കേരള രാഷ്ട്രീയത്തിൽ പൊട്ടിത്തെറി! ബിനീഷ് കോടിയേരി അനൂപ് മുഹമ്മദിന്റെ ബിനാമി, സ്വപ്‌നയെ പിടികൂടിയ ദിവസം അനൂപും ബിനീഷും ഫോണില്‍ ബന്ധപ്പെട്ടത് 23 തവണ.. എ.കെ.ജി സെന്റർ കള്ളക്കടത്ത് സംഘത്തിന്റെ താവളമാക്കിയെന്ന് കെ.സുരേന്ദ്രൻ! അനൂപിന്റെ കാരിയര്‍മാരായി റഷ്യന്‍, ഇറാനിയന്‍ യുവതികള്‍; വമ്പന്മാരെ പുറത്ത് ചാടിക്കാൻ ഇ.ഡി

ബംഗളുരുവില്‍ പിടിയിലായ മലയാളി ലഹരിമരുന്നു സംഘവും തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതികളും തമ്മിലുള്ള ബന്ധത്തിലേക്കും അന്വേഷണം നീങ്ങുകയാണ്. തിരുവനന്തപുരത്തുനിന്ന് എന്‍.ഐ.എയെ വെട്ടിച്ച് ബംഗളുരുവിലേക്കു കടക്കാനും അവിടെ ഹോട്ടല്‍മുറി തരപ്പെടുത്താനും സ്വപ്‌ന സുരേഷിനും സരിത്തിനും മയക്കുമരുന്നുകേസില്‍ അറസ്‌റ്റിലായ അനൂപ് മുഹമ്മദിന്റെ സഹായം കിട്ടിയിരുന്നോ എന്നാണു പരിശോധന.
അനൂപിന്റെ ഉറ്റ സുഹൃത്തും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകനുമായ ബിനീഷിന്റെ പങ്കും അന്വേഷിക്കു.കയാണ്.സ്വര്‍ണക്കടത്തു കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസിനു മയക്കുമരുന്നു കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനു (ഇ.ഡി.) ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതു സ്‌ഥിരീകരിക്കാനായി റമീസിനെയും സ്വപ്‌നയെയും ജയിലിലെത്തി ചോദ്യംചെയ്യും. ലഹരികടത്തും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നതിനാലാണ് ഇ.ഡി. അന്വേഷിക്കുന്നത്.
അനൂപിനും ഒപ്പം പിടിയിലായ പാലക്കാട് സ്വദേശിനിയും കന്നട നടിയുമായ അനിഖയ്‌ക്കും റമീസുമായി ബന്ധമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ.ഡി. ബംഗളുരു പോലീസിനോടും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ചോദിച്ചിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയില്‍ പറയുന്ന ചില വ്യക്‌തികളുമായി മയക്കുമരുന്ന് സംഘം ബന്ധപ്പെട്ടിരുന്നോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്.
അനൂപിനു കൊച്ചിയിലും ബംഗളുരുവിലുമുള്ള ബന്ധങ്ങളും അന്വേഷിക്കുന്നു. വ്യക്‌തമായ സൂചനകള്‍ ലഭിച്ചാല്‍ അനൂപിനെയും ബിനീഷിനെയും ചോദ്യംചെയ്യും. അനൂപിനു ഹോട്ടല്‍ തുടങ്ങാനായി ആറുലക്ഷം രൂപ നല്‍കിയെന്ന് ബിനീഷ് സമ്മതിച്ചിരുന്നു. എന്നാല്‍ ബിനീഷിന്റെ പല ബിസിനസുകളുടെയും ബിനാമിയാണ് അനൂപെന്ന ആരോപണം ശക്‌തമാണ്.
അനൂപ് ഇടനിലയായി ചില ഭൂമി ഇടപാടുകളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്‌നയെ ബംഗളുരുവില്‍നിന്നു പിടികൂടിയ ജൂലൈ പത്തിന് അനൂപും ബിനീഷും തമ്മില്‍ 23 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നു കണ്ടെത്തി.കാരിയര്‍മാരായി ഉപയോഗിക്കാനായും മോഡലിങിനും ഇവന്റ് മാനേജ്‌മെന്റിനുമായും റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനും ഉള്ളതായി സൂചനയുണ്ട്. നേരത്തെ ബംഗളുരുവിലെ ഹോട്ടലില്‍നിന്നു മയക്കുമരുന്നുമായി പിടിയിലായ റഷ്യന്‍ യുവതിയുടെ ലാപ്‌ടോപ്പില്‍നിന്ന് പ്രതികളോടൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു.
അതേസമയം മയക്കമരുന്ന്, സ്വർണക്കള്ളക്കടത്ത് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിലെ പ്രതി അനുപ് മുഹമ്മദിന്റെ ബിനാമി പാർട്ണർ ആണെന്നും എ.കെ.ജി സെന്ററിനെ കള്ളക്കടത്ത് സംഘങ്ങളുടെ താവളമാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ രാജിക്കായി ബി.ജെ.പി നടത്തുന്ന പോരാട്ടം തുടരും. രാജി അനിവാര്യമാകുന്നുവെന്ന് തെളിവുകൾ ബോധ്യപ്പെടുത്തുന്നൂ. ഇന്ന് വളരെ സുപ്രധാനമായ ദിവസമാണ്. മുഖ്യമന്ത്രിക്ക് രാജിവയ്ക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ്.
അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല. കാത്തിരുന്നു കാണാം- സുരേന്ദ്രൻ പറഞ്ഞു.അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം എ.കെ.ജി സെന്ററും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘത്തിന് എല്ലാ ഒത്താശയും ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്. എന്നാൽ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും മറ്റ് ജീവനക്കാർക്കും അനുയായികൾക്കും മാത്രമല്ല, ഭരണ നേതൃത്വം നൽകുന്ന പാർട്ടിയുടെ നേരിട്ടുള്ള പങ്കാളിത്തവും പുറത്തുവന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി ഓഫീസും ഒരുപോലെ പ്രതികൂട്ടിലായിരിക്കുകയാണ്. എൻ.ഐ.എ കോടതിയിൽ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ സ്വർണക്കള്ളക്കടത്ത് സംഘത്തിന് രാജ്യത്തെ മത തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ട്.
വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നും പറയുന്നു. അതുകൊണ്ടാണ് ഈ കേസ് കസ്റ്റംസ് മാത്രം അന്വേഷിച്ചാൽ പോര, ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റും അന്വേഷിക്കണമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്. എൻ.ഐ.എയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണ് സ്വർണക്കള്ളക്കടത്ത് സംഘത്തിന് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ട് എന്നത്.
തിരുവോണ ദിവസം ഈ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച് താൻ സൂചന നൽകിയിരുന്നു. ഇന്നിപ്പോൾ ആ സംഭവം സജീവമായ വാർത്തയായി വന്നിരിക്കുകയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ സുപ്രധാന കണ്ണിയെ ബംഗലൂരുവിൽ നർക്കോട്ടിക്‌സ് സംഘം അറസ്റ്റു ചെയ്തിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് കർണാടകത്തിലെയും കേരളത്തിലെയും ചില സിനിമ താരങ്ങൾക്കും സുപ്രധാന ചില രാഷ്ട്രീയ സംഘടനയിലെ അംഗങ്ങൾക്കും മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നു കണ്ടെത്തുന്നത്. നർക്കോട്ടിക്‌സ് വിഭാഗം ബംഗലൂരുവിലെ കോടതിയിൽ നൽകിയ മൊഴിപ്പകർപ്പുകളിലും അനുബന്ധ റിപ്പോർട്ടുകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
നേരത്തെ താൻ രാഷ്ട്രീയ നേതാവിന്റെ പേരോ മകന്റെ പേരോ പറഞ്ഞിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ബംഗലൂരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ബിനാമി പാർട്ണർ ആണ്. അദ്ദേഹം നടത്തുന്ന മയക്കുമരുന്നു കച്ചവടത്തിൽ പണം മുടക്കിയിട്ടുള്ളവരിൽ ഒരാൾ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനാണ്. 2018 മുതൽ അനൂപ് മുഹമ്മദും സംഘവും നടത്തുന്ന മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് നർക്കോട്ടിക്‌സ് വിഭാഗം കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകിക്കഴിഞ്ഞു.
2012 മുതൽ അനൂപ് മുഹമ്മദുമായി തനിക്ക് ബന്ധമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകൻ സമ്മതിച്ചുകഴിഞ്ഞു. അനൂപ് മുഹമ്മദും സംഘവും നടത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഇടപാടിൽ പണം മുടക്കിക്കൊണ്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ കുറിച്ച് ആ പാർട്ടി എന്താണ് ഒരക്ഷരവും പറയാത്തത്.നേരത്തെ, ചില അശ്ലീല ഇടപാടുകൾ വന്നപ്പോൾ ചില സി.പി.എം നേതാക്കൾ പറഞ്ഞു, മക്കൾ ചെയ്ത തെറ്റുകൾക്ക് പാർട്ടി ഉത്തരം പറയേണ്ട ആവശ്യമില്ലെന്ന്. എന്നാൽ ഇത് അത്തരം ഇടപാടല്ല. രാജ്യത്തെ ഗൗരവമായി ബാധിക്കുന്ന മയക്കുമരുന്ന് ഇടപാടാണ്. അതിലെ സുപ്രധാന കണ്ണിയാണ് ബംഗലൂരുവിൽ അറസ്റ്റിലായത്. അനൂപ് മുഹമ്മദിന്റെ മൊഴിയിൽ ഈ ഇടപാടുകൾക്ക് ബിനീഷ് കോടിയേരി തനിക്ക് പണം നൽകിയെന്നാണ്.
എന്നാൽ ബിനീഷ് പറയുന്നത് ഹോട്ടൽ തുടങ്ങാൻ പണം നൽകിയെന്ന്. അത് അവിശ്വസനീയമാണ്. 2012 മുതൽ അവർ നടത്തിക്കൊണ്ടിരിക്കുന്നത് മയക്കുമരുന്ന കച്ചവടമാണ്. വെറും ആറു ലക്ഷം രൂപയാണ് മുതൽ മുടക്കിയതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പോലീസും തയ്യാറാകണം. കാരണം, സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപ് മുഹമ്മദിനെ ബിനീഷ് കോടിയേരി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യപ്രതി റമീസുമായി അടുത്ത ബന്ധമുള്ളയാളാണ് അനൂപ് മുഹമ്മദ്. ഇവർ അടുത്ത സുഹൃത്തും ഒരുമിച്ച് കച്ചവടം നടത്തുന്നവരുമാണ്. ഇവരുമായി ബിനീഷ് കോടിയേരി ബന്ധം പുലർത്തിയിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
സ്വർണക്കള്ളക്കടത്ത് പ്രതികളെ ഒളിപ്പിക്കാൻ ഏ.കെ.ജി സെന്റർ ഉപയോഗിച്ചോ എന്ന ഗുരുതരമായ ചോദ്യമാണ് ഉയരുന്നത്. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾ എങ്ങനെയാണ് ബംഗലൂരുവിലേക്ക് മുങ്ങിയതെന്നും അവർക്ക് അവിടെ ആരാണ് സഹായം ചെയ്തു നൽകിയതെന്നും അറിയേണ്ടതുണ്ട്.
സ്വപ്‌നയ്ക്കും കൂട്ടർക്കും ബംഗലൂരുവിൽ ഹോട്ടലിൽ താമസിക്കാൻ ബിനീഷ് സഹായം ചെയ്‌തോ എന്നറിയേണ്ടതുണ്ട്. അനൂപ് മുഹമ്മദുമായും റമീസുമായി കോടിയേരി ബാലകൃഷ്ണന്റെ മകനുള്ള ബന്ധം പോലീസ് പരിശോധിക്കേണ്ടതുണ്ട്. സ്വപ്‌നയ്ക്ക് അധികാര കേന്ദ്രങ്ങളിൽ വലിയ സ്വാധീനമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബിനീഷ് കോടിയേരിക്ക് ഈ പ്രതികളുമായും മയക്കുമരുന്ന് സംഘവുമായുള്ള ബന്ധത്തെ കുറിച്ച് പാർട്ടി സെക്രട്ടറിയേറ്റ് അന്വേഷിക്കുകയും ജനങ്ങളോട് മറുപടി പറയുകയും വേണം. സി.പി.എം പാലക്കാട് പ്ലീനം ചേർന്ന് എടുത്ത തീരുമാനപ്രകാരം പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും വിമർശനങ്ങൾക്ക് ശരിയായ വിധത്തിൽ മറുപടി പറയണം, പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും സുതാര്യത പുലർത്തണമെന്നും തെറ്റുതിരുത്തൽ രേഖയിൽ പറയുന്നു.
ബിഹാർ കേസു പോലെ ഈ മയക്കുമരുന്ന് കേസിനെ ഒതുക്കികളയാൻ പറ്റില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ നടന്ന മയക്കുമരുന്ന് നിശാപാർട്ടിയെ കുറിച്ച് സംസ്ഥാന പോലീസ് അന്വേഷിക്കണം. സിനിമ സെറ്റുകളിൽ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നതെന്താണെന്ന് അറിയാത്ത നിർഗുണ പരബ്രഹ്മമായി എന്തിനാണ് പിണറായി അധികാരത്തിൽ കടിച്ചുതൂങ്ങുന്നത്. കൂടുതൽ പരിഹാസ്യനാകുന്നതിനു മുൻപ് രാജിവച്ച് പുറത്തുപോകണമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കാതെ ബി.ജെ.പിയുടെ സമരം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























