് അമിതമായി ചുവന്നിരുന്നു. ഈ ലക്ഷണങ്ങള്‍ വിലയിരുത്തിയ ത്വക്ക് രോഗ ഡോക്ടറാണ് കവാസാക്കി രോഗം ആകാന്‍ ഇടയുണ്ടെന്നു സൂചിപ്പിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ച്ചയായ ദിവസങ്ങളില്‍ 104 ഡിഗ്രിക്കടുത്ത് പനിയുണ്ടായിരുന്നു. അലര്‍ജിക്കുള്ള ആന്റിബയോട്ടിക്ക് മരുന്നും പനിക്കുള്ള സാധാരണ മരുന്നുകളും കൊടുത്തിട്ട് ഫലിക്കാതെ വന്നതോടെയാണ് ഡോക്ടര്‍മാരും കവാസാക്കി രോഗമാകാമെന്ന് സംശയിച്ചത്. മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ ഹൃദയമിടിപ്പ് കുറഞ്ഞിരുന്നു. കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും ചുവന്നു. രോഗലക്ഷണങ്ങള്‍ കവാസാക്കിയുടേതാണ് എന്ന വിലയിരുത്തി അതിനുള്ള ചികിത്സ നല്‍കി വരുന്നതിനിടെയാണ് മരണം ഉണ്ടായത്.
പകര്‍ച്ചവ്യാധി അല്ലാത്ത ഈ രോഗം കുട്ടികളില്‍ അപൂര്‍വമായാണ് കണ്ടുവരുന്നത്. കുട്ടികളില്‍ അഞ്ചു ദിവസത്തിലധികം നീളുന്ന പനി ഉണ്ടെങ്കില്‍ ശ്രദ്ധ വേണം. പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്ക് പുറമേ നാക്കും (സ്‌ട്രോബറി ടങ്), കണ്ണും ചുവന്നു പോകുന്ന അവസ്ഥ, കഴുത്തില്‍ വീക്കം, ശരീരത്തിലെ നീര്‍ക്കെട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. രക്ത പരിശോധന വഴിയോ ഏതെങ്കിലും തരത്തിലുള്ള മറ്റു പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാന്‍ കഴിയില്ല. ചില കുട്ടികളില്‍ ചുമ, ജലദോഷം, വയറിളക്കം, ഛര്‍ദി ഒന്നും ഇല്ലാതെ പനി മാത്രമായും കണ്ടു വരുന്നു.
തുടര്‍ച്ചയായി അഞ്ചു ദിവസം പനി, പീള കെട്ടാതെ കണ്ണു ചുവക്കുക, കഴുത്തുവീക്കം, കൈകാലുകളില്‍ നീരുവയ്ക്കുക, ചുണ്ട്, നാക്ക് എന്നിവ ചുവക്കുക തുടങ്ങിയ അഞ്ചു ലക്ഷണങ്ങളില്‍ നാലെണ്ണം ഉണ്ടെങ്കില്‍ അത് കവാസാക്കിയാകാം എന്നാണ് സൂചന. രോഗലക്ഷണങ്ങള്‍ വിലയിരുത്തിയാണ് രോഗം കണ്ടെത്തുന്നത്. പനി മൂര്‍ച്ഛിച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ.
https://www.facebook.com/Malayalivartha
























