ഇനിയൊരു തീപ്പൊരി ഒഴിവാക്കാന്‍... ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തത് കാരണം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നു; സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തെ കുറിച്ച് ആശങ്കാജനകമായ കണ്ടെത്തലുകള്‍ ഫൊറന്‍സിക് നടത്തിയതായി സൂചന

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തെ കുറിച്ച് ആശങ്കാജനകമായ കണ്ടെത്തലുകള്‍ ഫൊറന്‍സിക് നടത്തിയതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ നേതാക്കള്‍ക്കും ഇതുസംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അന്തിമ റിപ്പോര്‍ട്ട് വൈകുന്നുവെന്നാണ് വിശദീകരണം. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് വൈകലിനു കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
സെക്രട്ടറിയേറ്റ് തീപിടുത്തത്തെ പറ്റിയുളള ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും രണ്ടോ മൂന്നോ ദിവസം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. തീപിടുത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്ന് ഫയര്‍ ഫോഴ്‌സും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയാലേ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാവൂ.
ഓണാവധി കാരണമാണ് റിപ്പോര്‍ട്ട് വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് വൈകാനുളള കാരണമായി ഇതും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ചീഫ് ഓഫീസര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട മറ്റാര്‍ക്കും രോഗം വ്യാപിച്ചിട്ടില്ല. പരമാവധി വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമമെന്നും കഴിയുമെങ്കില്‍ ഈയാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസും,ഡോക്ടര്‍ എ കൗശിഗന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തുന്നത്. രണ്ടും സര്‍ക്കാരിന്റെ വിശ്വസ്തരാണ് .
പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി തന്നെയാണ് ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ആദ്യം പുറത്തുവിട്ടത്. പൊതുഭരണ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന കള്ളക്കടത്തില്‍ ആരോപണവിധേയനായ ഷൈന്‍ എ ഹക്കും അസീഷണല്‍ സെക്രട്ടറി പി. ഹണിയും തമ്മിലുള്ള സി പി എം ഗ്രൂപ്പാണ് ആരോപണത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിരുന്നു. കള്ളക്കടത്ത് സംഘത്തിന് എന്‍ . ഒ. സി. ഒപ്പിട്ട് നല്‍കിയത് പ്രോട്ടോക്കോള്‍ ഓഫീസറാണെന്നാണ് ആരോപണം. ഇക്കാര്യം സെക്രട്ടേറിയറ്റിലെ സി പി എം സംഘടനകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രോട്ടോക്കോളിന് മുഖ്യന്ത്രിയുടെ ഓഫീസിലുള്ള ബന്ധം കാരണം അദ്ദേഹത്തെ തൊടാന്‍ കഴിഞ്ഞിട്ടില്ല. ആരോപണം ഉയര്‍ന്നിട്ടും ഷൈന്‍ എ ഹക്കിനെ തത്സ്ഥാനത്ത് നിന്ന് നീക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതും സംഘടനക്കുള്ളില്‍ ഇത് അമര്‍ഷത്തിന് കാരണമായിട്ടുള്ളതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രോട്ടോക്കോള്‍ വിഭാഗം കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം നിലവിലുള്ള ഹാളാണ്. ഇവിടെത്തെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തന്നെ പുതിയവയുമാണ്. എ.സി. മുറിയില്‍ ആരും ഫാന്‍ പ്രവര്‍ത്തിപ്പിക്കാറില്ല. സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാം. എന്നാല്‍ അന്വേഷണ സംഘം ആരെയും ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം പരമാവധി വൈകിച്ച് വിവാദം ഇല്ലാതാക്കാനാണ് ശ്രമം.
സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം പോലെ അതീവ പ്രാധാന്യമുള്ള ഒരു കേസില്‍ ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് താമസിപ്പിച്ചുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുക പ്രയാസമാണ്. ഫൊറന്‍സിക് വിഭാഗത്തിന് അവധിയില്ല. പ്രധാനപ്പെട്ട കേസുകളില്‍ 24 മണിക്കൂര്‍ കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് ഇവര്‍ കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അവധിയിലാണെങ്കില്‍ തന്നെ അവരെ വിളിച്ചുവരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇവിടെ സാക്ഷാല്‍ മുഖ്യമന്ത്രി നേരിട്ടാണ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുമോ എന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. സര്‍ക്കാര്‍ രഹസ്യമായി ചെയ്യുന്ന കാര്യങ്ങളെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് അറിയേണ്ടവര്‍ അറിയുന്നത്.
"
https://www.facebook.com/Malayalivartha
























