ആലത്തൂര്‍ കാളിക്കൊല്ലി വനത്തില്‍ കൊമ്പനാനകള്‍ ഏറ്റുമുട്ടി; കാട്ടുകൊമ്പന്‍ ചരിഞ്ഞു

തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ റേഞ്ചില്‍ ഉള്‍പ്പെട്ട ആലത്തൂര്‍ കാളിക്കൊല്ലി വനത്തില്‍ കൊമ്പനാനകള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കാട്ടുകൊമ്പന്‍ ചരിഞ്ഞു. 45 വയസ്സ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്.
വനത്തില്‍ ഈ പ്രദേശത്ത് കാവലുണ്ടായിരുന്ന വാച്ചര്‍മാര്‍ വനത്തിലുള്ളില്‍ നിന്ന് ആനകള്‍ ഏറ്റുമുട്ടുന്ന ശബ്ദം കേട്ടിരുന്നു. ആനകളുടെ ശബ്ദം കേട്ട ഭാഗത്ത് ഇന്നലെ രാവിലെ പോയി നോക്കിയപ്പോഴാണ് ഒരു കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആസകലം മുറിവുകള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയാണ് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി. പരസ്പരം ഉണ്ടായ ഏറ്റുമുട്ടലില്‍ ആന്തരിക അവയവങ്ങള്‍ക്കേറ്റ ഗുരുതര പരുക്കാണു മരണ കാരണമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. വനത്തില്‍ തന്നെ കുഴിയെടുത്ത് ജഡം മറവു ചെയ്തു.
നോര്‍ത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയി, ബേഗൂര്‍ റേഞ്ച് ഓഫിസര്‍ വി. രതീശന്‍, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.
ഒന്നര പതിറ്റാണ്ട് മുന്‍പ് ബേഗൂര്‍ റേഞ്ചില്‍ തന്നെ തെറ്റ് റോഡ് ജംക്ഷന് സമീപം 2 കൊമ്പന്‍മാര്‍ ഏറ്റുമുട്ടുകയും ഒരു കൊമ്പന്‍ ചരിയുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും വനപാലകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















